തിരുവനന്തപുരം: പാലക്കാടുള്ള പ്ലാച്ചിമടയിലെ 34 ഏക്കര്‍ സ്ഥലത്ത് കൊക്കക്കോളയുടെ ബോട്ട്ലിങ് പ്ലാന്റ് സ്ഥാപിക്കുന്നു എന്ന വാര്‍ത്തവരുന്നത് രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പാണ്. പക്ഷെ പിന്നീട് ഇതിനെതിരെ സമീപ വാസികളുടെ വ്യാപക പ്രതിഷേധവുമുണ്ടായി. അങ്ങനെ കടുത്ത സമരങ്ങള്‍ക്ക് ഒടുവില്‍ 2004 കമ്പനി അടക്കുകയും ചെയ്തു.
എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ആ കെട്ടിടം വലിയ ജനശ്രദ്ധ നേടുകയാണിപ്പോള്‍. 600 കിടക്കകളുളള കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ആ വലിയ കെട്ടിടത്തെ. കേവലം ഒരു മാസം കൊണ്ടാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയതെന്ന് വൈദ്യുതി മന്ത്രിയും മണ്ഡലത്തിലെ ജനപ്രതിനിധിയും കൂടിയായ കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.
“ഒരുമാസങ്ങള്ക്ക് മുന്‍പ് സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വലിയ തോതില്‍ വര്‍ധിച്ചിരുന്നു. അപ്പോള്‍ ചികിത്സ സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അനുയോജ്യമായ മാര്‍ഗങ്ങള്‍ തേടി. നേരത്തെ പ്ലാന്റില്‍ ജോലി ചെയ്തിരുന്നവരാണ് ഈ ആശയം മുന്നോട്ട് വച്ചത്. തുടര്‍ന്ന് ഞാന്‍ കമ്പനിയെ സമീപിക്കുകയും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുകയുമായിരുന്നു,” മന്ത്രി പറഞ്ഞു.
ചികിത്സാ കേന്ദ്രത്തിന്റെ നിര്‍മാണത്തിന് 75 ലക്ഷം രൂപയോളം ചിലവായതായി അധികൃതര്‍ പറഞ്ഞു. “100 ഓക്സിജന്‍ കിടക്കകള്‍, 40 ഐസിയു, 10 വെന്റിലേറ്ററുകള്‍ എന്നീ സൗകര്യങ്ങള്‍ ഉണ്ട്. മൂന്നാം തരംഗം കുട്ടികളില്‍ ബാധിക്കാനിടയുള്ളതിനാല്‍ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ ഒരു കിലോ ലിറ്ററിന്റെ ഓക്സിജന്‍ ടാങ്കും സ്ഥാപിച്ചിട്ടുണ്ട്. 12 ഡോക്ടര്‍മാരും, മറ്റ് ആരോഗ്യപ്രവര്‍ത്തകരേയും ആരോഗ്യ വകുപ്പ് നിയമിച്ചിട്ടുണ്ട്,” അധികൃതര്‍ വ്യക്തമാക്കി.
“ആശുപത്രിയിലെ മെഡിക്കല്‍ ഉപകരണങ്ങള്‍ പൊതുജനങ്ങളുടേയും സമീപത്തുള്ള എട്ട് പഞ്ചായത്തുകളുടേയും സഹായത്തോടെ ആരോഗ്യവകുപ്പാണ് വാങ്ങിച്ചത്. ചെറുകിട കര്‍ഷകര്‍ മുതല്‍ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. മുന്നൂറോളം വോളന്റിയര്‍മാര്‍ രാത്രിയും പകലും പ്രയത്നിച്ചതിന്റെ ഫലമാണ് ചികിത്സാ കേന്ദ്രം,” കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.
ചികിത്സാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിനായി എട്ട് പഞ്ചായത്തുകള്‍ 10 ലക്ഷം രൂപ വീതവും, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷം രൂപയുമാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യ മേഖലയുമായി അല്ലാത്ത കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിനായി പഞ്ചായത്തുകള്‍ കൂടി ഒരു കമ്മിറ്റിക്ക് രൂപം കൊടുത്തിട്ടുണ്ട്, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.മുരുഗദാസ് പറഞ്ഞു.
Also Read: കോവിഡ് ചികിൽസ: സ്വകാര്യ മുറികളുടെ നിരക്കുകൾ ആശുപത്രികൾക്ക് നിശ്ചയിക്കാമെന്ന ഉത്തരവ് ഹൈക്കോടതി തടഞ്ഞു