തൃശൂര്‍: ഇതൊരു വലിയ ആനക്കാര്യമായിരുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തൃശൂര്‍ പൂരത്തിന് പങ്കാളിയായില്ലെങ്കില്‍ അത് സര്‍ക്കാരിനെ കടന്നാക്രമിക്കാനുള്ള ഒരു കാരണമായാണ് പലരും കണ്ടിരുന്നത്. അതിനാല്‍ ആന കാരണം ‘പുലിവാല്’ പിടിച്ചതും സര്‍ക്കാര്‍ തന്നെയാണ്. പൂരത്തിന് എഴുന്നള്ളിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയതോടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തൃശൂര്‍ പൂരത്തിന് എത്തില്ലെന്ന വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരാധകരും പൂര പ്രേമികളും ഇതിനെതിരെ രംഗത്തുവന്നു. കഴിഞ്ഞ ഒന്നര മാസത്തോളമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കുറിച്ചാണ് കേരളം ചര്‍ച്ച ചെയ്തത്. വലിയ വാദപ്രതിവാദങ്ങള്‍ക്കും തെച്ചിക്കോട്ടുകാവ് വിഷയമായി.

Ramchandran Thechikkottukavu, ie malayalam

Thechikkottukavu Ramachandran തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്ക് ഏർപ്പെടുത്തിയത്

ഫെബ്രുവരി പത്തിനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ഉത്സവത്തിനിടെ ഇടഞ്ഞ തെച്ചിക്കോട്ടുകാവ് രണ്ടുപേരെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ആനയെ പൂരത്തിന് എഴുന്നള്ളിക്കുന്നതിൽ നിന്ന് വിലക്കിയത്. ഇതോടെ തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവിനെ എഴുന്നള്ളിക്കാനുള്ള വഴികള്‍ അടഞ്ഞു. ഒരോ പതിനഞ്ച് ദിവസം കൂടുമ്പോഴും ആനയെ പരിശോധിക്കുകയും അടുത്ത പതിനഞ്ച് ദിവസത്തേക്ക് വിലക്കേർപ്പെടുത്തുകയും ചെയ്യുകയാണ് പതിവ്. വിലക്ക് പിന്‍വലിക്കാനുള്ള സാഹചര്യം നിലവില്‍ ഇല്ലെന്നും ആനയെ എഴുന്നള്ളിക്കാനുള്ള അനുമതി നല്‍കാനാവില്ലെന്നും തൃശ്ശൂര്‍ പൂരത്തിനുള്ള ആലോചനാ യോഗത്തില്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ ആവർത്തിച്ചതോടെ എഴുന്നള്ളിക്കാനുള്ള കാര്യം അനിശ്ചിതത്വത്തിലാകുകയായിരുന്നു.

നിലപാടിലുറച്ച് അനുപമ

തൃശൂർ ജില്ലാ കളക്ടർ ടി.വി.അനുപമയാണ് ആരോഗ്യപ്രശ്നങ്ങളുള്ള, അക്രമണ വാസനയുള്ള ആനയെ തൃശൂർ പൂരത്തിന് എഴുന്നള്ളിക്കാനാകില്ലെന്ന നിലപാടെടുത്തത്. നിലവിൽ, വിലക്ക് പിൻവലിക്കാനുള്ള സാധ്യതകളൊന്നും ഇല്ലെന്നും പരിശോധനകളിലൂടെയാണ് വിലക്ക് നീട്ടിയതെന്നും അനുപമ വ്യക്തമാക്കി. ചെയ്യുന്നത് ജോലിയാണെന്നും മറ്റൊന്നിനോടും പ്രതികരിക്കാൻ താൽപര്യമില്ലെന്നുമായിരുന്നു അനുപമ വിമർശനങ്ങളോട് പ്രതികരിച്ചത്.

