scorecardresearch
Latest News

സംസ്ഥാനത്ത് മൂന്ന് വൈറസ് വകഭേദങ്ങളുടെ വ്യാപനം കൂടുതല്‍

ലോക്കഡൗണ്‍ നിലവില്‍ വന്നതോടെ സംസ്ഥാനത്ത് രോഗവ്യാപനത്തില്‍ കുറവുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

സംസ്ഥാനത്ത് മൂന്ന് വൈറസ് വകഭേദങ്ങളുടെ വ്യാപനം കൂടുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ കോറോണ വൈറസ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അതില്‍ മൂന്നെണ്ണം വളരെ കൂടുതലായി വ്യാപിച്ച സാഹചര്യത്തില്‍ കരുതിയിരിക്കാന്‍ നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ കോവിഡ് വാക്‌സിന്‍ സ്‌റ്റോക്ക് തീര്‍ന്നിട്ടുണ്ട്. ഇക്കാര്യം നാളെ രാവിലെ പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ ചീഫ് സെക്രട്ടറി അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാസ്‌ക് അടക്കമുള്ള ആരോഗ്യ സംബന്ധിയായ വസ്തുക്കളുടെ വിലയുടെ കാര്യത്തില്‍ ചില പ്രശ്‌നങ്ങളുണ്ട്. വില കുറച്ചപ്പോള്‍ ഗുണമേന്മയുള്ള മാസ്‌കുകള്‍ കിട്ടാതായെന്നാണ് ഒരു പരാതി. കൃത്യമായി പരിശോധിച്ച് വേണ്ട തീരുമാനം എടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കുറേയായി മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നില്ല. സ്വാഭാവികമായും അവര്‍ പ്രയാസത്തിലേക്കും പട്ടിണിയിലേക്കും നീങ്ങും. അതിനാല്‍ അവര്‍ക്ക് ഭക്ഷ്യക്കിറ്റ് നല്‍കും. പൈനാപ്പിള്‍ ശേഖരിക്കുന്നത് മിക്കവാറും അതിഥി തൊഴിലാളികളാണ്. അവര്‍ക്ക് പൈനാപ്പിള്‍ തോട്ടത്തില്‍ പോകാന്‍ അവര്‍ക്ക് നിര്‍മാണ തൊഴിലാളികളുടെ കാര്യത്തിലേതു പോലെ നിയന്ത്രണങ്ങളോടെ ജില്ലാ ഭരണ സംവിധാനങ്ങള്‍ക്ക് അനുമതി നല്‍കാം.

പാല്‍ വിതരണത്തില്‍ സംസ്ഥാനത്ത് വലിയ പ്രശ്‌നങ്ങള്‍ വന്നിട്ടുണ്ട്. മില്‍മ ഉച്ചയ്ക്കുശേഷം എടുക്കാത്തതിനാല്‍ പാല്‍ നശിക്കുകയാണ്. ഇതുകാരണം ക്ഷീരകര്‍ഷകര്‍ വലിയ പ്രയാസം നേരിടുന്നു. വിതരണം ചെയ്യാന്‍ കഴിയാത്ത പാല്‍ സിഎഫ്എല്‍ടിസികള്‍, സിഎല്‍ടിസികള്‍, അങ്കണവാടികള്‍, വൃദ്ധസദനങ്ങള്‍, ദുരിതാശ്വാസ ക്യാമ്പുകള്‍, കടലില്‍ പോകാന്‍ കഴിയാത്ത മത്സ്യത്തൊഴിലാളികള്‍, അതിഥിത്തൊഴിലാളി ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ കൂടി വിതരണം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Also Read: ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ വിജയം; രോഗവ്യാപനത്തില്‍ കുറവ്

സര്‍ക്കാര്‍ ഹോസ്പിറ്റലുകളില്‍ 2906 ഐസിയു കിടക്കകളാണ് നിലവിലുള്ളത്. അതില്‍ 1404 എണ്ണം കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ 69.5 ശതമാനം ഐസിയു കിടക്കകളിലാണ് രോഗികളുള്ളത്. സ്വകാര്യ ആശുപത്രികളിലെ 7468 ഐസിയു കിടക്കകളില്‍ 1681 എണ്ണമാണ് കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.
സര്‍ക്കാര്‍ ആശുപത്രികളിലെ 2293 വെന്റിലേറ്ററുകളില്‍ 712 എണ്ണം കോവിഡ് രോഗികളുടെ ചികിത്സയ്ക്കും 139 എണ്ണം കോവിഡേതര രോഗികളുടെ ചികിത്സയ്ക്കായും ഉപയോഗത്തിലാണ്. മൊത്തം വെന്റിലേറ്ററുകളുടെ 37.1 ശതമാനമാണ് ഇപ്പോള്‍ ഉപയോഗത്തിലുള്ളത്. സ്വകാര്യ ആശുപത്രികളിലെ 2432 വെന്റിലേറ്ററുകളില്‍ 798 എണ്ണമാണ് നിലവില്‍ കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.

135.04 മെട്രിക് ടണ്‍ ഓക്‌സിജനാണ് ഒരു ദിവസം ഉപയോഗിക്കുന്നത്. 239.24 മെട്രിക് ടണ്‍ ഓക്‌സിജന്‍ ലഭ്യമാകുന്നുണ്ട്. 145 ഒന്നാം തല കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലായി 19,098 കിടക്കകളാണുള്ളത്. അതില്‍ 7544 കിടക്കകള്‍ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു. 60.5 ശതമാനം കിടക്കകള്‍ ഇനിയും ലഭ്യമാണ്. 87 രണ്ടാം തല കോവിഡ് കേന്ദ്രങ്ങളിലായി 8821 കിടക്കകളുണ്ട്. ഇതില്‍ 4370 കിടക്കകളില്‍ കോവിഡ് രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്നു. 50 ശതമാനത്തോളം കിടക്കകള്‍ അവശേഷിക്കുന്നു.

517 ഗൃഹവാസ പരിചരണ കേന്ദ്രങ്ങളിലായി 22,750 കിടക്കകളുണ്ട്. അതില്‍ ഏകദേശം 30 ശതമാനം കിടക്കകളില്‍ രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്നു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി 232 സ്വകാര്യ ആശുപത്രികളുണ്ട്. ഇവിടങ്ങളിലായി 18,540 കിടക്കകള്‍, 1804 ഐസിയു കിടക്കകള്‍, 954 വെന്റിലേറ്ററുകള്‍, 5075 ഓക്‌സിജന്‍ കിടക്കകള്‍ എന്നിവ കോവിഡ് ചികിത്സയ്ക്കു മാറ്റിവച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: The spreading of three virus strains in the state is high