തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് സ്റ്റേഷനു നേരെ ബോംബെറിഞ്ഞ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അഭിജിത്താണ് അറസ്റ്റിലായത്. കേസിലെ പ്രധാന പ്രതി ആര്‍എസ്എസ് പ്രചാരക് പ്രവീണിനെ രാവിലെ അറസ്റ്റ് ചെയ്തിരുന്നു.

ഇന്ന് പിടിയിലാകുന്ന മൂന്നാമത്തെ ആളാണ് അഭിജിത്ത്. പ്രവീണിനൊപ്പം മറ്റൊരു പ്രതിയായ ശ്രീജിത്തിനേയും അറസ്റ്റ് ചെയ്തിരുന്നു. ഇരുവരേയും തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് പിടികൂടിയത്.

ശബരിമല കര്‍മ്മ സമിതി ജനുവരി മൂന്നിന് നടത്തിയ ഹര്‍ത്താലിനിടെ നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞത് ആര്‍എസ്എസ് നെടുമങ്ങാട് ജില്ലാ പ്രചാരകായ പ്രവീണായിരുന്നു. നാല് തവണയാണ് പ്രവീണ്‍ പൊലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞത്. ഇതിന്റെ സിസിടിവി വീഡിയോ ദൃശ്യങ്ങളും നേരത്തെ പൊലീസ് പുറത്ത് വിട്ടിരുന്നു.

നെടുമങ്ങാട് സംഘര്‍ഷം നിയന്ത്രിക്കാന്‍ പൊലീസ് സ്റ്റേഷന് സമീപത്ത് നിന്ന പൊലീസുകാരുടെ തൊട്ടു മുന്നിലാണ് ബോംബുകള്‍ വീണ് പൊട്ടിയത്. ബോംബാക്രമണം ഉണ്ടായതോടെ പൊലീസുകാര്‍ ചിതറിയോടി. ഈ സംഭവത്തില്‍ നെടുമങ്ങാട് എസ്‌ഐയുടെ കൈ ഒടിഞ്ഞിരുന്നു.

സംഭവം നടന്ന് കൃത്യം ഒരു മാസം കഴിയുമ്പോഴാണ് മുഖ്യപ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് സാധിച്ചത്. സംഭവത്തിന് ശേഷം വിവിധ ഇടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ നെടുമങ്ങാട് ഡിവൈ.എസ്.പി അശോകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