മന്ത്രിമാരുടെ ഇടപെടൽ

ജില്ലാ കളക്ടർ ഉറച്ച നിലപാട് എടുത്തതോടെ സർക്കാർ പ്രതിരോധത്തിലായി. ശബരിമലയ്ക്ക് പിന്നാലെ ഇടതുപക്ഷ സർക്കാർ ആചാരങ്ങളിൽ കടന്നുകയറാൻ ശ്രമങ്ങൾ നടത്തുന്നതായി വിമർശനമുയർന്നു. പ്രതിരോധത്തിലായതോടെ എന്ത് വിലകൊടുത്തും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരത്തിന് എഴുന്നള്ളിക്കാൻ ശ്രമങ്ങൾ തുടരുമെന്ന് ജില്ലയിൽ നിന്നുള്ള മന്ത്രി വി.എസ്.സുനിൽകുമാർ അറിയിച്ചു. എന്നാൽ, ഗുരുതര പ്രശനങ്ങളുള്ള ആനയെ എഴുന്നള്ളിപ്പിക്കാൻ സാധിക്കില്ലെന്നും ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രധാന്യം നൽകേണ്ടതെന്നും മന്ത്രി സുനിൽ കുമാറിന്റെ തന്നെ പാർട്ടിയിൽ നിന്നുള്ള വനംമന്ത്രി കെ.രാജു നിലപാടെടുത്തു. ദേവസ്വം മന്ത്രിയും വിഷയത്തിൽ ഇടപെട്ടു. ഹെെക്കോടതി എന്ത് പറയുന്നോ അതിനനുസരിച്ച് സർക്കാർ തീരുമാനമെടുക്കുമെന്നായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചത്.

Read More: അക്രമ സ്വഭാവമുള്ള ആനയെ ഉത്സവത്തിന് എഴുന്നെള്ളിച്ചാലുള്ള ബുദ്ധിമുട്ട് വളരെ വലുതായിരിക്കും: വനംമന്ത്രി

ഹെെക്കോടതി ഇടപെടൽ

ദേവസ്വം സമർപ്പിച്ച ഹർജിയിൽ ഹെെക്കോടതി ഇടപെടാൻ വിസമ്മതിച്ചു. ഉത്തരവാദിത്തപ്പെട്ടവർ അന്തിമ തീരുമാനമെടുക്കട്ടെ എന്നായി ഹെെക്കോടതി. ജില്ലാ കളക്ടർ അധ്യക്ഷയായ സമിതിക്ക് അന്തിമ തീരുമാനമെടുക്കാൻ ഹെെക്കോടതി അനുവാദം നൽകി.

കളക്ടർക്ക് സമ്മർദം

അന്തിമ തീരുമാനമെടുക്കാൻ ജില്ലാ കളക്ടർക്ക് അനുമതി നൽകിയതോടെ തെച്ചിക്കോട്ടുകാവ് ദേവസ്വം ജില്ലാ കളക്ടർക്ക് വീണ്ടും നിവേദനം നൽകി. കളക്ടർക്ക് മേൽ നിരവധി പേർ സമ്മർദം ചെലുത്തി. ദേവസ്വം നൽകിയ നിവേദനത്തിൽ കളക്ടർക്ക് നിയമോപദേശം ലഭിക്കുകയായിരുന്നു. തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കാൻ തീരുമാനിക്കുകയാണെങ്കിൽ അതിന് കർശന നിബന്ധനകൾ വേണമെന്നാണ് സർക്കാർ കഴിഞ്ഞ ദിവസം നിയമോപദേശം നൽകിയത്. ആനയെ പങ്കെടുപ്പിക്കേണ്ട കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കളക്ടർ അധ്യക്ഷയായ ജില്ലാതല ഉൽസവ സമിതി തന്നെയാണന്നും നിയമോപദേശത്തിൽ വ്യക്തമാക്കിയിരുന്നു. ആനയെ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം ഹൈക്കോടതി കളക്ടർക്ക് വിട്ട സാഹചര്യത്തിൽ തെച്ചിക്കോട്ടുകാവ് ദേവസ്വം കളക്ടർക്ക് നിവേദനം നൽകിയതിനെ തുടർന്നാണ് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ രജ്ഞിത് തമ്പാൻ കളക്ടർക്ക് ശുപാർശ നൽകിയത്.

Read More: ചെയ്യുന്നത് ജോലി, മറ്റൊന്നിനോടും പ്രതികരിക്കാനില്ല: അനുപമ ഐ.എ.എസ്

ആരോഗ്യ പരിശോധന നടത്തണമെന്ന് കളക്ടർ

നിയമോപദേശം ലഭിച്ചതോടെ ആരോഗ്യനില പരിശോധിച്ച് മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെങ്കിൽ ചടങ്ങിന് എഴുന്നള്ളിക്കാമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. വിദഗ്ധ സംഘമെത്തി പരിശോധനകൾ നടത്തുകയും ചെയ്തു. ആനയുടെ ആരോഗ്യനില തൃപ്തികരമെന്ന് പറഞ്ഞ ഡോക്ടർമാർ റിപ്പോർട്ട് കളക്ടർക്ക് കെെമാറുകയായിരുന്നു. മദപ്പാടിന്റെ ലക്ഷണമില്ലെന്നും ശരീരത്തിൽ മുറിവുകളില്ലെന്നും ഡോക്ടർമാർ അറിയിച്ചു. റിപ്പോർട്ട് പരിശോധിച്ച ശേഷം തൃശൂർ ജില്ലാ കളക്ടർ ടി.വി.അനുപമയാണ് തെച്ചിക്കോട്ടുകാവിന് ഉപാധികളോടെ അനുമതി നൽകിയത്.

