കൊച്ചി: ജലാശയങ്ങളിലെ പ്ളാസ്റ്റിക് മലിനീകരണത്തിനെതിരെ ജനമനസുകളെ പ്രചോദിപ്പിക്കാൻ ഫോർട്ട് കൊച്ചി ബീച്ചിൽ ‘ദി ട്രാപ്പ്’ എന്ന കലാസൃഷ്ടി. ഉപേക്ഷിക്കപ്പെട്ട പ്ളാസ്റ്റിക് കുപ്പികൾ കൊണ്ട് സൃഷ്ടിച്ച 25 അടി ഉയരമുള്ളതാണ് കലാസൃഷ്ടി. ആറടി വ്യാസമുള്ള ഇതിനുള്ളിൽ സന്ദർശകർക്ക് കയറുകയും ചെയ്യാം. ഓരോ കുപ്പികൾക്കുമുള്ളിൽ കുടുങ്ങിയ മനുഷ്യരൂപങ്ങൾ സവിശേഷമായ ശ്രദ്ധയാകർഷിക്കുന്നു.
ഒരു ലിറ്ററിന്റെ 1500 പ്ളാസ്റ്റിക് കുപ്പികൾ കൊണ്ടാണ് ഇതിന്റെ നിർമാണം. കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ പിന്തുണയോടെ ജില്ലാ ഭരണകൂടം, ശുചിത്വമിഷൻ, ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല എന്നിവരുടെ സഹകരണത്തിൽ ഒന്നര ലക്ഷം രൂപ ചെലവിലാണ് കലാസൃഷ്ടിക്ക് രൂപം നൽകിയത്. ഫോർട്ട് കൊച്ചി ബീച്ചിലെ ഡച്ച് സെമിത്തേരിക്ക് പിന്നിൽ ജനുവരി 30 വരെ പ്രദർശനമുണ്ടാകും.
ഇടപ്പള്ളി സ്വദേശിയും സയൻസ് ഫിലിംമേക്കറും പരസ്യ ചിത്രരംഗത്ത് രണ്ട് പതിറ്റാണ്ട് പരിചയവുമുള്ള കെ.കെ.അജികുമാറാണ് ദി ട്രാപ്പിന്റെ ആശയവും ആവിഷ്കാരവും. ട്രാപ്പിന്റെ ക്രിയേറ്റീവ് പിന്തുണയും ഏകോപനവും നിർവഹിച്ചിരിക്കുന്നത് ഗിറ്റാറിസ്റ്റും സംഗീതജ്ഞനുമായ ബിജു തോമസാണ്.
പ്ളാസ്റ്റിക് ശേഖരിച്ച് ജീവിക്കുന്നവരിൽനിന്നും പണം നൽകിയാണ് വെള്ളക്കുപ്പികൾ വാങ്ങിയത്. ഇത് പിന്നീട് കഴുകി വൃത്തിയാക്കിയെടുത്തുവെന്ന് ഇവർ പറയുന്നു. പ്ളാസ്റ്റിക് മലിനീകരണത്തിനെതിരെ മുമ്പ് മൂന്നുവട്ടം ബീച്ചുകളിൽ തന്നെ ശ്രദ്ധേയമായ കലാസൃഷ്ടികൾ ഒരുക്കിയിട്ടുണ്ട് അജിത്കുമാർ.
ട്രാപ്പ് പ്രധാനമായും കടലിലെ ഭീതിജനകമായ പ്ളാസ്റ്റിക് മലിനീകരണത്തിനെതിരായ പ്രതികരണമാണ്. കൊച്ചിയെ സംബന്ധിച്ചിടത്തോളം കായലുകളും മറ്റ് ജലാശയങ്ങളും സമാനമായ വെല്ലുവിളി നേരിടുന്നുണ്ട്. ഉപേക്ഷിക്കപ്പെട്ട കുപ്പികളാണ് ഇവിടെ പ്രധാനവില്ലനാകുന്നത്. വെള്ളക്കെട്ടുകൾക്കും പരിസ്ഥിതി നാശത്തിനും പ്ളാസ്റ്റിക് കുപ്പികൾ മുഖ്യകാരണമാകുന്നു. ഇത് നശിക്കാൻ മറ്റ് പ്ളാസ്റ്റിക്കുകളേക്കാൾ കൂടുതൽ സമയവുമെടുക്കും.