തൃശൂർ: ആനപ്രേമികളുടെ പ്രിയപ്പെട്ട താരം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉത്സവങ്ങളിൽ എഴുന്നള്ളിക്കാൻ അനുമതി. അതേസമയം കാഴ്ചക്കുറവുള്ള ആനയെ എഴുന്നള്ളിക്കാൻ അനുമതി നൽകിയതിനെതിരെ ആന സംരക്ഷണ പ്രവർത്തകർ രംഗത്തെത്തി.

കർശന നിയന്ത്രണങ്ങളോടെ ആനയെ ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കാമെന്ന് നാട്ടാന പരിപാലന തൃശൂർ ജില്ലാ മോണിറ്ററിങ് കമ്മിറ്റിയുടേതാണ് തീരുമാനം. രണ്ട് മാസം പരീക്ഷണാടിസ്ഥാനത്തിലാണ് എഴുന്നള്ളിപ്പ് നടത്തുക. തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ മാത്രമാണ് ആനയെ ഉത്സവത്തിനായി എഴുന്നള്ളിക്കാൻ അനുമതി നൽകിയിരിക്കുന്നത്.

ആളുകൾക്കിടയിൽ നിന്ന് അഞ്ച് മീറ്റർ ദൂരപരിധിയിലെ രാമചന്ദ്രനെ എഴുന്നള്ളിക്കാൻ പറ്റൂ. രാമചന്ദ്രന്റെ വലത്തെ പിൻ കാലിലെ മുറിവും കൂടി പരിഗണിച്ചാണ് നിർദേശം. രണ്ടു ദിവസം ഇടവിട്ട് മാത്രമേ എഴുന്നള്ളിപ്പിന് കൊണ്ട് പോകാൻ അനുമതിയുള്ളൂ.ആനയുടെ എഴുന്നള്ളിപ്പ് പൂർണമായും മോണിറ്ററിങ് കമ്മിറ്റിയുടെ നിയന്ത്രണത്തിലായിരിക്കും. നാല് പാപ്പാന്മാർ കൂടെ ഉണ്ടായിരിക്കണം. ആഴ്ച തോറും പരിശോധന നടത്തി ഫിറ്റ്നസ് ഉറപ്പ് വരുത്തിയിരിക്കണം എന്നീ നിർദേശങ്ങളുമുണ്ട്.

ആനയുടെ എഴുന്നള്ളിപ്പ് സംബന്ധിച്ച പരിപാടികളുടെ പട്ടികയും സമയക്രമവും തെച്ചിക്കോട്ടുകാവ് ദേവസ്വം അധികൃതർ മുൻകൂട്ടി മോണിറ്ററിങ് കമ്മിറ്റിയെ അറിയിക്കണം. എഴുന്നളളിപ്പിനിടയിൽ ആന ഇടഞ്ഞാൽ ഉണ്ടാകുന്ന നാശനഷ്ടങ്ങളുടെ ഉത്തരവാദിത്വം തെച്ചിക്കോട്ടുകാവ് ദേവസ്വത്തിനായിരിക്കും. ആനയുടെ സുരക്ഷ മുൻനിർത്തി എഴുന്നള്ളിക്കുന്ന പ്രദേശത്തെ ഡിഎഫ്ഒ, വെറ്റിനറി ഡോക്ടർ എന്നിവരേയും വിവരാമറിയിക്കണം. ഈ തീരുമാനങ്ങൾ അംഗീകരിച്ച് തെച്ചിക്കോട്ടുകാവ് ദേവസ്വം കളക്ടർക്ക് മുൻപാകെ അഫിഡഫിറ്റ് നൽകാനും നിർദേശമുണ്ട്.

അതേസമയം ആനയുടെ അവശത പരിഗണിച്ചത് വലിയ കാര്യമാണെന്ന് ഹെറിറ്റേജ് ആനിമൽ ടാസ്ക് ഫോഴ്സ് സെക്രട്ടറി വെങ്കിടാചലം. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുള്ള കർശന നിയന്ത്രണങ്ങൾ മറ്റ് ആനകൾക്കും നടപ്പാക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. ആനയെ എഴുന്നള്ളിക്കുന്നതിനോട് പൂർണ എതിർപ്പുള്ളപ്പോഴും എഴുന്നള്ളിക്കുന്നെങ്കിൽ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

“തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പരമാവധി ഒരു മണിക്കൂറിലധികം എഴുന്നള്ളക്കാൻ പാടില്ല. അത് ആനയുടെയും ആളുകളുടെ സുരക്ഷ മാനിച്ചാണ്. സിസിടിവി ഉൾപ്പടെയുള്ള സുരക്ഷ നിരീക്ഷണ സംവിധാനങ്ങളും ഒരുക്കണം. ആനയ്ക്ക് കണ്ണ് കാണില്ലെന്നും പല്ല് ഇല്ലാത്തതിനാൽ ആഹാരം കഴിക്കാനും ബുദ്ധിമുട്ടുള്ള ആന അപകടമുണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്.” വെങ്കിടാചലം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.