തൃശൂര്‍: തൃശൂര്‍ പൂരത്തിന് വിളംബരമെന്നോണം വടക്കുംനാഥ ക്ഷേത്രത്തിലെ തെക്കേ ഗോപുരനട തുറക്കാന്‍ നെയ്തലക്കാവ് ഭഗവതിയുമായി ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തും. പൂരത്തിന് തെച്ചിക്കോട്ടുകാവിനെ എഴുന്നള്ളിക്കാൻ ഉപാധികളോടെ അനുമതി ലഭിച്ചു. തൃശൂര്‍ ജില്ലാ കളക്ടറാണ് അനുമതി നല്‍കിയിരിക്കുന്നത്. തെച്ചിക്കോട്ടുകാവിന് നിലനില്‍ക്കുന്ന വിലക്ക് ഒരു മണിക്കൂര്‍ നേരത്തേക്കാണ് ഒഴിവാക്കിയിരിക്കുന്നത്. നാളെ രാവിലെ 9.30 മുതല്‍ 10.30 വരെയാണ് തെച്ചിക്കോട്ടുകാവിനെ പൂരം ചടങ്ങിനായി എഴുന്നള്ളിക്കാന്‍ സാധിക്കുക. നാല് പാപ്പാന്‍മാര്‍ ആനയുടെ കൂടെ വേണം. പത്ത് മീറ്റര്‍ ചുറ്റളവില്‍ ബാരിക്കേഡ് കെട്ടി ജനങ്ങളെ മാറ്റി നിര്‍ത്തണം തുടങ്ങിയ കാര്യങ്ങളും ഉപാധികളായി വച്ചിട്ടുണ്ട്. തെക്കേ ഗോപുരനട തുറക്കുക എന്ന ചടങ്ങിന് തുടർച്ചയായി ആറാം തവണയാണ് തെച്ചിക്കോട്ടുകാവ് എത്തുന്നത്.

Read More: ‘ഏഴ് പേരെ മാത്രമേ കൊന്നിട്ടുള്ളൂ, 13 എന്നൊക്കെ വെറുതെ പറയുന്നതാ’; തെച്ചിക്കോട്ടുകാവ് ദേവസ്വം

തൃശൂർ പൂരത്തിന്‍റെ എഴുന്നെള്ളിപ്പിൽ നിന്നും വിലക്കിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ ആരോഗ്യനില പരിശോധന നേരത്തെ പൂർത്തിയായിരുന്നു. ആനയുടെ ആരോഗ്യനില തൃപ്തികരമെന്ന് പറഞ്ഞ ഡോക്ടർമാർ റിപ്പോർട്ട് കളക്ടർക്ക് കെെമാറുകയായിരുന്നു. വിദഗ്ധ സംഘം എത്തിയാണ് പരിശോധന നടത്തിയത്. മദപ്പാടിന്റെ ലക്ഷണമില്ലെന്നും ശരീരത്തിൽ മുറിവുകളില്ലെന്നും ഡോക്ടർമാർ അറിയിച്ചു. റിപ്പോർട്ട് പരിശോധിച്ച ശേഷം തൃശൂർ ജില്ലാ കളക്ടർ ടി.വി.അനുപമയാണ് തെച്ചിക്കോട്ടുകാവിന് അനുമതി നൽകിയത്.

ഫിറ്റ്നെസ് ഉറപ്പാക്കിയ ശേഷം പൂര വിളംബരത്തിന് എഴുന്നെള്ളിക്കാൻ മാത്രം അനുമതി നല്‍കുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചിരുന്നു. ആനകളെ വിട്ടു നല്‍കുമെന്ന് ആനഉടമകളും അറിയിച്ചതോടെ തൃശൂർ പൂരത്തിലെ പ്രതിസന്ധിക്ക് പരിഹാരമായി.

തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കാൻ തീരുമാനിക്കുകയാണെങ്കിൽ അതിന് കർശന നിബന്ധനകൾ വേണമെന്നാണ് സർക്കാർ കഴിഞ്ഞ ദിവസം നിയമോപദേശം നൽകിയത്. ആനയെ പങ്കെടുപ്പിക്കേണ്ട കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കലക്ടർ അധ്യക്ഷയായ ജില്ലാതല ഉൽസവ സമിതി തന്നെയാണന്നും നിയമോപദേശത്തിൽ വ്യക്തമാക്കിയിരുന്നു. ആനയെ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം ഹൈക്കോടതി കലക്ടർക്ക് വിട്ട സാഹചര്യത്തിൽ തെച്ചിക്കോട്ടുകാവ് ദേവസ്വം കലക്ടർക്ക് നിവേദനം നൽകിയതിനെ തുടർന്നാണ് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ രജ്ഞിത് തമ്പാൻ കലക്ടർക്ക് ശുപാർശ നൽകിയത്.

