കൊയിലാണ്ടി: ആർഎസ്എസ് അജണ്ടയാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരിക്കൽ കൂടി ബിജെപി അധികാരത്തിലെത്തിയാൽ പിന്നീട് രാജ്യത്ത് തിരഞ്ഞെടുപ്പുണ്ടാകില്ലെന്നും മുഖ്യമന്ത്രി. കഴിഞ്ഞ അഞ്ച് വർഷമായി രാജ്യത്ത് ജനങ്ങൾ അനുഭവിക്കുന്ന ദുരിതം മോദിയുടെ ഭരണം കൊണ്ടുണ്ടായതാണെന്ന് പിണറായി വിജയൻ കൂട്ടിച്ചേർത്തു.
“കൃഷിക്കാരുടെ പ്രക്ഷോഭമുണ്ടായപ്പോൾ ബിജെപി അവർക്ക് നേരെ വെടിയുണ്ടയുതിർത്തു. സ്ത്രീകൾ നിരന്തരമായി അക്രമിക്കപ്പെട്ടപ്പോൾ ഫലപ്രദമായ നടപടികൾ ഉണ്ടായില്ല, പട്ടിക വർഗ വിഭാഗം അക്രമിക്കപ്പെടുമ്പോൾ കേന്ദ്ര സർക്കാർ അക്രമികൾക്കൊപ്പം നിൽക്കുകയാണ്. തൊഴിലാളികൾ രാജ്യവ്യാപക പ്രതിഷേധത്തിലാണ്.” പിണറായി വിജയൻ പറഞ്ഞു.
ജനാധിപത്യത്തിന് നേരെ വെല്ലുവിളി ഉയർത്തിയവർക്കെല്ലാം അതിന്റെ കരുത്ത് കാണിച്ചുകൊടുത്ത രാജ്യമാണ് ഇന്ത്യ. ആ കരുത്ത് ഇത്തവണ ബിജെപിയും ആർഎസ്എസും അറിയുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
പാക്കിസ്ഥാനുമായി താരതമ്യം ചെയ്ത് വയനാട്ടിനെ അമിത് ഷാ അപമാനിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞിരുന്നു. വര്‍ഗ്ഗീയ വിഷം തുപ്പുന്ന പ്രചരണമാണ് അമിത് ഷാ നടത്തിയത്. ‘വയനാടിന്റെ ചരിത്രം അമിത് ഷായ്ക്ക് അറിയില്ല. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്താലേ ചരിത്രം മനസ്സിലാകു,’ മുഖ്യമന്ത്രി പറഞ്ഞു.