/indian-express-malayalam/media/media_files/2025/11/16/george-kurian-varthamanam-2025-11-16-09-49-34.jpg)
George Kurian in Varthamanam Podcast
George Kurian in Varthamanam Podcast: രാജ്യത്തെ ക്രൈസ്തവ സമൂഹത്തിനെതിരായ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് യാതൊരു നീക്കങ്ങളുമില്ലെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഇന്ത്യൻ എക്‌സ്പ്രസ് മലയാളം പോഡ്കാസ്റ്റ് പരിപാടി വർത്തമാനത്തിലാണ് കേന്ദ്ര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്ത് ക്രൈസ്തവ മതത്തിനെതിരായിട്ടുള്ള നീക്കങ്ങളൊന്നും നടക്കുന്നില്ല. ഉത്തരേന്ത്യയിൽ നടക്കുന്ന പലസംഭവങ്ങളും പ്രാദേശിക വിഷയങ്ങളാണ്. 2017 മുതൽ 2020 വരെ ദേശീയ ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാനായിരിക്കെ ഇത്തരം സംഭവങ്ങൾ ഉണ്ടായ എല്ലാ സ്ഥലത്തും താൻ പോയിട്ടുണ്ട്. സാട്‌നയിലുണ്ടായ ഒരു സംഭവമൊഴിച്ച് മറ്റെല്ലാം പ്രാദേശികമായ സംഭവങ്ങളാണ്. കേരളത്തിലെ മാധ്യമങ്ങൾ ഭീതി ജനിപ്പിക്കുന്ന രീതിയിൽ ഇവയെ ചിത്രീകരിക്കുകയാണെന്ന് കേന്ദ്ര മന്ത്രി കുറ്റപ്പെടുത്തി.
Also Read:ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ പറ്റില്ല; സമഗ്ര സിനിമാനയം ഉടൻ: സജി ചെറിയാൻ
പലപ്പോഴും ഉത്തരേന്ത്യയിലെ ആദിവാസി ജനവിഭാഗത്തിനിടയിലാണ് ഇത്തരം സംഭവങ്ങൾ ഉടലെടുക്കുന്നത്. ഗോത്ര ജനവിഭാഗങ്ങൾക്കിടയിൽ ചില രീതികളുണ്ട്. ആ രീതികൾ ലംഘിക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ ഉണ്ടാകുന്ന പ്രാദേശിക സംഭവങ്ങളാണ് ഇവയെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഇത്തരം പ്രാദേശിക സംഭവങ്ങൾ കേരളത്തിലെ മാധ്യമങ്ങൾ പർവ്വതീകരിക്കുകയാണ്. ഇതിന്റെ ഗുണം കേരളത്തിലെ ബിജെപിക്ക് ഉണ്ടാകുമെന്ന് മണിപ്പൂർ സംഘർഷം ചൂണ്ടിക്കാട്ടി ജോർജ് കുര്യൻ പറഞ്ഞു. മണിപ്പൂരിൽ രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള സംഘർഷമാണ് ഉണ്ടായത്. കേരളത്തിൽ അതിനെ മതപരമായ സംഘർഷമായി ചിലർ ചിത്രീകരിച്ചു. പക്ഷെ ജനങ്ങൾ സത്യം തിരിച്ചറിഞ്ഞു. അതിനാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപി വിജയിച്ചെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
കേരളത്തിൽ ക്രൈസ്തവ സമൂഹത്തിനെതിരെ ആക്രമങ്ങൾ ഉണ്ടാകുമ്പോൾ മാധ്യമങ്ങൾ മൗനം പാലിക്കുകയാണെന്നും ജോർജ് കുര്യൻ വിമർശിച്ചു. പൂഞ്ഞാറിൽ ഒരു വൈദികനെ ക്രൂരമായി മർദ്ദിക്കുന്ന സംഭവം ഉണ്ടായി. പാലാ ബിഷപ്പിനെതിരായി വ്യാപക സൈബർ ആക്രമണം ഉണ്ടായി. കേരളത്തിലെ മാധ്യമങ്ങൾ തങ്ങളുടെ രാഷ്ട്രീയ താൽപര്യം മുൻനിർത്തിയാണ് പ്രവർത്തിക്കുന്നതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
Also Read:സമാനതകളില്ലാത്ത പ്രതിസന്ധിയുണ്ട്; എന്തിനെയും കേരളം അതിജീവിക്കും: കെഎൻ ബാലഗോപാൽ
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്കെതിരെ ആക്രമണം നടത്തിയവർക്ക് സംഘ പരിവാർ സംഘടനകളുമായി യാതൊരു ബന്ധവുമില്ലെന്നും ജോർജ് കുര്യൻ വെളിപ്പെടുത്തി. കന്യാസ്ത്രീകളുടെ മോചനത്തിന് ആദ്യമായി ഇടപെട്ടത് താനാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഭരണകാലത്ത് ഛത്തീസ്ഗഡിൽ വൈദികർ ജയിലിലായ സംഭവം വരെയുണ്ടായിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
രാജ്യത്ത് മുഖ്യധാരയിലുള്ള സഭകളൊന്നും മതപരിവർത്തനം നടത്തുന്നില്ല. സന്നദ്ധ സംഘടകളായി രജിസ്റ്റർ ചെയ്തിട്ടുള്ള ചില സംഘടനകളാണ് സഭകളെന്ന് പേരിൽ ഇതിന് ശ്രമിക്കുന്നത്. മതപരിവർത്തനം ക്രിസ്ത്യാനികളുടെ അവകാശമാണെന്നാണ് ഇക്കൂട്ടർ പറയുന്നത്. ഇതിൽ യാതൊരു അർത്ഥവുമില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി വൻ നേട്ടം ഉണ്ടാക്കും
സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി വൻ നേട്ടം ഉണ്ടാക്കുമെന്നും ജോർജ് കുര്യൻ പറഞ്ഞു. 1995 മുതൽ കേരളത്തിൽ ബിജെപിക്ക് വളർച്ചയുണ്ട്. എല്ലാ മതത്തിലുള്ളവരുടെയും വോട്ട് തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് സമാഹരിക്കാൻ കഴിയുന്നുണ്ട്. ഇത്തവണ ഇതിൽ വൻ വർധനവുണ്ടാകുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
"എല്ലാ പാർട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ ബിജെപി അംഗങ്ങളാണ് തദ്ദേശ സ്ഥാപനങ്ങളിൽ ഏറ്റവും നന്നായി പ്രവർത്തിക്കുന്നതെന്നാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള വികസനത്തിനാണ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഓരോ ബിജെപി പ്രതിനിധിയും ശ്രമിക്കുന്നത്. ഇതിന് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയുണ്ട്."- ജോർജ് കുര്യൻ പറഞ്ഞു.
