പാലക്കാട്: നെന്മാറ അയിലൂരില്‍ യുവതി 11 വര്‍ഷം ഭര്‍ത്താവിന്റെ വീട്ടില്‍ ഒളിച്ചു താമസിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്നു പൊലീസ് റിപ്പോര്‍ട്ട്. സംഭവത്തില്‍, ദമ്പതികളായ റഹ്മാനും സജിതയും പറഞ്ഞത് ശരിവച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് പൊലീസ് സംസ്ഥാന വനിതാ കമ്മിഷനു കൈമാറി.
സാഹചര്യത്തെളിവുകളും മൊഴികളും പുനഃപരിശോധിച്ചശേഷമാണു നെന്മാറ സിഐ റിപ്പോര്‍ട്ട് തയാറാക്കിയത്. സംഭവത്തിലെ ദുരൂഹത നീക്കാനും മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനുമാണ് വനിതാ കമ്മിഷന് പൊലീസ് റിപ്പോര്‍ട്ട് തേടിയത്. സജിതയും റഹ്മാനും പറഞ്ഞത് ഒരേ തരത്തിലുള്ള മൊഴികളാണെന്ന് വ്യക്തമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
റഹ്മാന്റെ വീട്ടിലെ മുറിയില്‍ സജിത ഒളിച്ചുതാമസിച്ചതിന്റെ സാഹചര്യത്തെളിവുകള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതോടൊപ്പം മുറിയില്‍ കഴിഞ്ഞതിന്റെ വിശദാംശങ്ങള്‍ സജിത പറഞ്ഞതും പൊലീസ് രേഖപ്പെടുത്തി. അത് അവിശ്വസിക്കേണ്ട കാര്യമില്ലെന്നും യുവതി മറ്റെവിടെയെങ്കിലും താമസിച്ചതിനു തെളവില്ലെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
റഹ്മാന്റെയും സജിതയുടെയും കൂടാതെ ഇരുവരുടെയും മാതാപിതാക്കളുടെയും മൊഴികളും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സജിത തങ്ങളുടെ വീട്ടിലല്ല, മറ്റെവിടെയോയാണ് താമസിച്ചതെന്നായിരുന്നു റഹ്മാന്റെ മാതാപിതാക്കള്‍ നേരത്തെ പറഞ്ഞിരുന്നത്. ഒരു പെണ്‍കുട്ടിയെ അങ്ങനെ ഒളിപ്പിക്കാന്‍ പറ്റുമോയെന്ന് ചോദിച്ച അവര്‍ മുന്‍പ് മുറിയില്‍ കയറിയപ്പോള്‍ ആരെയും കണ്ടില്ലെന്നും പറഞ്ഞിരുന്നു.
Also Read: പ്രണയിനിയെ യുവാവ് വീട്ടില്‍ ഒളിപ്പിച്ചത് 11 വര്‍ഷം; വാതില്‍ പൂട്ടാന്‍ സ്വന്തം സാങ്കേതിക വിദ്യ
അതേസമയം, സംഭവത്തില്‍ അവിശ്വസനീയമായ കാര്യങ്ങളുണ്ടെന്ന് വിശ്വസിക്കുന്നതായി വനിതാ കമ്മിഷന് അധ്യക്ഷ എംസി ജോസഫൈന് പറഞ്ഞു. സംഭവത്തിൽ സ്വമേധയാ കേസെടുത്ത വനിതാ കമ്മിഷന്റെ തെളിവെടുപ്പിന് എത്തിയതായിരുന്നു അവർ.
ബന്ധുരകാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെയാണ് പാരിലെന്നും ആ ഗൗരവത്തോടെയാണ് ഈ കാര്യത്തെ കാണുന്നതെന്നും ജോസഫൈൻ പറഞ്ഞു. അസാധാരണ സംഭവമാണ് സജിത- റഹ്മാൻ ദമ്പതികളുടെ ജീവിതം. കേരളത്തില്‍ ആദ്യ കേസാണിത്. ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്ന് സജിതയും റഹ്മാനും പറയുന്നില്ല. അവര്‍ ഇനിയും സുഖമായി ജീവിക്കട്ടേയെന്നും ജോസഫൈന് പറഞ്ഞു.
