/indian-express-malayalam/media/media_files/uploads/2023/05/MV-Govindan.png)
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍
തിരുവനന്തപുരം: സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. "ഏതെങ്കിവും മതവിഭാഗത്തിന് എതിരായ നിലപാട് സിപിഎം സ്വീകരിക്കില്ല. ഷംസീര്‍ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചു. വിഷയത്തില്‍ മാപ്പ് പറയേണ്ടതില്ല, തിരുത്തി പറയാനും ഉദ്ദേശിക്കുന്നില്ല. ഷംസീര്‍ പറഞ്ഞത് മുഴുവന്‍ ശരിയാണ്," ഗോവിന്ദന്‍ വ്യക്തമാക്കി.
"സിപിഎം എതെങ്കിലും മതത്തിനോ മത വിശ്വാസികള്‍ക്കോ എതിരായ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയല്ല. ഇപ്പോള്‍ നടക്കുന്നത് ധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമമാണ്. കോണ്‍ഗ്രസുകാര്‍ ചില പ്രസ്താവനകളൊക്കെ നടത്തുന്നുണ്ട്. ആ കോണ്‍ഗ്രസുകാര്‍ നെഹ്രുവിന്റെ രണ്ട് പുസ്തകങ്ങള്‍ വായിക്കണം, വിശ്വചരിത്രാവലോകം, ഇന്ത്യയെ കണ്ടെത്തല്‍ എന്നീ രണ്ട് പുസ്തകങ്ങള്‍ ചരിത്രപരമായ ഭൗതികവാദത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പുസ്തകങ്ങളാണ്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായ നെഹ്രു മരിക്കും വരെ ഭൗതികവാദിയായിരുന്നു," ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
"ബാബറി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് ഇന്ത്യയുടെ പ്രധാനമന്ത്രി പരികര്‍മ്മിയെപ്പോലെയിരുന്നു. ഇത് ജനാധിപത്യപരമായ കാര്യമാണോ? പാര്‍ലമെന്റില്‍ ചെങ്കോല്‍ വെക്കുന്ന സ്ഥിതിയുണ്ടായി. മഹാത്മാ ഗാന്ധിയെ കുറിച്ചോ അദ്ദേഹത്തിന്റെ കൊലപാതകത്തെക്കുറിച്ചോ പഠിക്കാന്‍ പാടില്ല എന്ന് കേന്ദ്രം പറഞ്ഞു. ചരിത്രപരമായ മുഗള്‍ സാമ്രാജ്യത്തെക്കുറിച്ച് പഠിക്കാന്‍ പാടില്ല. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം പഠിപ്പിക്കാന്‍ പാടില്ല എന്നും പറഞ്ഞ് കാവിവത്കരണം നടത്തുകയാണ്," ഗോവിന്ദന്‍ ചൂണ്ടിക്കാണിച്ചു.
ഷംസീറിന്റെ പ്രസ്താവനയക്കെതിരെ എന്‍എസ്എസ് അമ്പലങ്ങളില്‍ പൂജയും വഴിപാടും നടത്തി. അതിനുള്ള അവകാശം അവര്‍ക്കുണ്ട്. അതിനെ എതിര്‍ക്കേണ്ട കാര്യം സിപിഎമ്മിനില്ല. അമ്പലത്തില്‍ പോകുന്നതിനുള്ള ജനാധിപത്യ അവകാശത്തിന് വേണ്ടി പോരാടുന്ന പ്രസ്ഥാനമാണിത്. എന്നാല്‍ ഇതെല്ലാം രാഷ്ട്രീയ ആയുധമായി മാറുന്നില്ലെ എന്ന് സ്വയം ചിന്തിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
"ഗണപതിയെ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ രൂപപ്പെടുത്തിയതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുംബൈയിലെ റിലയന്‍സ് ആശുപത്രി ഉദ്ഘാടനത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. പിന്നീട് ശാസ്ത്ര കോണ്‍ഗ്രസിലും ആവര്‍ത്തിച്ചു. പുഷ്പക വിമാനം പണ്ടേ കണ്ടുപിടിച്ചതാണെന്ന് വരെ പറഞ്ഞു. ഇത്തരം മിത്തുകളെ ചരിത്രത്തിന്റെ ഭാഗമായി മാറ്റാനാണ് ശ്രമിക്കുന്നത്. അത് തെറ്റായ പ്രചാരവേലയാണ്. മിത്തിന്റെ ഭാഗമായി ഇതെല്ലാം അവതരിപ്പിക്കാം, ചരിത്രപരമായി സാധിക്കില്ല," ഗോവിന്ദന്‍ ചൂണ്ടിക്കാണിച്ചു.
"മിത്തുകളെ ശാസ്ത്രീയമായി ചിത്രീകരിക്കുന്നതിനെ വിമർശിച്ചാൽ, വിമർശകർ ഹിന്ദുക്കൾക്ക് എതിരാണെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. ശാസ്ത്രത്തെ ശാസ്ത്രമായും ചരിത്രത്തിലെ ചരിത്രമായും മിത്തിനെ മിത്തായും കാണണം. അതിനെ വർത്തകാലവുമായി കൂട്ടിയിണക്കി ശാസ്ത്രം എന്നു പറഞ്ഞാൽ അംഗീകരിക്കാനാകില്ല. സമൂഹത്തെ ഈ നിലപാടുകൾ പിന്നോട്ടു നയിക്കും. അങ്ങനെ വന്നാൽ മണിപ്പൂരും ഹരിയാനയും ഗുജറാത്തുമുണ്ടാകും. കലാപമാണ് ഫാസിസ്റ്റുകൾ ആഗ്രഹിക്കുന്നത്," ഗോവിന്ദന്‍ ഓര്‍മ്മിപ്പിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.