തിരുവനന്തപുരം: തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കസ്റ്റഡിയില്‍ ഇരിക്കെയുണ്ടായ നെഞ്ചുവേദനയെ തുടര്‍ന്ന് യുവാവ് മരിച്ചെന്നാണ് പൊലീസ് വിശദീകരണം.
എന്നാല്‍ ലോക്കപ്പ് മര്‍ദ്ദനമുണ്ടായെന്ന് ബന്ധുക്കളും ദൃക്സാക്ഷികളും പറയുന്നു. പ്രതിയെ കസ്റ്റഡിയില്‍ എടുത്ത ഉടന്‍ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാനം താറുമാറായ പൊതു സാഹചര്യത്തില്‍ ലോക്കപ്പ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് സുരേഷ് എന്ന യുവാവ് മരിച്ചതെന്ന ബന്ധുക്കളുടെ ആരോപണം മുഖവിലയ്ക്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഗുണ്ടാ വിളായട്ടവും പൊലീസ് അതിക്രമങ്ങളും ജന ജീവിതത്തിന് വെല്ലുവിളിയായിട്ട് കാലങ്ങളായി. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ പൊലീസ് സേന അവരുടെ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്നു മാത്രമല്ല കസ്റ്റഡി മരണങ്ങളും പൊലീസ് അതിക്രമങ്ങളും വ്യാപകമാകുകയും ചെയ്യുന്നു. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പിലുള്ള നിയന്ത്രണം നഷ്ടപ്പെട്ടിട്ട് നാളേറെയായി. പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന പ്രതിപക്ഷ ആവശ്യം ശരിയെന്നു തെളിയെന്നു സംഭവങ്ങളാണ് ഓരോ മണിക്കൂറിലും നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു.
പൊലീസ് കസ്റ്റഡിയിലെടുത്ത നെല്ലിക്കുന്ന് സ്വദേശി സുരേഷ് കുമാർ ഇന്ന് രവിലെയാണ് മരിച്ചത്. സുരേഷ് കുമാർ ഉൾപ്പെടെ അഞ്ചു പേരെ തിരുവല്ലം പൊലീസ് ഇന്നലെ രാതിയാണ് കസ്റ്റഡിയിലെടുത്തത്. സദാചാര പൊലീസ് ചമഞ്ഞ് ദമ്പതികളെ അക്രമിച്ച കേസിലായിരുന്നു അറസ്റ്റ്. ഇന്ന് രാവിലെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സുരേഷ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ വച്ച് മരണപ്പെടുകയുമായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ സുരേഷ് കുമാറിനെ പൊലീസ് ഉപദ്രവിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം. സുരേഷിന്റെ മരണത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.
Also Read: കോവളം എംഎല്‍എയുടെ കാര്‍ തകര്‍ത്ത സംഭവം; ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്നെന്ന് സതീശന്