കോവിഡ് മഹാമാരി കവര്‍ന്ന രണ്ടു വര്‍ഷത്തിനുശേഷം കളിയാട്ടക്കാലം സജീവമാകുകയാണ് ഉത്തര കേരളത്തില്‍. തുലാപ്പത്തോടെ തെയ്യക്കോലങ്ങളുടെ പുറപ്പാടായി. പിന്നീട് ഇടവപ്പാതി വരെയുള്ള ആറു മാസം കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ ഗ്രാമങ്ങള്‍ തെയ്യക്കോലങ്ങളുടെ ചുവടുകളിലും അനുപമമായ നിറങ്ങളിലും തോറ്റംപാട്ടിലും ലയിച്ചുചേരും.
തുലാം ഒന്നോടെ തെയ്യങ്ങള്‍ രംഗത്തെത്തുമെങ്കിലും പത്താമുദയത്തോടെയാണു കാവുകള്‍ സജീവമാകുന്നത്. തുലാപ്പത്തിനു തെയ്യക്കോലം കെട്ടുന്നവര്‍ കാവുകളിലും അമ്പലങ്ങളിലും പ്രത്യേക പൂജകള്‍ നടത്തും. കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം അഞ്ഞൂറ്റമ്പലം കാവിലാണ് ആദ്യം കളിയാട്ടം. ഇടവത്തില്‍ നീലേശ്വരം മന്നംപുറത്ത് കാവിലും കണ്ണൂര്‍ പഴയങ്ങാടി മാടായിക്കാവിലും വളപട്ടണം കളരിവാതുക്കലിലുമായി തെയ്യങ്ങള്‍ ചുവട് വയ്ക്കുന്നതോടെ ഒരു വര്‍ഷത്തെ കളിയാട്ട മഹോത്സവത്തിനു പരിസമാപ്തിയാകും.
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിവിധ ഗ്രാമങ്ങളില്‍ തെയ്യക്കാലം ആരംഭിച്ചു കഴിഞ്ഞു. കലാകാരന്മാര് അണിയലങ്ങള്‍ ഒരുക്കുന്ന തയാറെടുപ്പിലാണ്. തെയ്യക്കാലം തിരികെ വരാന്‍ തുടങ്ങുന്നതിനെ വളരെ പ്രതീക്ഷയോടെയാണ് കലാകാരന്മാര് നോക്കിക്കാണുന്നതെങ്കിലും അത്രയും ആശങ്കയും അവര്‍ക്കുള്ളിലുണ്ട്. കോവിഡ് പൂര്‍ണമായും വിട്ടുപോകാത്ത സാഹചര്യത്തില്‍ തെയ്യക്കാലത്തിന്റെ പഴയ പ്രതാപം തിരികെ എത്തുമോ എന്ന ആശങ്കയലിലാണ് കലാകാരന്മാര്. ഇതിനെ ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ കാര്യങ്ങള്‍.
തെയ്യത്തെ അനുഷ്ഠാനമായി കൊണ്ടുനടക്കുന്ന കലാകാരന്മാര് നിശ്ചിത തുക പറഞ്ഞുറപ്പിച്ചല്ല കോലമണിയുന്നത്. തെയ്യം നടക്കുന്ന തറവാടുകളില്‍നിന്നു നല്കുന്ന തുക കൂടാതെ വിശ്വാസികളായ ജനങ്ങളില്‍നിന്നു നേര്‍ച്ചയായുള്ള തുകയും ലഭിക്കുന്നതാണു പതിവ്. കോവിഡിനു മുന്‍പ് തന്നെ രാവും പകലും കഷ്ടപ്പെട്ടാലും മറ്റു ജോലികള്‍ക്കുള്ള തുകയൊന്നും ഈ കലാകാരന്മാര്ക്കു ലഭിച്ചിരുന്നില്ല. ഇപ്പോള്‍ കോവിഡ് സാചര്യത്തില്‍ തെയ്യം കാണാന്‍ എത്തുന്നവരില്‍ വലിയ കുറവ് അനുഭവപ്പെടുന്നത് കലാകാരന്മാരുടെ വരുമാനത്തെ കൂടുതല്‍ ബാധിക്കുന്നു.ഇതു കണക്കിലെടുത്ത്, തെയ്യം കഴിപ്പിക്കുന്ന കുടുംബങ്ങള്‍ നേരത്തെ ലഭിച്ചിരുന്ന തുക നല്‍കുന്നതാണ് കലാകാരന്മാരുടെ ആശ്വാസം.

