തിരുവനന്തപുരം: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കിന്റെ കാര്യത്തില്‍ നിയമോപദേശം തേടുമെന്ന് സര്‍ക്കാര്‍. ആനകളെ വിട്ടുതരുന്ന കാര്യത്തില്‍ ആനയുടമകള്‍ തീരുമാനം മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ആനയുടമകൾ ഉന്നയിച്ച പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആന ഉടമകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
രാമചന്ദ്രനെ പൂരത്തിൽ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ വെള്ളിയാഴ്ച കോടതി വിധിക്കു ശേഷം തീരുമാനമെടുക്കുമെന്നും ആനപരിപാലനവുമായി ബന്ധപ്പെട്ടുള്ള മറ്റു പ്രശ്നങ്ങളിൽ മുഖ്യമന്ത്രി വിദേശയാത്ര കഴിഞ്ഞു മടങ്ങിവന്ന ശേഷം ചർച്ച ചെയ്യുമെന്നും ശേഷം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, ചർച്ചയിൽ ശുഭാപ്തി വിശ്വാസം ഉണ്ടെന്ന് എംഎൽഎയും ആനയുടമ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുകൂടിയായ കെ ബി ഗണേഷ് കുമാർ പറഞ്ഞു. സർക്കാരിന്റെ ഭാഗത്തുനിന്നും വളരെ അനുകൂലമായ ഒരു നിലപാടാണ് ഉണ്ടായതെന്ന് ഗണേഷ് കുമാർ പറഞ്ഞു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്ക് ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് പൂരത്തിന് ആനകളെ വിട്ടുതരില്ലെന്ന നിലപാടിലേക്ക് ആനയുടമകൾ പോയത്. ഇവരുമായി ചർച്ച നടത്തുമെന്നും കാര്യങ്ങൾ അനുകൂലമാകുമെന്നുമാണ് സർക്കാർ അറിയിക്കുന്നത്.
അതേസമയം, തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യനില അതീവ മോശമാണെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡൻ കളക്ടർക്ക് റിപ്പോര്‍ട്ട് നൽകിയിട്ടുണ്ട്. തെച്ചിക്കോട്ടുകാവിനെ ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിക്കുന്നത് ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ജില്ലാ കളക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തൃശൂര്‍ പൂരത്തിന് ആനയെ എഴുന്നള്ളിക്കാന്‍ സാധിക്കാത്തത് ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണെന്നാണ് വിലയിരുത്തല്‍.