അനുമതി നൽകിയത് ഉപാധികളോടെ

കർശന ഉപാധികളോടെയാണ് തെച്ചിക്കോട്ടുകാവിന് തൃശൂർ പൂരത്തിന്റെ വിളംബരമെന്നോണം തെക്കേ ഗോപുരനട തുറക്കാൻ അനുമതി നൽകിയത്. തൃശൂര്‍ ജില്ലാ കളക്ടറാണ് അനുമതി നല്‍കിയിരിക്കുന്നത്. തെച്ചിക്കോട്ടുകാവിന് നിലനില്‍ക്കുന്ന വിലക്ക് ഒരു മണിക്കൂര്‍ നേരത്തേക്കാണ് ഒഴിവാക്കിയിരിക്കുന്നത്. നാളെ രാവിലെ 9.30 മുതല്‍ 10.30 വരെയാണ് തെച്ചിക്കോട്ടുകാവിനെ പൂരം ചടങ്ങിനായി എഴുന്നള്ളിക്കാന്‍ സാധിക്കുക. നാല് പാപ്പാന്‍മാര്‍ ആനയുടെ കൂടെ വേണം. പത്ത് മീറ്റര്‍ ചുറ്റളവില്‍ ബാരിക്കേഡ് കെട്ടി ജനങ്ങളെ മാറ്റി നിര്‍ത്തണം തുടങ്ങിയ കാര്യങ്ങളും ഉപാധികളായി വച്ചിട്ടുണ്ട്. തെക്കേ ഗോപുരനട തുറക്കുക എന്ന ചടങ്ങിന് തുടർച്ചയായി ആറാം തവണയാണ് തെച്ചിക്കോട്ടുകാവ് എത്തുന്നത്.

Read More: വിഷു ആശംസകള്‍ നേര്‍ന്നുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെ ‘സേവ് രാമന്‍’ ക്യാമ്പയിന്‍

ആരാണ് ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ

318 സെന്റീമീറ്റർ ഉയരവും 340 സെന്റീമീറ്റർ ഉടൽ നീളവും ഉള്ള ലക്ഷണമൊത്ത തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് കേരളത്തിൽ നിരവധി ആരാധകരുണ്ട്. ഏഷ്യൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആനയും ഏറ്റവും കൂടുതല്‍ തലപൊക്കമുള്ള ആനയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെന്ന 54 ലേറെ വയസുള്ള ഗജരാജനാണ്. ബിഹാറില്‍ നിന്നാണ് തെച്ചിക്കോട്ടുകാവിനെ കേരളത്തിലെത്തിച്ചത്. ആദ്യ പേര് മോത്തി പ്രസാദ് എന്നായിരുന്നു. തൃശൂരിലെ വെങ്കിടാദ്രിസ്വാമിയാണ് ബിഹാറിലെ ആനച്ചന്തയില്‍ നിന്ന് തെച്ചിക്കോട്ടുകാവിനെ വാങ്ങിയത്. കേരളത്തിലെത്തിച്ചപ്പോള്‍ ആനയുടെ പേര് ഗണശേന്‍ എന്നാക്കി. തൃശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ദേവസ്വം 1984 ല്‍ ഗണേശനെ വാങ്ങി. പിന്നീടാണ് പേര് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്നാക്കിയത്. തെച്ചിക്കോട്ടുകാവ് ഭഗവതിയുടെ പ്രത്യേക ഇഷ്ടാനുസരണമാണ് രാമനെ ക്ഷേത്രത്തില്‍ നടയ്ക്കിരുത്തിയെന്നാണ് വിശ്വാസം. എകഛത്രാധിപതി, ഗജരാജകേസരി, ഗജസാമ്രാട്ട്, ഗജചക്രവര്‍ത്തി തുടങ്ങി ബഹുമതികള്‍ രാമചന്ദ്രന്‍ നേടിയിട്ടുണ്ട്.

