പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ മെട്രോ യാത്രയിലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍റെ സാന്നിധ്യം ട്രോൾ ചാകരക്ക് കാരണമായതോടെ രൂപം കൊണ്ട വാക്കാണ് ‘ കുമ്മനടി’. ഇപ്പോൾ ഈ വാക്ക് ‘സാധാരണക്കാരുടെ നിഘണ്ടു’ എന്നറിയപ്പെടുന്ന ‘അര്‍ബണ്‍ ഡിക്ഷണറി’യിലും സ്ഥാനം പിടിച്ചിരിക്കുകയാണ്. പൊതു ഗതാഗത സംവിധാനത്തിലോ സ്വകാര്യ വാഹനത്തിലോ ടിക്കറ്റില്ലാതെ യാത്ര ചെയ്യുക, ക്ഷണിക്കാത്ത പരിപാടിയില്‍ പങ്കെടുക്കുക എന്നിവയാണ് ‘കുമ്മനടി’ക്ക് നല്‍കിയിട്ടുള്ള നിര്‍വചനങ്ങള്‍.

കുമ്മനത്തെ കണക്കിന് പരിഹസിച്ച് രൂപം കൊണ്ട ട്രോളുകൾ അവസാനിച്ചു കൊണ്ടിരിക്കേയാണ് അര്‍ബണ്‍ ഡിക്ഷണറിയിലും ‘കുമ്മനടി’ സ്ഥാനം പിടിച്ചിരിക്കുന്നത്. കൊച്ചി മെട്രോയുടെ ഉദ്ഘാടന യാത്രയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രോട്ടോകോള്‍ ലംഘിച്ച് യാത്ര നടത്തിയത് വലിയ വിവാദമായിരുന്നു. മെട്രോയില്‍ ആദ്യ യാത്ര ചെയ്യുന്നവരുടെ പട്ടികയില്‍ കുമ്മനത്തിന്റെ പേര് ഉണ്ടായിരുന്നില്ല. ഇത് മറികടന്നാണ് പ്രധാനമന്ത്രിക്കൊപ്പം കുമ്മനം രാജശേഖരന്‍ യാത്ര ചെയ്തത്.

ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം,കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി നളിനി നെറ്റോ, കേന്ദ്ര നഗര വികസന മന്ത്രാലയം സെക്രട്ടറി രാജീവ് ഗൗബെ, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്യും എന്നാണ് ആദ്യം അറിയിച്ചിരുന്നത്.

എന്നാൽ കുമ്മനവും ഇവരോടൊപ്പം ചേരുകയായിരുന്നു.ഇതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. പ്രോട്ടോക്കോളിന്റെ പേരു പറഞ്ഞ് ഉദ്ഘാടന വേദിയിൽ നിന്ന് ഇ ശ്രീധരനേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും ആദ്യം ഒഴിവാക്കിയവർ കുമ്മനത്തെ യാത്രയിൽ ഉൾപ്പെടുത്തിയത് എന്തു കൊണ്ടാണെന്നാണ് ഉന്നയിക്കപ്പെടുന്ന ചോദ്യം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.