സംസ്ഥാനത്ത് എല്ലാ മേഖലയിൽ നിന്നുള്ളവരും ബിജെപിയിലേക്ക് വരുന്നുണ്ട്. പല രാഷ്ട്രീയപാർട്ടികളിൽ നിന്നും ബിജെപിയിലേക്ക് വരാൻ തയ്യാറായി നിൽക്കുന്നവരും സൂക്ഷമമായി നീരിക്ഷിക്കുന്നവരുമുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
സുരേഷ് ഗോപി ജനപ്രിയനേതാവ്
സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ ഏറ്റവും ജനപ്രീതിയുള്ള നേതാവാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെന്ന് ജോർജ് കുര്യൻ പറഞ്ഞു. സിനിമാ നടൻ, രാഷ്ട്രീയക്കാരൻ എന്നതിലൂപരി ജീവകാരൂണ്യ രംഗത്ത് നിസ്തുലമായ സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ട്. സമ്പന്നർ പോലും ചെയ്യാത്ത രീതിയിൽ ഒരാളുടെ ദൈന്യത കാണുമ്പോൾ സുരേഷ് ഗോപി സഹായിക്കുമെന്നും ജോർജ് കുര്യൻ പറഞ്ഞു.
സുരേഷ് ഗോപിയുടെ കലുങ്ക് സംവാദം ഉൾപ്പടെയുള്ള കാര്യങ്ങൾ വൻ സ്വീകാര്യതെയാണ് ലഭിച്ചത്. സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ എതിരാളികളാണെന്നും ജോർജ് കുര്യൻ പറഞ്ഞു. ബിജെപിയിലെ പ്രമുഖനേതാക്കൾക്കെല്ലാം എതിരെ സൈബർ ആക്രമണം ഉണ്ടായിട്ടുണ്ട്. സംസ്ഥാന അധ്യക്ഷൻമാരായി വരുന്നവർക്കെതിരെയെ്ല്ലം ഇത്തരം ആക്രമണം ഉണ്ടായിട്ടുണ്ട്. കുമ്മനം രാജശേഖനും കെ സുരേന്ദ്രനും ഇപ്പോൾ രാജീവ് ചന്ദ്രശേഖരനും ഇത്തരം സൈബർ ആക്രമണം നേരിടുന്നുണ്ട്- ജോർജ് കുര്യൻ പറഞ്ഞു.
സ്ഥാനം ഉണ്ടെങ്കിലും ഇല്ലെങ്കിലും ബിജെപിയിൽ
സ്ഥാനം മോഹിച്ച് ബിജെപിയിൽ എത്തിയ വ്യക്തിയല്ല താനെന്നും സ്ഥാനം ഉണ്ടെങ്കിലും ഇല്ലെങ്കിലും ബിജെപിയിൽ ഉറച്ചുനിൽക്കുമെന്നും ജോർജ് കുര്യൻ വ്യക്തമാക്കി. അടിയന്തരാവസ്ഥക്കാലത്ത് ജെപി പ്രസ്ഥാനത്തിൽ ആകൃഷ്ടനായാണ് താൻ ജനസംഘത്തിൽ എത്തിയത്. അവിടെ നിന്നാണ് താൻ ബിജെപിയിൽ എത്തിയത്. താൻ ആർഎസ്എസ് പ്രവർത്തകനല്ലെന്നും ജെപി പ്രസ്ഥാനമാണ് തന്റെ രാഷ്ട്രീയ അടിത്തറയെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ചിന്തയിലും നിലപാടിലും തനിക്ക് കൃത്യതയും വ്യക്തതയും ഉണ്ട്. അവ രാഷ്ട്രീയത്തിനധീതമാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
"കേരളത്തിൽ അധികം വൈകാതെ ബിജെപി അധികാരത്തിലെത്തുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ബിജെപി നിരന്തരം ജനങ്ങളോട് അഭ്യർഥിക്കുകയാണ്. ജനങ്ങളെ തങ്ങളുടെ രാഷ്ട്രീയം ബോധ്യപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ജനാധിപത്യത്തിൽ അവകാശവാദമില്ല. ജനങ്ങളോടുള്ള അഭ്യർത്ഥന മാത്രമാണ് ഉള്ളത്."- ജോർജ് കുര്യൻ പറഞ്ഞു.
Read More:ഭരണത്തിലെത്തുന്നത് മുഖ്യം, യുഡിഎഫിന്റെ മുഖ്യമന്ത്രിയെ ജനങ്ങൾ തീരുമാനിക്കും: രമേശ് ചെന്നിത്തല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us