മലപ്പുറം: എടപ്പാളിലെ തിയേറ്ററില്‍ പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ വീഴ്‌ച വരുത്തിയതിന് സസ്‌പെന്‍ഷനിലായ എസ്ഐ ബേബിക്കെതിരെ പോക്സോ കേസെടുത്തു. പ്രതി തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയെ മാതാവാണ് വിളിച്ചുവരുത്തിയതെന്ന് കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ പലപ്പോഴും വീട്ടില്‍ വന്നിരുന്നതായും കുട്ടി വെളിപ്പെടുത്തി. തിയേറ്ററില്‍ വച്ച് ഉപദ്രവിച്ചപ്പോള്‍ വേദന കൊണ്ട് കൈ തട്ടിമാറ്റിയെങ്കിലും ഇയാള്‍ ബലമായി തന്നെ ഉദ്രവിച്ചെന്നും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

എല്ലാം നടന്നത് അമ്മയുടെ അറിവോടെയും സമ്മതത്തോടെയുമായിരുന്നുവെന്ന പൊലീസ് റിമാന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. സംഭവം കേസാകുമെന്ന് കരുതി പ്രതി വിദേശത്തേക്ക് രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും അഭിഭാഷകന്‍ തടയുകയായിരുന്നു. രക്ഷപ്പെട്ടാൽ നാട്ടിലെ കോടികളുടെ സ്വത്ത് നഷ്ടപ്പെടുമെന്ന ഭയമാണ് അദ്ദേഹത്തെ തടഞ്ഞത്. ജാമ്യം ലഭിക്കുമോ എന്ന് അഭിഭാഷകനോട് ചോദിച്ചിരുന്നു. കീഴടങ്ങാനായിരുന്നു അഭിഭാഷകന്റെ നിര്‍ദേശം.

വ്യവസായിയായ മൊയ്തീന്‍കുട്ടി തന്റെ സ്വാധീനമുപയോഗിച്ച് കേസ് ഒതുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മാധ്യമങ്ങളില്‍ വീഡിയോ വന്നതാണ് കേസ് ശ്രദ്ധിക്കപ്പെടാന്‍ ഇടയാക്കിയത്. പെണ്‍കുട്ടിയുടെ അമ്മയ്ക്ക് മൊയ്തീന്‍ കുട്ടിയുടെ സ്വത്തിലായിരുന്നു നോട്ടമെന്നും പൊലീസ് പറയുന്നു.

പെണ്‍കുട്ടിയെ മൊയ്തീന്‍കുട്ടി സമാനമായ രീതിയില്‍ മുമ്പും പീഡിപ്പിച്ചിരുന്നു. ഇയാളുടെ ക്വാട്ടേഴ്‌സിലാണ് പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്നത്. ഇവിടെ വച്ചായിരുന്നു പീഡനം. അമ്മയുടെ അറിവോടെയാണ് എല്ലാം നടന്നതെന്നും പൊലീസ് റിമാന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മൊയ്തീന്‍കുട്ടി തിയേറ്ററിലേക്ക് വന്ന ആഡംബര കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പീഡിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കുട്ടിയെ തിയേറ്ററില്‍ കൊണ്ടുവന്നതെന്നു പൊലീസിന് ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. കുട്ടിയെ പീഡിപ്പിക്കുന്നത് താന്‍ അറിഞ്ഞില്ലെന്നാണ് അമ്മ ആദ്യം പറഞ്ഞത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ ഇതിന് വിരുദ്ധമാണ്. വിശദമായ ചോദ്യം ചെയ്യലില്‍ അമ്മ എല്ലാം അറഞ്ഞിരുന്നുവെന്ന് പൊലീസിന് ബോധ്യമായി. പ്രതിയുടെ സ്വത്തില്‍ മനംമയങ്ങിയാണ് അമ്മ എല്ലാം കണ്ടില്ലെന്ന് നടിച്ചതെന്നും പൊലീസിന് ബോധ്യമായി.

മൊയ്തീന്‍കുട്ടിയും യുവതിയും മകളും ഒരുമിച്ചാണ് തിയേറ്ററിലേക്ക് വന്നതെന്ന് പൊലീസ് കണ്ടെത്തി. എന്നാല്‍ നേരത്തെ യുവതി പറഞ്ഞത് മറിച്ചായിരുന്നു. തിയേറ്ററില്‍ വച്ചാണ് മൊയ്തീന്‍ കുട്ടിയെ കണ്ടതെന്നാണ് യുവതി ആദ്യം നല്‍കിയ മൊഴി. മൊയ്തീന്‍ കുട്ടി പെണ്‍കുട്ടിയെ പീഡിപ്പിച്ചോ എന്ന ചോദ്യത്തിന് താന്‍ സിനിമയില്‍ ശ്രദ്ധിച്ചതിനാല്‍ കണ്ടില്ലെന്നായിരുന്നു യുവതിയുടെ മറുപടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