ജനാധിപത്യമെന്ന ആശയത്തിന്റെ വെളിച്ചത്തിൽ മാത്രമാണ് കലയ്ക്ക് സൗന്ദ്യരമുണ്ടാകുന്നതെന്ന് പ്രശസ്ത കർണാടക സംഗീതജ്ഞനായ ടി എം കൃഷ്ണ അഭിപ്രായപ്പെട്ടു. കലാകാരൻ എന്ന പൗരൻ, പൗരൻ എന്ന കലാകാരൻ എന്ന വിഷയത്തിൽ ഇടതുപക്ഷചിന്തകനും അധ്യാപകനുമായിരുന്ന ടി കെ.രാമചന്ദ്രൻ അനുസ്മരണപ്രഭാഷണം നിർവഹിക്കുകയായിരുന്നു കൃഷ്ണ.
പൗരനേക്കാൾ ഉയരത്തിലല്ല, കലാകാരൻ, കലാകാരനേക്കാൾ താഴ്നിലയിലല്ല പൗരനും. കലയെന്നത് ബോധപൂവർവ്വമായ സൃഷ്ടിയാണ്. കല അത് ഏത് ഗണത്തിൽപ്പെട്ടതായാലും അതിനൊരു ഇന്റൻഷൻഉണ്ട്. കല എന്നത് സ്വയം വിമർശനപരവും ഉളളിലേയ്ക്ക് നോക്കുന്നതുമാകണം. അത് പങ്കുവെയ്ക്കപ്പെടേണ്ടതാണ്. കല സമൂഹത്തോട് സംവാദാത്മകമായി ഇടപഴകേണ്ടതായിട്ടുണ്ട്. കലഅതിന്റെ ആത്മാംശത്തിൽ സമത്വവത്ക്കരിക്കേണ്ടതുണ്ട്. അത് ഏതെങ്കിലും നിയമപുസ്തകത്തിന്റെയോ ഭരണഘടനാപ്രകാരമോ അല്ല. മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും ആശയങ്ങളെ ഉൾക്കൊള്ളേണ്ടതുണ്ട്. ശരിയായ കലാപ്രവര്‍ത്തനം ആക്റ്റിവിസം തന്നെയാണ്. വെറും പാസ്‌പോര്‍ട്ട് ഉടമയല്ല പൗരന്‍. ചുറ്റുപാടുകളോട് പ്രതികരിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന ആളാണ്.
പെരുമാൾ മുരുഗനെതിരായി വധഭീഷണി മുഴക്കിയ ഗൗണ്ടർ വിഭാഗമാണ്. അവർ കോയമ്പത്തൂരിൽ സംഘടിപ്പിച്ച പരിപാടിയിൽ പെരുമാൾ മുരുഗന്റെ കവിതകളാണ് ഞാൻ ആലപിച്ചത്. അത് ആ സദസ്സ് സ്വീകരിച്ചു. പെരുമാൾ മുരുഗൻ എഴുതിയത് എന്ന് പറഞ്ഞുകൊണ്ടാണ് കവിതകൾ ആലപിച്ചത്. എന്നാൽ, അവിടെ അവര്‍ സംഗീതം മാത്രം ആസ്വദിക്കുകയായിരുന്നു. ആശയങ്ങള്‍ കലാപരമായി ആവിഷ്‌കരിക്കപ്പെടുമ്പോള്‍ സമൂഹത്തിന്റെ സമീപനം മാറുമെന്നതിന് തെളിവാണിത്. കല ആത്യന്തികമായി മതേതരവും ജനാധിപത്യപരവുമാകണമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
കലാപരമായി ആവിഷ്ക്കരിക്കപ്പെടുമ്പോൾ സമൂഹത്തിന്റെ സമീപനത്തിൽ വ്യത്യാസമുണ്ടാകുന്നു.
തമിഴ്‌നാട്ടിലെ മീന്‍പിടുത്തക്കാരുടെ ഗ്രാമത്തില്‍ കര്‍ണാടക സംഗീതം ആലപിച്ച അനുഭവം കൃഷ്ണ വിവരിച്ചു. കേള്‍വിക്കാര്‍ ചിലപ്പോള്‍ കൃഷ്ണയുടെ ആലാപനത്തെ വെറും ശബ്ദജാലം എന്ന് പുച്ഛിച്ചിരിക്കാം. തിരസ്‌കാരത്തിലും ഉന്നതമായ സൗന്ദര്യമുണ്ട്. കലാപങ്കാളികളും കല ആവിഷ്‌കരിക്കുന്ന വേദികളും മാറ്റത്തിന് വിധേയമാകണം. ആചാരങ്ങള്‍പോലും പരസ്പരം വെച്ചു മാറാന്‍ തയ്യാറുള്ള ഒരു സമൂഹം രൂപപ്പെടണം.
യഥാർത്ഥ സൗന്ദര്യം എന്നത് തന്മയീ ഭാവവുമായുളള അനുഭവങ്ങളാണ്. കല വിശാലമായ തലത്തിൽ പൗരനോടും സമൂഹത്തോടും സംവദിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ചെറിയൊരു വിഭാഗത്തിന്റെ മാത്രമായി ഒതുങ്ങും. അങ്ങനെ പങ്കുവെയ്ക്കപ്പെടാാതെ പോകുന്നതോടെ കല എന്നതിന് അർത്ഥമില്ലാതെയാകുന്നു. ജനാധിപത്യം എന്ന ആശയം പ്രസക്തമാകുന്നത് ഇവിടെയാണ്. ജനാധിപത്യം കലയെ അതിന്റെ തന്മയീഭാവത്തെ കണ്ടെത്തുന്നു.
കല സ്വയം ഇല്ലാതാക്കുകയും സ്വയം കണ്ടെത്തുകയും ചെയ്യുന്നതാണ്. വിവിധ ഇഴകളോട് ചേർന്നതാണ് കല. സ്വീകരിക്കാൻ പഠിക്കുക എന്ന ആശയമാണ് കലാകാരന് വേണ്ടത്. പാട്ട് പാടുകയല്ല, കേൾക്കുകയാണ് വേണ്ടത്. ചിത്രം വരയ്ക്കുകയല്ല നിറം കാണുകയാണ് വേണ്ടത്. നൈമിഷിക നിശബ്ദത എന്ന ആശയം സംഭവിക്കുന്നത് ഇവിടെയാണ്.
ഇന്ന് കലാലോകം എന്നത് വയലൻസാൽ ചുറ്റപ്പെട്ടതാണ്. വയൻസിനകത്തുമാണ് അത്. പൗരനും ഇതേ സ്ഥിതിവിശേഷത്തിലാണ് കടന്നുപോകുന്നത്. കൃഷ്ണ അഭിപ്രായപ്പെട്ടു.