കോട്ടയം: തിരുവല്ലയില്‍ യുവാവ് തീകൊളുത്തപ്പെട്ട പെണ്‍കുട്ടി മരിച്ചു. കൊച്ചയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നായിരുന്നു പ്രതി പെണ്‍കുട്ടിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. 65 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്നു.

സംഭവത്തില്‍ തിരുവല്ല കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കടപ്ര കുമ്പനാട് സ്വദേശിയാണ് അറസ്റ്റിലായ അജിന്‍ റെജി മാത്യു.

യുവതിയെ നടുറോഡില്‍ വച്ച് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തീ അണച്ചശേഷം നാട്ടുകാരാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. നാട്ടുകാര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയും ചെയ്തു. തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കാനെത്തിയതായിരുന്നു യുവതി.

പെണ്‍കുട്ടിയെ യുവാവിന് നേരത്തെ പരിചയമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനു തൊട്ടു മുന്‍പ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും അതിനുശേഷമാണ് പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയതെന്നുമാണ് പൊലീസ് പറയുന്നത്. യുവാവിന്റെ കൈയ്യില്‍ മൂന്നു കുപ്പി പെട്രോളും കയറും ഉണ്ടായിരുന്നു. ഒരു കുപ്പിയിലെ പെട്രോള്‍ മാത്രമാണ് പെണ്‍കുട്ടിയുടെ ദേഹത്ത് ഒഴിച്ചത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യാനായിരുന്നു യുവാവ് കയര്‍ കൈയ്യില്‍ കരുതിയതെന്നും പൊലീസ് പറഞ്ഞു. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും പൊലീസ് പറഞ്ഞിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