scorecardresearch
Latest News

മൂന്നാം തരംഗം നേരിടാന്‍ ആക്ഷന്‍ പ്ലാന്‍; പ്രതിദിന വാക്സിനേഷന്‍ രണ്ടര ലക്ഷമാക്കും

ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ പ്രതിദിന ഉത്പാദനം 60 മെട്രിക് ടണ്‍ ആക്കി ഉയര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനം.

Covid Third Wave, Veena George, Kerala

തിരുവനന്തപുരം: കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാൻ ആക്ഷന്‍ പ്ലാന്‍ തയാറാക്കി ആരോഗ്യവകുപ്പ്. ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം പരമാവധി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുക എന്നതാണ് ലക്ഷ്യം. സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തവും ഇതിനായി ഉറപ്പുവരുത്തും. ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനങ്ങള്‍.

പ്രതിദിനം രണ്ട് മുതല്‍ രണ്ടര ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് പദ്ധതി. വാക്സിനു രജിസ്‌റ്റർ ചെയ്യാന്‍ അറിയാത്ത സാധാരണക്കാര്‍ക്കായി രജിസ്‌ട്രേഷന്‍ ഡ്രൈവ് ആരംഭിക്കും. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും വാക്‌സിന്‍ സുഗമമായി നടത്തണമെന്നും മന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു. ലോക്ക്ഡൗണിന്റെ ഫലമായി രണ്ടാം തരംഗത്തിന്റെ തീവ്രത കുറയുന്നതായി യോഗം വിലയിരുത്തി.

മൂന്നാം തരംഗം കുട്ടികളെ കൂടി ബാധിക്കുമെന്ന് കണ്ട് സര്‍ജ് പ്ലാന്‍ ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരികയാണ്. മെഡിക്കല്‍ കോളജുകള്‍, മറ്റ് സര്‍ക്കാര്‍ ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ പീഡിയാട്രിക് സൗകര്യങ്ങള്‍ ഉയര്‍ത്തി വരുന്നു. വിദഗ്ധ പരിശീലനവും ആരംഭിച്ചു കഴിഞ്ഞു. പീഡിയാട്രിക് ഐ.സി.യു. കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

Also Read: കുട്ടികളുടെ വാക്‌സിനേഷന്‍: ലക്ഷ്യം 12 വയസിന് മുകളിലുള്ള 80 ശതമാനത്തെ

കോവിഡിനായി മാറ്റിവച്ചിരിക്കുന്ന കിടക്കകളില്‍ 47 ശതമാനം മാത്രമാണ് രോഗികളുള്ളത്. പക്ഷേ മൂന്നാം തരംഗം മുന്നില്‍ കണ്ട് സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ കൂടുതല്‍ കിടക്കകള്‍ സജ്ജമാക്കും. ഓക്‌സിജന്‍ കിടക്കകള്‍, ഐ.സി.യു, വെന്റിലേറ്റര്‍ എന്നിവയുടെ എണ്ണവും കൂട്ടും.

ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ പ്രതിദിന ഉത്പാദനം 60 മെട്രിക് ടണ്‍ ആയി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. അനുവദിച്ച ഓക്‌സിജന്‍ പ്ലാന്റുകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണം. മരുന്നുകള്‍, ഉപകരണങ്ങള്‍, പരിശോധനാ സാമഗ്രികള്‍, സുരക്ഷാ ഉപകരണങ്ങള്‍ എന്നിവ നേരത്തെ തന്നെ സംഭരിക്കാന്‍ കെ.എം.എസ്.സി.എല്ലിന് നിര്‍ദേശം നല്‍കി.

കുടുംബത്തിലെ ഒരംഗത്തില്‍നിന്നു മറ്റുള്ളവരിലേക്ക് കോവിഡ് പകരുന്നവരുടെ എണ്ണം കൂടി വരികയാണ്. അതിനാല്‍ കുടുംബാംഗങ്ങള്‍ വളരെയേറെ ശ്രദ്ധിക്കണം. മരണം കൂടുന്നതിനാല്‍ പ്രായമായവര്‍, ഗുരുതര രോഗമുള്ളവര്‍ എന്നീ ഹൈ റിസ്‌ക് വിഭാഗത്തെ കേന്ദ്രീകരിച്ച് പ്രത്യേക അവബോധം നടത്തും. ഇത്തരത്തിലുള്ളവരുടെ വീടുകളില്‍ കോവിഡ് പോസിറ്റീവായാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി നിർദേശിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Third wave covid action plan by health department