തൃശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വേണ്ടി ഫേസ്ബുക്കില്‍ ക്യാമ്പയിന്‍. തൃശൂര്‍ ജില്ലാ കളക്ടര്‍ അനുപമ ഐഎഎസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ക്യാമ്പയിന്‍ നടക്കുന്നത്. വിഷു ആശംസകള്‍ നേര്‍ന്നുള്ള കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ‘സേവ് രാമന്‍’ എന്ന ക്യാമ്പയിനാണ് ഇപ്പോള്‍ നടക്കുന്നത്. കളക്ടറുടെ മറ്റ് പോസ്റ്റുകള്‍ക്ക് താഴെയും ഈ ക്യാമ്പയിന്‍ നടക്കുന്നുണ്ട്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്നാണ് ആനപ്രേമികളുടെ ആവശ്യം. അതേസമയം, കുട്ടികളടക്കം 13 പേരെ കൊലപ്പെടുത്തിയ ആനയെ പൂരങ്ങളില്‍ നിന്ന് വിലക്കിയത് ശരിയായ നടപടിയാണെന്ന് നിരവധി പേര്‍ വാദിക്കുന്നുണ്ട്.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഫെബ്രുവരിയിൽ ഏർപ്പെടുത്തിയ വിലക്ക് തുടരാനാണ് നിലവിലെ തീരുമാനം. വിലക്ക് തുടരുന്ന സാഹചര്യത്തിൽ തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവിനെ എഴുന്നള്ളിക്കാൻ സാധിക്കില്ല. ഇതാണ് ആനപ്രേമികളെയും ഉത്സവ പ്രേമികളെയും നിരാശരാക്കിയത്.
Read More: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്ക് തുടരും; തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കാന്‍ സാധിക്കില്ല
ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ഉത്സവത്തിനിടെ ഇടഞ്ഞ തെച്ചിക്കോട്ടുകാവ് രണ്ടുപേരെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ആനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ വിലക്ക് നീട്ടാനാണ് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിരിക്കുന്നത്. ഇന്നലെ രാവിലെ ജില്ലാ കളക്ടർ ടിവി അനുപമയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ തല നാട്ടാന നിരീക്ഷണസമിതിയുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. വിലക്ക് പിന്‍വലിക്കാനുള്ള സാഹചര്യം നിലവില്‍ ഇല്ലെന്നും ആനയെ എഴുന്നള്ളിക്കാനുള്ള അനുമതി നല്‍കാനാവില്ലെന്നും തൃശ്ശൂര്‍ പൂരത്തിനുള്ള ആലോചനാ യോഗത്തില്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ അറിയിച്ചു.
തൃശൂര്‍ പൂരത്തിന് വിളംബരമെന്നോണം നെയ്തലക്കാവിലമ്മയുമായി തെക്കേ ഗോപുരനട തുറക്കുക തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. ഇത്തവണ വിലക്ക് തുടരുകയാണെങ്കില്‍ ഈ ചടങ്ങില്‍ നിന്ന് തെച്ചിക്കോട്ടുകാവിനെ ഒഴിവാക്കേണ്ടി വരും. പതിമൂന്ന് പേരെയാണ് തെച്ചിക്കോട്ടുകാവ് ഇതുവരെ ആക്രമിച്ച് കൊലപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ ഇന്ന് ജീവിച്ചിരിപ്പുള്ളതിൽ ഏറ്റവും ഉയരമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ഉടമസ്ഥയിലുള്ള രാമചന്ദ്രന്‍. അമ്പത് വയസിലേറെ പ്രായമുള്ള ആനക്ക് കാഴ്ചശക്തി കുറവാണ്.