Thechikkottukavu Ramachandran

Thechikkottukavu Ramachandran

മോശം ആരോഗ്യസ്ഥിതിയും അക്രമണ മനോഭാവവും

ഇതുവരെ 13 പേരെ തെച്ചിക്കോട്ടുകാവ് കൊലപ്പെടുത്തിയെന്നാണ് കണക്കുകൾ. കൂട്ടാനകളെ ആക്രമിക്കുന്ന ശീലവും രാമചന്ദ്രനുണ്ട്. ആരോഗ്യസ്ഥിതി മോശമാണെന്ന് വൈദ്യസംഘം നേരത്തെ വിലയിരുത്തിയിട്ടുണ്ട്. വലത് കണ്ണിന് പൂര്‍ണ്ണമായും കാഴ്ചയില്ല. ഇടത് കണ്ണിന് ഭാഗികമായി കാഴ്ച കുറവ്‌. ചെറിയ ശബ്ദം കേട്ടാല്‍ പോലും പരിഭ്രാന്തനാകാന്‍ സാധ്യത. ഇക്കാരണങ്ങളാലാണ് തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

ആരോപണങ്ങളെ നിഷേധിച്ച് തെച്ചിക്കോട്ടുകാവ് ദേവസ്വം 

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കുറിച്ച് സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നാണ് തെച്ചിക്കോട്ടുകാവ് ദേവസ്വം അധികൃതർ പറയുന്നത്. 13 പേരെ തെച്ചിക്കോട്ടുകാവ് കൊന്നു എന്ന് പറയുന്നതിൽ വാസ്തവമില്ലെന്നും ഏഴ് പേരെ കൊന്നതായേ കണക്കുകളുള്ളൂ എന്നുമാണ് ദേവസ്വം ബോർഡ് അധികൃതർ പറയുന്നത്. ഇതുവരെ ഒരു പാപ്പാനെ പോലും തെച്ചിക്കോട്ടുകാവ് കൊന്നിട്ടില്ല എന്നും തെച്ചിക്കോട്ടുകാവ് ദേവസ്വം അധികൃതർ പറയുന്നു.

തെച്ചിക്കോട്ടുകാവിന് ഇടത് കണ്ണിന് പൂര്‍ണ്ണമായും കാഴ്ച ശക്തിയുണ്ടെന്നും ദേവസ്വം വാദിക്കുന്നു. തെച്ചിക്കോട്ടുകാവിന്റെ ആക്രമണത്തില്‍ രണ്ട് ആനകള്‍ ചെരിഞ്ഞു എന്നുള്ളതും വസ്തുതയില്ലാത്ത കാര്യമാണ്. പൂരത്തിനിടയില്‍ കൂട്ടാനകളെ കുത്തിയിട്ടുണ്ടെങ്കിലും അവ ചെരിഞ്ഞത് പിന്നെയും കുറേ നാളുകള്‍ക്ക് ശേഷമാണ്. കാലിനിടയില്‍ പടക്കം പൊട്ടിച്ചപ്പോഴാണ് ഗുരുവായൂരില്‍ വച്ച് തെച്ചിക്കോട്ടുകാവ് ദൗര്‍ഭാഗ്യകരമായി ഇടഞ്ഞതും രണ്ട് പേര്‍ കൊല്ലപ്പെടാന്‍ കാരണമായതെന്നും ദേവസ്വം അധികൃതരും തെച്ചിക്കോട്ടുകാവിന്റെ പാപ്പാന്‍മാരും പങ്കുവച്ചു.

Thechikkottukavu Ramachandran

തൃശൂർ പൂരത്തിന് മേന്മ കൂട്ടിയ തെച്ചിക്കോട്ടുകാവ്

പൂരത്തലേന്ന് നെയ്തലക്കാവിലമ്മയുമായി വന്ന് വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറക്കുന്നത് ഒരു ചടങ്ങുമാത്രമായിരുന്നു. എന്നാൽ, 2014 ൽ തെക്കേ ഗോപുരനട തുറക്കാൻ തെച്ചിക്കോട്ടുകാവിനെ കൊണ്ടുവരികയായിരുന്നു. തെച്ചിക്കോട്ടുകാവ് എത്തിയതോടെ പൂരവിളംബരത്തിന് ആരാധകരുടെ എണ്ണവും കൂടി. തെച്ചിക്കോട്ടുകാവ് തെക്കേ ഗോപുരനട തുറക്കുന്നത് കാണാൻ പിന്നീടങ്ങോട്ട് ആയിരങ്ങളെത്താൻ തുടങ്ങി. ആരാധകർ തെച്ചിക്കോട്ടുകാവിനെ മാസ് പരിവേഷമാണ് നൽകിയത്. തെക്കേ ഗോപുര നട തുറന്ന് തെച്ചിക്കോട്ടുകാവ് പുറത്തിറങ്ങുന്ന ചിത്രങ്ങളാണ് ഇപ്പോൾ തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ഏറെ ശ്രദ്ധേയമാകുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.