മലപ്പുറം: എടപ്പാളിലെ തിയേറ്ററിൽ പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ദൃശ്യങ്ങള്‍ പുറത്തുവിട്ട തിയേറ്റര്‍ ഉടമ സതീശനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ഷാജു വർഗീസിനെ സ്ഥലം മാറ്റി. പൊലീസ് ആസ്ഥാനത്തേക്കാണ് മാറ്റിയത്. തൃശൂർ റേഞ്ച് ഐജി എം.ആർ.അജിത്കുമാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ നടപടി. ഷാജുവിന് പുതിയ നിയമനം നൽകിയിട്ടില്ല. സതീശനെ അറസ്റ്റ് ചെയ‌്‌തതിന്റെ പൂർണ ഉത്തരവാദിത്തം ഷാജു വർഗീസിനായിരുന്നെന്ന് ഐജി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അതേസമയം, കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

എടപ്പാൾ പീഡനക്കേസുമായി ബന്ധപ്പെട്ട തിയേറ്റർ ഉടമയുടെ അറസ്റ്റ് പുനഃപരിശോധിക്കാൻ ആഭ്യന്തരവകുപ്പ് നീക്കം തുടങ്ങിയിട്ടുണ്ട്. അറസ്റ്റ് ചട്ടം ലംഘിച്ചാണെന്ന് പൊലീസിന് ലഭിച്ച നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പരിശോധനകൾക്ക് ശേഷം സംഭവത്തിൽ തുടർ നടപടി മതിയെന്ന് ഡിജിപി ക്രൈംബ്രാഞ്ചിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കേസിന്‍റെ അന്വേഷണ ചുമതലയിൽ നിന്നും സിഡിആർബി ഡിവൈഎസ്‌പി ഷാജി വർഗീസിനെ മാറ്റി ക്രൈംബ്രാഞ്ചിന് നൽകിയതിന് പിന്നാലെയാണ് ഡിജിപിയുടെ നിർദ്ദേശമുണ്ടായിരിക്കുന്നത്.

ചോദ്യം ചെയ്യാനെന്ന രീതിയിൽ ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ ശേഷമാണ് തിയേറ്റർ ഉടമ സതീശന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പോക്സോ ചുമത്തി മഞ്ചേരി കോടതിയിൽ ഹാജരാക്കാനായിരുന്നു പൊലീസിന്റെ നീക്കം. എന്നാൽ സംസ്ഥാന വനിത കമ്മിഷൻ അദ്ധ്യക്ഷ എം.സി.ജോസഫൈൻ, മുൻ ഡിജിപി ടി.പി.സെൻകുമാർ അടക്കമുള്ളവർ പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തുവന്നു. പൊലീസിന്റേത് പ്രതികാര നടപടിയാണെന്ന ആരോപണം ശക്തമായതോടെ ഉച്ചയ്ക്കുശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.