Read More: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യക്ഷമത വിദഗ്ധ സംഘം നാളെ പരിശോധിക്കും

ആനയെ എഴുന്നെള്ളിക്കാൻ അനുവദിച്ചാൽ പൂർണ ഉത്തരവാദിത്തം ഉടമ ഏറ്റടുക്കണം എന്നതടക്കമുള്ളതാണ് നിബന്ധനകൾ. എല്ലാ മുൻകരുതലുകളും എടുക്കണം. ആനക്ക് ഇൻഷുറൻസും മറ്റ് അനുബന്ധ രേഖകളും ഉണ്ടന്ന്
ഉറപ്പാക്കിയതിനു ശേഷമേ അനുമതി നൽകാവൂ. ആനക്ക് പ്രകോപനം ഉണ്ടാവാത്ത തരത്തിലുള്ള സുരക്ഷാ സന്നാഹം ഉറപ്പാക്കണം. കാണികളുമായി നിശ്ചിത അകലം പാലിക്കണം. അനുമതി നൽകുന്നുണ്ടെങ്കിൽ
ഇത്തവണത്തെ പൂര വിളംബരത്തിന് മാത്രമായേ നൽകാവൂ. ഇത് മറ്റ് ഉത്സവങ്ങൾക്ക് ബാധകമാക്കരുതെന്നും അഡീഷണൽ എജി നിർദേശിച്ചിട്ടുണ്ട്.

മുൻ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി നെയ്തലക്കാവില്‍ നിന്ന് ആനയെ ലോറിയിലായിരിക്കും വടക്കുംനാഥനിലെത്തിക്കുക. തുടര്‍ന്ന് ഒന്നര മണിക്കൂറിനകം ചടങ്ങ് പൂര്‍ത്തിയാക്കണം. ജനങ്ങളെ ബാരിക്കേഡ് കെട്ടി നിയന്ത്രിക്കും. ആനയ്ക്ക് നേരത്തെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉളളതിനാല്‍ പുതിയ പരിശോധന വെറും സാങ്കേതികത്വം മാത്രമാകും.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ഇടപെടാന്‍ നേരത്തെ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. വിഷയത്തില്‍ ഇടപെടാനില്ലെന്നും ഹൈക്കോടതി രാമചന്ദ്രന്റെ വിഷയത്തില്‍ ഉചിതമായ അധികാരകേന്ദ്രങ്ങള്‍ തന്നെ തീരുമാനമെടുക്കട്ടെ എന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

പൂരം എഴുന്നള്ളിപ്പിന് തെച്ചിക്കോട്ടുകാവിനെ പങ്കെടുപ്പിക്കരുതെന്നായിരുന്നു ജില്ലാ കലക്ടർ ടി.വി.അനുപമയുടെ റിപ്പോർട്ട്. ആനയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഒരു കണ്ണിന് കാഴ്ചയില്ലെന്നും മറ്റേ കണ്ണിന് കാഴ്ച കുറവാണെന്നും ജില്ലാ കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

കുട്ടികളടക്കം 13 പേരെ കൊലപ്പെടുത്തിയ ആന സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് ജില്ലാ നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ട്. ആനയ്ക്ക് ഗുരുതരമായ ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ പൂരത്തിന് എഴുന്നള്ളിക്കരുതെന്നാണ് ജില്ലാ നിരീക്ഷക സമിതിയുടെ നിലപാട്. രാമചന്ദ്രനെ വിലക്കിയുള്ള ഉത്തരവ് പുനഃപരിശോധിക്കില്ല എന്ന് ജില്ലാ കലക്ടര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളുള്ള തെച്ചിക്കോട്ടുകാവിനെ ഒരു വിധത്തിലും എഴുന്നള്ളിപ്പിനിറക്കാന്‍ കഴിയില്ല എന്ന കലക്ടറുടെ മുന്‍ നിലപാടില്‍ അയവ് വരുമോ എന്നാണ് എല്ലാവരും ഇപ്പോൾ ഉറ്റുനോക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.