കൊച്ചി: തൃശൂര്‍ പൂരത്തിന്റെ എഴുന്നള്ളിപ്പില്‍ നിന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തൃശൂര്‍ ജില്ലാ കളക്ടര്‍ അധ്യക്ഷയായ നാട്ടാന നിരീക്ഷക സമിതിയുടെ വിലക്ക് ചോദ്യം ചെയ്താണ് തെച്ചിക്കോട്ടുകാവ് ദേവസ്വം അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
കുട്ടികളടക്കം 13 പേരെ കൊലപ്പെടുത്തിയ ആന സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നാണ് ജില്ലാ നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ട്. ആനയ്ക്ക് ഗുരുതരമായ ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ പൂരത്തിന് എഴുന്നള്ളിക്കരുതെന്നാണ് ജില്ലാ നിരീക്ഷക സമിതിയുടെ നിലപാട്. രാമചന്ദ്രനെ വിലക്കിയുള്ള ഉത്തരവ് പുനഃപരിശോധിക്കില്ല എന്ന് ജില്ലാ കളക്ടര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
Read More: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കാര്യത്തില്‍ നിയമോപദേശം തേടുമെന്ന് സര്‍ക്കാര്‍
എന്നാൽ, ശാസ്ത്രീയ പരിശോധനകൾ നടത്താതെയാണ് ആനയ്ക്ക് കാഴ്ചയില്ലെന്ന് മോണിറ്ററിങ് കമ്മിറ്റി നിലപാടെടുക്കുന്നതെന്നാണ് ദേവസ്വത്തിന്റെ വാദം. കേസിൽ സർക്കാർ ഇന്ന് കോടതിയിൽ സ്വീകരിക്കുന്ന നിലപാടും നിർണായകമാണ്.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യനില അതീവ മോശമാണെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ റിപ്പോര്‍ട്ടുണ്ട്. തെച്ചിക്കോട്ടുകാവിനെ ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിക്കുന്നത് ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ജില്ലാ കളക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തൃശൂര്‍ പൂരത്തിന് ആനയെ എഴുന്നള്ളിക്കാന്‍ സാധിക്കാത്തത് ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണെന്നാണ് വിലയിരുത്തല്‍.
Read More: അക്രമ സ്വഭാവമുള്ള ആനയെ ഉത്സവത്തിന് എഴുന്നെള്ളിച്ചാലുള്ള ബുദ്ധിമുട്ട് വളരെ വലുതായിരിക്കും: വനംമന്ത്രി
തെച്ചിക്കോട്ടുകാവിന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണ്. ആനയെ അമിതമായി ജോലി ചെയ്യിക്കുന്ന അവസ്ഥയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എട്ട് ദിവസത്തിനിടെ 750 മണിക്കൂര്‍ വരെ ആനയെ യാത്ര ചെയ്യിപ്പിച്ച സന്ദര്ഭങ്ങളുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. റെക്കോര്‍ഡുകള്‍ പ്രകാരം ആനയ്ക്ക് 54 വയസാണ് കാണിക്കുന്നത്. എന്നാല്‍, ആരോഗ്യസ്ഥിതി പരിഗണിക്കുമ്പോള്‍ അതിനേക്കാള്‍ പ്രായമുണ്ടാകാനുള്ള സാധ്യതകളാണ് കാണുന്നത്.
ആനയ്ക്ക് വലിയ രീതിയില്‍ ദഹന പ്രശ്നങ്ങളുണ്ട്. ദഹന പ്രശ്നങ്ങളാണ് പ്രായം വളരെ കൂടുതലാകാന്‍ സാധ്യതയുള്ളതിന് തെളിവായി വൈല്‍ഡ് ലൈഫ് വാര്ഡന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആനയ്ക്ക് സാധാരണ കാഴ്ച ശക്തി പോലുമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. തെച്ചിക്കോട്ടുകാവിന് വലത് കണ്ണിന് കാഴ്ച ശക്തിയില്ല. ഒറ്റക്കണ്ണ് കൊണ്ടാണ് ചുറ്റുപാടും നോക്കികാണുന്നത്. അതിനാല്‍ തന്നെ അക്രമാസക്തനാകാന്‍ സാധ്യത വളരെ കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്. മാത്രമല്ല, ജോലി ഭാരം കുറച്ചും യാത്രകള്‍ ഒഴിവാക്കിയും തെച്ചിക്കോട്ടുകാവിന് പൂര്‍ണ വിശ്രമം അനുവദിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.