വിത്തനശേരിയിലെ വാടകവീട്ടിലെത്തിയാണു കമ്മിഷൻ അംഗങ്ങൾ റഹ്മാന്റെയും സജിതയുടയെും മൊഴിയെടുത്തത്. തനിക്കു പരാതായില്ലെന്നും ഇനി സമാധാനമായി ജീവിക്കാന്‍ സാഹചര്യമൊരുക്കണമെന്ന് സജിത വനിതാ കമ്മിഷനോട് ആവശ്യപ്പെട്ടു. കേസ് ഒഴിവാക്കാമെന്ന് ഉറപ്പു ലഭിച്ചതായി സജിത മാധ്യമങ്ങളോട് പറഞ്ഞു.
റഹ്മാനൊപ്പം ജീവിക്കാനായി 2010 ഫെബ്രുവരി രണ്ടിനാണു പതിനെട്ട് വയസുള്ളപ്പോള്‍ സജിത വീടുവിട്ടിറങ്ങിയത്. വിവാഹിതരായ ഇരുവരും റഹ്മാന്റെ കൊച്ചുവീട്ടിലെ മുറിയില്‍ കഴിയുകയായിരുന്നു. തൊട്ടടുത്ത മുറികളിലുണ്ടായിരുന്ന വീട്ടുകാര്‍ പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ല. വീട്ടുകാരുടെ പരാതിയില്‍ നെന്മാറ പൊലീസ് വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും സജിതയെ കണ്ടെത്താനായിരുന്നില്ല.
ഇലക്ട്രിക്കല്‍ ജോലിയും പെയിന്റിങ്ങും ചെയ്യുന്ന യുവാവ് പുറത്തുനിന്ന് മുറി പൂട്ടിയശേഷമാണു പണിക്കു പോയിരുന്നത്. വീട്ടുകാരെ അകറ്റിനിര്‍ത്താന്‍ മുറിയുടെ വാതില്‍ പൂട്ടാന്‍ യുവാവ് സ്വന്തം സ്വന്തം സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ച ഇലക്ട്രിക് സംവിധാനമുള്ള ഓടാമ്പലാണ് ഉപയോഗിച്ചിരുന്നത്.
Also Read: ‘ആ അനുഭവം പറഞ്ഞാൽ മനസിലാകില്ല, ഇപ്പോൾ സന്തോഷം’; ഒറ്റമുറിയിൽനിന്ന് ഒറ്റ മനസായി റഹ്മാനും സാജിതയും
യുവാവ് പണിക്കു പോയി വരുന്ന സമയമത്രയും യുവതി കൊച്ചുമുറിയില്‍ ഒറ്റയ്ക്കായിരിക്കും. യുവതി മുറിയിലെ ടിവി പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ശബ്ദം അവര്‍ക്കു മാത്രം കേള്‍ക്കാനായി ഇയര്‍ഫോണ്‍ സംവിധാനമൊരുക്കി. മുറിയുടെ വാതിലിനു പുറകിലായി ടീപോയ് ചേര്ത്തുപിടിപ്പിച്ചും സുരക്ഷയൊരുക്കിയിരുന്നു. ജനലഴി മുറിച്ചുമാറ്റി പകരം പലക ഘടിപ്പിക്കുകയും ചെയ്തു. ഈ പലക മാറ്റിയാണ് അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങിയിരുന്നത്. ആളില്ലാത്ത സമയം നോക്കി, ഈ ജനല്‍ വഴിയാണ് യുവതി ശുചിമുറിയില്‍ പോയിരുന്നത്.
സ്വന്തം വീട്ടില്‍ കഴിയുകയായിരുന്ന റഹ്മാനെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാര്‍ മൂന്നുമാസം നെന്മാറ പൊലീസിനെ സമീപിച്ചിരുന്നു. ഈ പരാതിയിലും പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഈ സമയം റഹ്മാനും സജിതയും വിത്തനശേരിയില്‍ വാടക വീട്ടില്‍ കഴിയുകയായിരുന്നു. ഇതിനിടെ കഴിഞ്ഞയാഴ്ച നെന്മാറ ടൗണില്‍ വച്ച് യുവാവിനെ സഹോദരന് യാദൃശ്ചികമായി കണ്ടതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ തുടക്കം. സഹോദരന് വിവരം ധരിപ്പിച്ചതിനെത്തുടര്‍ന്ന് നെന്മാറ ടൗണില്‍ വച്ച് പൊലീസ് പിടികൂടിയതോടെ റഹ്മാന് കുടംബജീവിതം വെളിപ്പെടുത്തുകയായിരുന്നു.