കഴിഞ്ഞ രണ്ടുവര്‍ഷം കളിയാട്ട മഹോത്സവം ഇല്ലാതിരുന്നതിനാല്‍ ചമയത്തിനുള്ള പുറത്തട്ടുകള് പലതും ഉപയോഗശൂന്യമായത് കലാകാരന്മാര്നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണ്. ഇവ പുനര്‍നിര്‍മിക്കേണ്ടതുണ്ട്. ചെണ്ട ഉള്‍പ്പെടെയുള്ള വാദ്യോപകരണങ്ങളുടെ അവസ്ഥയും വ്യത്യസ്തമല്ല. പലരുടെയും ചെണ്ടയുടെ തുകല്‍ (വട്ട്) നശിച്ചു. രണ്ട് വട്ടാണ് ഒരു ചെണ്ടയിലുള്ളത്. ഇതിലൊന്നു മാറ്റാന്‍ തന്നെ 3500 രൂപയ്ക്കടുത്ത് ചെലവ് വരും.
കോവിഡ് കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ തെയ്യം കലാകാരന്മാരില് പലരും മറ്റു തൊഴിലുകളില്‍ ഏര്‍പ്പെട്ടാണു ജീവിതമാര്‍ഗം കണ്ടെത്തിയത്. ഇവരിലൊരാളാണ് കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ഉണ്ണി. അപ്രതീക്ഷിതമായി എത്തിയ കോവിഡ് മഹാമാരി ജീവിതം തകര്‍ത്തുവെന്ന് എട്ടു വര്‍ഷമായി തെയ്യം കലാകാരനായി തുടരുന്ന ഉണ്ണി പറഞ്ഞു.
”ആദ്യ ലോക്ഡൗണ്‍ സമയത്ത് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. പിന്നീട് പെയിന്റിങ് പണിക്ക് പോയി. ദിവസക്കൂലിയായി 800-850 രൂപ വരെ കിട്ടും. ഇതാണു ജീവിതം മുന്നോട്ടുനീക്കാന്‍ സഹായിച്ചത്,” ഉണ്ണി പറഞ്ഞു.
കോവിഡ് പ്രതിസന്ധി നേരിടാന്‍ കലാകാരന്മാരുടെ കുടുംബത്തിന് 2000 രൂപ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അത് എല്ലാവര്ക്കും ലഭ്യമായോ എന്നത് ചോദ്യമായി തുടരുകയാണ്. ”ചിലര്‍ക്കൊക്കെ പൈസ കിട്ടി. എനിക്ക് ഇതുവരെ കിട്ടിയില്ല. ബ്ലോക്ക് തലം വഴി സര്‍ക്കാറിലേക്ക് അപേക്ഷകള്‍ നല്കി. പക്ഷേ അധികൃതരില്‍നിന്ന് അനുകൂലമായ നടപടി ഉണ്ടായില്ല,” ഉണ്ണി പറഞ്ഞു.

സമാന ജീവിത സാഹചര്യമാണു മുതിര്‍ന്ന തെയ്യം കലാകാരനായ ബാലന് പെരുവണ്ണാനും പറയാനുള്ളത്. ”തെയ്യം കലാരൂപം ഇന്ന് ജീവിത മാര്‍ഗമായി കൊണ്ടു നടക്കാന്‍ സാധിക്കില്ല, പ്രത്യേകിച്ച് കോവിഡിനു ശേഷം. ലോട്ടറി അടിക്കുന്നതു പോലെയാണ് തെയ്യത്തിന്റെ കാര്യങ്ങള്‍. ചിലപ്പോള്‍ നല്ലൊരു തുക ലഭിക്കും. പലപ്പോഴും കാര്യമായൊന്നും ലഭിക്കാറില്ല. രാവും പകലും അധ്വാനിച്ചിട്ടും 1500 രൂപ ലഭിക്കുന്നത് നഷ്ടമാണ്. എല്ലാവരുടെയും സ്നേഹം പിടിച്ചുപറ്റി വേണം ഒരു കോലം കെട്ടാന്‍. അതുകൊണ്ടുതന്നെ പലപ്പോഴും പലതും കണ്ടില്ലെന്നു നടിക്കാറാണ് പതിവ്. ഒരു കരാര്‍ തുക നിശ്ചയിച്ച് അല്ലെങ്കില്‍ പാട്ടംപോലെ തെയ്യം മേഖലയില്‍നിന്നു പണം വാങ്ങാന്‍ സാധിക്കില്ല. അങ്ങോട്ടുമിങ്ങോട്ടും പൊരുത്തപ്പെട്ടു പോകുന്ന രീതിയിലാണ് ഇപ്പോഴും നടക്കുന്നത്,” അദ്ദേഹം പറഞ്ഞു.
