തൃശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കുറിച്ച് സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് തെച്ചിക്കോട്ടുകാവ് ദേവസ്വം. 13 പേരെ ആന കൊന്നിട്ടുണ്ട് എന്നാണ് പറയുന്നത്. എന്നാല്‍, ഏഴ് പേരെ മാത്രമേ തെച്ചിക്കോട്ടുകാവ് കൊന്നിട്ടുള്ളൂ. നിരവധി പാപ്പാന്‍മാരെ തെച്ചിക്കോട്ടുകാവ് കൊന്നിട്ടുണ്ടെന്നൊക്കെ വെറുതെ പറയുന്നതാണെന്നും ഇതുവരെ ഒരു പാപ്പാനെ പോലും തെച്ചിക്കോട്ടുകാവ് കൊന്നിട്ടില്ല എന്നുമാണ് തെച്ചിക്കോട്ടുകാവ് ദേവസ്വം അധികൃതരും ആനയുടെ പാപ്പാന്‍മാരും പ്രതികരിക്കുന്നത്.

Read More: തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ; റിപ്പോർട്ട് കൈമാറും

തെച്ചിക്കോട്ടുകാവ് പ്രശ്‌നക്കാരനാണെന്ന് വരുത്തിതീര്‍ക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. ഏഴ് പേരെ കൊന്നതിനേ ഇതുവരെ റിപ്പോര്‍ട്ടുള്ളൂ. അതില്‍ ദേവസ്വത്തിന് ഖേദമുണ്ട്. എന്നാല്‍, തെച്ചിക്കോട്ടുകാവ് അപകടകാരിയാണെന്ന് വരുത്തിതീര്‍ക്കാനാണ് പലരും ശ്രമിക്കുന്നതെന്നും ദേവസ്വം അധികൃതര്‍ പറയുന്നു.

തെച്ചിക്കോട്ടുകാവിന് ഇടത് കണ്ണിന് പൂര്‍ണ്ണമായും കാഴ്ച ശക്തിയുണ്ടെന്നും ദേവസ്വം വാദിക്കുന്നു. തെച്ചിക്കോട്ടുകാവിന്റെ ആക്രമണത്തില്‍ രണ്ട് ആനകള്‍ ചെരിഞ്ഞു എന്നുള്ളതും വസ്തുതയില്ലാത്ത കാര്യമാണ്. പൂരത്തിനിടയില്‍ കൂട്ടാനകളെ കുത്തിയിട്ടുണ്ടെങ്കിലും അവ ചെരിഞ്ഞത് പിന്നെയും കുറേ നാളുകള്‍ക്ക് ശേഷമാണ്. കാലിനിടയില്‍ പടക്കം പൊട്ടിച്ചപ്പോഴാണ് ഗുരുവായൂരില്‍ വച്ച് തെച്ചിക്കോട്ടുകാവ് ദൗര്‍ഭാഗ്യകരമായി ഇടഞ്ഞതും രണ്ട് പേര്‍ കൊല്ലപ്പെടാന്‍ കാരണമായതെന്നും ദേവസ്വം അധികൃതരും തെച്ചിക്കോട്ടുകാവിന്റെ പാപ്പാന്‍മാരും പങ്കുവച്ചു.

Read More: ‘രാമന്‍ വേണോ വേണ്ടയോ?’; കലക്ടര്‍ക്ക് മേല്‍ സമ്മര്‍ദമേറുന്നു

അതേസമയം, തൃശൂർ പൂരത്തിന്‍റെ എഴുന്നെള്ളിപ്പിൽ നിന്നും വിലക്കിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ ആരോഗ്യനില പരിശോധന പൂർത്തിയായി. ആനയുടെ ആരോഗ്യനില തൃപ്തികരമെന്ന് പറഞ്ഞ ഡോക്ടർമാർ രണ്ട് മണിക്കൂറിനുള്ളിൽ റിപ്പോർട്ട് കളക്ടർക്ക് കൈമാറും. വിദഗ്ധ സംഘം എത്തിയാണ് പരിശോധന നടത്തിയത്. മദപ്പാടിന്റെ ലക്ഷണമില്ലെന്നും ശരീരത്തിൽ മുറിവുകളില്ലെന്നും ഡോക്ടർമാർ അറിയിച്ചു.

ഫിറ്റ്നെസ് ഉറപ്പാക്കിയ ശേഷം പൂര വിളംബരത്തിന് എഴുന്നെള്ളിക്കാൻ മാത്രം അനുമതി നല്‍കുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചിരുന്നു. ആനകളെ വിട്ടു നല്‍കുമെന്ന് ആനഉടമകളും അറിയിച്ചതോടെ തൃശൂർ പൂരത്തിലെ പ്രതിസന്ധിക്ക് പരിഹാരമായി.

Read More: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് 54 വയസിനേക്കാള്‍ കൂടുതല്‍ പ്രായമുണ്ടാകാം; കാഴ്ചയുള്ളത് ഒരു കണ്ണിന് മാത്രം

തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കാൻ തീരുമാനിക്കുകയാണെങ്കിൽ അതിന് കർശന നിബന്ധനകൾ വേണമെന്നാണ് നിയമോപദേശം. ആനയെ പങ്കെടുപ്പിക്കേണ്ട കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കലക്ടർ അധ്യക്ഷയായ ജില്ലാതല ഉൽസവ സമിതി തന്നെയാണന്നും നിയമോപദേശത്തിൽ പറയുന്നു. ആനയെ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം ഹൈക്കോടതി കലക്ടർക്ക് വിട്ട സാഹചര്യത്തിൽ തെച്ചിക്കോട്ടുകാവ് ദേവസ്വം കലക്ടർക്ക് നിവേദനം നൽകിയതിനെ തുടർന്നാണ് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ രജ്ഞിത് തമ്പാൻ കലക്ടർക്ക് ശുപാർശ നൽകിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.