ന്യൂഡൽഹി: ലാവ്ലിന് കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഏപ്രില്‍ ആറിലേക്ക് മാറ്റി. സിബിഐയുടെ ആവശ്യപ്രകാരമാണ് സുപ്രീം കോടതിയുടെ നടപടി. കഴിഞ്ഞ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും കേസിന് വേണ്ട രേഖകള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും കേസ് പരിഗണിക്കുന്നത് മാറ്റി വയ്ക്കണമെന്നുമായിരുന്നു സിബിഐയുടെ ആവശ്യം.
കേസുമായി ബന്ധപ്പെട്ട് വാദത്തിന് തയാറാണെന്ന നിലപാട് സിബിഐ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സോളിസിറ്റര്‍ ജനറല്‍ സിബിഐക്കായി ഇന്ന് ഹാജരായില്ല. ഇതോടെ അവസാന കേസായി പരിഗണിക്കാന്‍ തയാറാണെന്ന് കോടതി അറിയിച്ചു.
എന്നാല്‍ തിരക്കുകളുള്ളതിനാല്‍ ഇക്കാര്യം സാധിക്കുമോയെന്നതില്‍ സംശയമുണ്ടെന്ന് സിബിഐ അറിയിച്ചു. അതിനാല്‍ കേസ് മാറ്റിവയ്ക്കണമെന്നും സിബിഐ കോടതിയില്‍ പറഞ്ഞു. ഇതോടെ ഏപ്രില്‍ ആറിന് കേസ് പരിഗണിക്കുന്നതിന് കോടതി തീരുമാനമെടുക്കുകയായിരുന്നു.
Read More: ഏതു കോണ്‍ഗ്രസ് നേതാവും ഏത് നിമിഷവും ബിജെപിയിലേയ്ക്ക് പോകും: എ. വിജയരാഘവന്
ഹൈക്കോടതി ഉള്‍പ്പെടെ രണ്ട് കോടതികള്‍ തള്ളിയ കേസ് ആയതിനാല്‍ ശക്തമായ തെളിവുകള്‍ ഉണ്ടെങ്കിലെ കേസില്‍ തുടര്‍വാദം സാധ്യമാകൂവെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
2018 ന് ശേഷം സുപ്രീം കോടതിയുടെ പരിഗണനയില്‍ വന്ന ലാവ്ലിന് കേസ് 20 തവണയിലധികമാണ് മാറ്റിവച്ചത്. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, എസ്എന്‍സി ലാവ്ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവ്ലി കേസിന് കാരണമായത്.
കേസന്വേഷിച്ച സിബിഐയുടെ ആരോപണങ്ങള്‍ തെളിവില്ലെന്ന് കണ്ട് സിബിഐ പ്രത്യേക കോടതിയും, ഹൈക്കോടതിയും പിണറായി വിജയനെ കുറ്റവിമുക്തനാക്കുകയായിരുന്നു. തുടര്‍ന്നാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്.