കൊച്ചി: നരബലിയുടെ ഭാഗമായി രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന സംഭവത്തിൽ പ്രതികരിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ്.നാഗരാജു. സംശയിക്കുന്നത് ശരിയാണെങ്കില്‍ ഇതൊരു ഞെട്ടിപ്പിക്കുന്ന കേസാണ്. അസാധാരണ സംഭവമാണിത്. ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും പ്രതികൾ കുറ്റം സമ്മതിച്ചുവെന്നും കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു. നരബലിയാണോ എന്നത് സംബന്ധിച്ച കാര്യത്തില്‍ വൈകുന്നേരത്തോടെ വ്യക്ത വരുമെന്നും അദ്ദേഹം അറിയിച്ചു.
എറണാകുളം ജില്ലയില്‍ നിന്ന് രണ്ട് സത്രീകളെ കാണാതായ സംഭവത്തിലാണ് നരബലി നടന്നതായി സൂചന. തിരുവല്ലയിലെ ദമ്പതിമാര്‍ക്കു വേണ്ടി എറണാകുളം ജില്ലയിലെ രണ്ടു സ്ത്രീകളെ ബലി നല്‍കിയെന്നാണ് വിവരം. പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് റഷീദാണ് സ്ത്രീകളെ എത്തിച്ചു നല്‍കിയതെന്നാണ് പുറത്ത് വരുന്ന വിവരം.
കാലടി സ്വദേശിയായ റോസ്‌ലിൻ, കടവന്ത്ര പൊന്നുരുന്നി സ്വദേശിയായ പത്മയുമാണ് കൊല്ലപ്പെട്ടത്. സെപ്റ്റംപര്‍ 27 ന് കടവന്ത്രയില്‍ നിന്ന് കാണാതായ ലോട്ടറി വില്‍പനക്കാരിയായ പത്മക്കായുള്ള അന്വേഷണത്തിലാണ് കേസ് നരബലിയാണോ എന്ന സംശയത്തിലേക്ക് പൊലീസ് എത്തിയത്. കടവന്ത്ര സ്വദേശി കൊല്ലപ്പെട്ടെന്ന് വ്യക്തമായതിന് പിന്നാലെയാണ് കാലടി സ്വദേശിയായ സ്ത്രീയും കൊല്ലപ്പെട്ടെന്ന് കണ്ടെത്തിയത്. കാലടിയില്‍ ലോട്ടറി കച്ചവടം നടത്തുന്ന ഇടുക്കി സ്വദേശിയായ റോസ്‌ലിനിയാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ ഏജന്റും ദമ്പതിമാരും പൊലീസിന്റെ പിടിയിലായിട്ടുണ്ട്. പത്തനംതിട്ടയിലെ ഒരു വൈദ്യനും ഭാര്യയുമാണ് പൊലീസിന്റെ പിടിയിലായത്. തിരുവല്ല സ്വദേശികളായ ഭാഗവന്ത് – ലൈല ദമ്പതികളെ കുടംബത്തിന് ഐശ്വര്യം വന്ന് ചേരുമെന്ന് ധരിപ്പിച്ചായിരുന്നു നരബലി നടന്നത്.