കൊച്ചി: തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽനിന്നും ദിലീപിനെ പുറത്താക്കില്ലെന്ന് ജനറൽ സെക്രട്ടറി എം.സി.ബോബി. ദിലീപ് സംഘടനയിൽ അംഗമായി തുടരും. ഇപ്പോൾ ഉയർന്നിരിക്കുന്ന വിവാദം സിനിമാ മേഖലയെ പ്രതിസന്ധിയിലാക്കുന്നതാണ്. വിവാദങ്ങളും പ്രശ്‌നങ്ങളും തുടര്‍ന്നു കൊണ്ട് പോകുന്നത് എല്ലാവരും സ്വന്തം ചോറില്‍ മണ്ണ് വാരിയിടുന്നത് പോലെയാണെന്നും അദ്ദേഹം പറഞ്ഞു.

നടിയെ ആക്രമിച്ച കേസ് കോടതിയിലാണ്. കേസിൽ ദിലീപ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ അപ്പോള്‍ നടപടി സ്വീകരിക്കാം. മുന്‍വിധികളുടെ അടിസ്ഥാനത്തില്‍ ദിലീപ് കുറ്റക്കാരനാണെന്ന് പറഞ്ഞു നടക്കേണ്ട കാര്യമില്ലെന്നും എം.സി.ബോബി അഭിപ്രായപ്പെട്ടു.

അതേസമയം, ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തിട്ടില്ലെന്ന് ചലച്ചിത്ര സാങ്കേതികവിദഗ്‌ധരുടെ കൂട്ടായ്മയായ ഫെഫ്‌ക അറിയിച്ചു. നടിയെ ആക്രമിച്ച കേസിലെ വിധി വരാതെ പുറത്താക്കിയ തീരുമാനം പുനഃപരിശോധിക്കില്ലെന്നും ദിലീപ് ഇപ്പോഴും സസ്‌പെൻഷനിലാണെന്നും ബി.ഉണ്ണിക്കൃഷ്‌ണൻ പറഞ്ഞു.

നടൻ ദിലീപിനെ താരസംഘടനയായ അമ്മയിൽ തിരിച്ചെടുക്കാനുളള നീക്കത്തിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്. നടനെ തിരിച്ചെടുക്കാനുളള നടപടിയിൽ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി, റിമ കല്ലിങ്കൽ, രമ്യാ നമ്പീശൻ, ഗീതു മോഹൻദാസ് എന്നിവർ അമ്മ സംഘടനയിൽനിന്നും രാജിവച്ചിരുന്നു.

സംഭവം വിവാദമായതോടെ ദിലീപ് തന്നെ രംഗത്തെത്തി. തന്റെ നിരപരാധിത്വം തെളിയിക്കുന്നത് വരെ ഒരു സംഘടനയുടേയും ഭാഗമാവാനില്ലെന്ന് അദ്ദേഹം അമ്മയ്‌ക്ക് കത്തെഴുതി. ‘ഞാൻ മനസ്സാ വാചാ അറിയാത്തൊരു കേസിന്റെ കെണിയിൽ പെടുത്തപ്പെട്ടിരിക്കുന്നതിനാൽ ഈ കേസിൽ കേരളത്തിലെ പ്രേക്ഷകർക്കും, ജനങ്ങൾക്കും മുന്നിൽ എന്റെ നിരപരാധിത്വം തെളിയിക്കുo വരെ ഒരുസംഘടനയുടേയും പ്രവർത്തനങ്ങളിൽ സജീവമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല’, ദിലീപ് കത്തില്‍ എഴുതി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.