തിരുവല്ല: കശ്മീരുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ കെ ടി ജലീല്‍ എം എല്‍ എയ്‌ക്കെതിരെ കേസെടുക്കാന്‍ തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്. ജലീലിന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ആര്‍ എസ് എസ് ജില്ലാ പ്രചാരക് പ്രമുഖ് നല്‍കിയ ഹർജിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാന്‍ പത്തനംതിട്ട കീഴ്‌വായൂര്‍ പൊലീസിനാണു കോടതി നിര്‍ദേശം നൽകിയത്.
കശ്മീരിനെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് വിവാദ വിവാദമായതോടെ കെ ടി ജലീല്‍ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചിരുന്നു. കശ്മീര്‍ യാത്രയുമായി ബന്ധപ്പെട്ട കുറിപ്പിലെ ‘ആസാദ് കശ്മീര്‍’ പരാമര്‍ശം വിവാദമാകുകയും സി പി എം തള്ളിപ്പറയുകയും ചെയ്തതിനു പിന്നാലെയാണു ജലീല്‍ വരികള്‍ പിന്‍വലിച്ചത്.
” നിയമസഭയുടെ പ്രവാസി ക്ഷേമ സമിതിയുടെ അംഗമെന്ന നിലയില്‍ കശ്മീര്‍ സന്ദര്‍ശിച്ചപ്പോള്‍ ഞാനെഴുതിയ യാത്രാ കുറിപ്പിലെ ചില പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണക്ക് ഇട വരുത്തിയത് എന്റെ ശ്രദ്ധയില്‍ പെട്ടു. ഞാനുദ്ദേശിച്ചതിനു വിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്ത പ്രസ്തുത കുറിപ്പിലെ വരികള്‍ നാടിന്റെ നന്‍മക്കും ജനങ്ങള്‍ക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പിന്‍വലിച്ചതായി അറിയിക്കുന്നു,” ഇതായിരുന്നു പരമര്‍ശം പിന്‍വലിച്ചുകൊണ്ട് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയിലാണ് ”ആസാദ് കശ്മീര്‍”എന്നെഴുതിയതെന്നും ഇതിന്റെ അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രമെന്നുമായിരുന്നു ആദ്യ പോസ്റ്റില്‍ അദ്ദേഹം കുറിച്ചത്. എന്നാല്‍ സി പി എം കയ്യൊഴിഞ്ഞതോടെ ജലീല്‍ തിരുത്താന്‍ തയാറാകുകയായിരുന്നു.
‘ആസാദ് കശ്മീര്‍’, ‘ഇന്ത്യന്‍ അധീന ജമ്മു കശ്മീര്‍’ എന്നീ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ട ജമ്മു കശ്മീരിനെക്കുറിച്ചുള്ള കുറിപ്പാണ് വിവാദമായത്. ‘പാക്കിസ്ഥാനോട് ചേര്‍ക്കപ്പെട്ട കശ്മീരിന്റെ ഭാഗം ‘ആസാദ് കാശ്മീര്‍’എന്നറിയപ്പെട്ടു’, ‘ജമ്മുവും കശ്മീര്‍ താഴ്വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യന്‍ അധീന ജമ്മു കശ്മീര്‍’ എന്നാണു ജലീല്‍ തന്റെ ആദ്യ കുറിപ്പില്‍ പറഞ്ഞത്.