തിരുവനന്തപുരം: തമ്പാനൂര്‍ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകളുടെ ചില്ലുകള്‍ തല്ലി തകര്‍ത്ത് മോഷണം നടത്തിയ കേസിലെ പ്രതി പിടിയില്‍. പതിനെട്ടുകാരനായ എബ്രഹാം എന്നയാളെയാണ് പിടികൂടിയത്. ലഹരി ഉപയോഗത്തിന് ശേഷമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.
ഇയാള്‍ വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. റെയില്‍വെ പൊലീസിന്റെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ ഇയാള്‍ കല്ല് ഉപയോഗിച്ച് ഗ്ലാസ് തകര്‍ത്ത് കാറിന്റെ അകത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നത് കാണാം.
19 കാറുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നത്. ഭൂരിഭാഗം കാറുകളുടേയും വിന്‍ഡോ ഗ്ലാസുകളാണ് തകര്‍ത്തിരിക്കുന്നത്. റെയില്‍വെ ജീവനക്കാരുടെ വാഹനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോവിഡ് കാലമായതിനാലും ഒരുപാട് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനില്ലാത്തതിനാലും 24 മണിക്കൂറും സുരക്ഷ ജീവനക്കാര്‍ ഉണ്ടാകാറില്ല. ഇന്നലെ രാത്രി സംഭവം നടക്കുന്ന സമയത്ത് സുരക്ഷ ഉദ്യോഗസ്ഥന് പ്രധാന കവാടത്തില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം.