തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച ഐഎസ്ആർഒ ചാരക്കേസിലെ പ്രധാന ഇര ഐ എസ് ആർ ഒയിലെ ശാസ്ത്രജ്ഞനായിരുന്ന  നന്പിനാരായണൻ അല്ലെന്നും അത് താനാണെന്നും കഴിഞ്ഞ ദിവസം വിരമിച്ച ഡിജിപി  ടിപി സെൻകുമാർ.
മുഖ്യമന്ത്രിയായിരുന്ന ഇകെ നായനാർ ആണ് തന്നെ ഐ എസ് ആർ ഒ കേസ് ഏൽപിച്ചതെന്ന് സെൻകുമാർ വെളിപ്പെടുത്തുന്നു. സിബിഐ അന്വേഷിക്കുന്ന കേസിൽ കേരളാ പൊലീസ് അന്വേഷിക്കുന്നതിന്റ നിയമസാധുത താൻ ചോദ്യം ചെയ്തങ്കിലും അത് കണക്കാക്കാതെയാണ് നായനാർ തന്നെ കേസ് ഏൽപിച്ചതെന്ന് സെൻകുമാർ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥനായി വിരമിച്ച മോഹനന്റെ കണ്ണാടി എന്ന പൊലീസ് ഗൈഡിന്റെ പ്രകാശന ചടങ്ങിലാണ്  സെൻകുമാർ ഇക്കാര്യം വെളിപ്പെടുത്തിയത്.

‘1996 ജൂൺ 24നാണ് നായനാർ സാർ എന്നെ വിളിപ്പിക്കുന്നത്. ഐ എസ് ആർ ഒ ചാരക്കേസ് നമ്മൾ രണ്ടാമത് അന്വേഷിക്കാൻ പോവുകയാണ്. അത് സിബിഐ അന്വേഷിക്കുന്ന കേസാണെന്നും കേരളാ പൊലീസ് അന്വേഷിക്കുന്നതിന്റെ നിയമസാധുതയിൽ എനിക്ക് സംശയമുണ്ടെന്നും ഞാൻ അറിയിച്ചു. എന്നാൽ അക്കാര്യത്തിൽ നിയമ വിദഗ്‌ദ്ധരുടെ  ഉപദേശം ലഭിച്ചിട്ടുണെന്നായിരുന്നു നായനാരുടെ മറുപടി. എന്നിട്ടാണ് ഈ കേസ് സെൻകുമാറിനേയാണ് ഏൽപിക്കാൻ പോകുന്നതെന്ന് നായനാർ പറഞ്ഞത്’ സെൻകുമാർ പറയുന്നു.

സിബിഐക്ക് കേസ് കൈമാറുന്നതിന് പറഞ്ഞ ഒരു പ്രധാന കാരണം കേസിൽ ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഉൾപെട്ടിട്ടുണ്ട് എന്ന സംശയമായിരുന്നു. സംശയത്തിലുള്ള ഉദ്യോഗസ്ഥനേക്കാളും ആറ് വർഷം സർവീസ് കുറവുള്ള താൻ അന്വേഷിച്ചാൽ എങ്ങനെ ശരിയാകുമെന്ന് ഞാൻ ചോദിച്ചു. സെൻകുമാർ അന്വേഷിച്ചാൽ മാത്രമേ ശരിയാകൂ എന്നും സെൻകുമാറിനെ മാത്രമേ എനിക്ക് വിശ്വാസമുള്ളൂ എന്നുമായിരുന്നു നായനനാരുടെ മറുപടി.’

‘സാർ, കേൾക്കാൻ നല്ല രസമുണ്ട്. പക്ഷേ ഞാൻ എഴുതിത്തരും, ഇതിലെ നിയമപരമായ വീഴ്ചകൾ ഇന്നതാണെന്ന് എന്നായിരുന്നു താൻ നൽകിയ മറുപടി’.

എസ്‌പി മാത്രമായ തന്നെ അങ്ങനെയാണ് കേസ് അന്വഷിക്കാൻ ഏൽപിക്കുന്നതെന്നും സെൻകുമാർ പറയുന്നു. ഇതിന്റെ ഫലമായി മൂന്ന് കേസുകളാണ് തന്റെ പേരിൽ വന്നത്. കേസിലെ പ്രതികളെ പലരേയും താൻ കണ്ടിട്ടുപോലും ഇല്ലെന്നും സെൻകുമാർ വ്യക്തമാക്കി. സുപ്രീം കോടതി എന്തായാലും എന്തൊക്കെയാണ് സെൻകുമാർ നൽകിയിട്ടുള്ളതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

മേലുദ്യോഗസ്ഥന്മാർ കേസന്വേഷണത്തിൽ ഇടപെടുന്നുണ്ടെങ്കിൽ അവരുടെ കയ്യിൽ നിന്ന് ഉത്തരവുകൾ എല്ലാം എഴുതിവാങ്ങിക്കണമെന്നും സെൻകുമാർ പറഞ്ഞു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