മുന്‍പ് തുന്നല്പ്പണിക്കാരനായിരുന്ന ബാലന്, അച്ഛന്റെ കൂടെ നാലാം വയസിലാണ് തെയ്യത്തിനൊപ്പം നടന്നുതുടങ്ങിയത്. കുട്ടിക്കാലത്ത് ‘ഓണത്തപ്പന്’ കെട്ടി വീടുതോറും നടന്ന അദ്ദേഹം അറുപത്തിയേഴാം വയസിലുംപ്രായത്തിനനുസരിച്ചുള്ള തെയ്യക്കോലം കെട്ടുന്നു.
”ലോകം കോവിഡില്‍ ഒതുങ്ങിയപ്പോള്‍ പുറം പണിക്കൊന്നും പോകാന്‍ ആരോഗ്യം സമ്മതിച്ചില്ല. ഈ സമയം ഞങ്ങളുടെ കൂട്ടത്തിലുള്ള പലരും കല്പ്പണിക്കും വാര്ക്കപ്പണിക്കും മീന്‍ വില്‍ക്കാനും വരെ പോയിട്ടുണ്ട്. മകളുടെ സഹായത്താലാണ് അന്ന് കഴിഞ്ഞത്. മരുന്നിനായി മാസം ആയിരം രൂപ വേണ്ടിവരുന്നു,” ബാലന് പറഞ്ഞു.
കലാരൂപം എന്നതിലുപരി ഉത്തര കേരളത്തിലുള്ളവരുടെ രക്തത്തില്‍ അലിഞ്ഞ ഒന്നാണ് തെയ്യം. അവര്‍ക്കത് വിശ്വാസവും പ്രാര്‍ത്ഥനയുമാണ്. മിക്ക സമുദായങ്ങള്‍ക്കും അവരവരുടേതായ ആരാധനമൂര്‍ത്തി തെയ്യങ്ങളുണ്ട്. നിത്യപൂജയില്ലാത്ത ഇത്തരം അമ്പലങ്ങളുടെ ഉടമാസ്ഥാവകാശം പ്രധാനമായും വിവിധ കുടുംബങ്ങള്‍ക്കാണ്. വണ്ണാന്‍, മാവിലന്, പുലയന്, വേലന്‍, മലയന്‍, അഞ്ഞൂറ്റാന്‍, കോപ്പാളന്‍,ചിങ്കത്താന്‍ തുടങ്ങിയ സമുദായത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് തെയ്യം കെട്ടാനുള്ള അവകാശം.

പണ്ടുമുതല്ക്കേ ഓരോ സമുദായത്തിനും കല്‍പ്പിച്ചുകൊടുത്തിരിക്കുന്ന തെയ്യകോലങ്ങളുണ്ട്. അവര്‍ അതു മാത്രമേ കെട്ടുകയുളളൂ. എന്നാല്‍ ഒരു കോലം പുറപ്പെടുമ്പോള്‍ മറ്റെല്ലാവര്‍ക്കും ഇതില്‍ വിവിധ ചുമതലകള്‍ നിര്‍വഹിക്കാനുണ്ട്. ചെണ്ടമേളവും മുഖത്തെഴുത്തും എഴുന്നള്ളത്തും തറയൊരുക്കലും എല്ലാം തെയ്യം കെട്ടിയാടുന്നതിന്റെ ഭാഗമായി ചെയ്യേണ്ട കര്‍മങ്ങളാണ്.
കാസര്‍ഗോഡ് മുതല്‍ കോഴിക്കോട് വടകര വരെ തെയ്യം അനുഷ്ഠാനമായി കൊണ്ടാടുന്നു. കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, നീലേശ്വരം ചെറുകുന്ന് തുടങ്ങിയ പ്രദേശങ്ങള്‍ തെയ്യം പെരുമയ്ക്കു പേരുകേട്ട സ്ഥലങ്ങളാണ്. വര്‍ഷം തോറും അരങ്ങേറുന്ന തെയ്യങ്ങള്‍ക്കു പുറമെ, ഒന്നിടവിട്ട വര്‍ഷങ്ങളിലും 12 വര്‍ഷം കൂടുന്തോറുമുള്ളവയുമുണ്ട്. പന്ത്രണ്ടുവര്‍ഷം കൂടുമ്പോള്‍ കെട്ടിയാടുന്നതിനെ പെരുങ്കളിയാട്ടമെന്ന് പറയുന്നു. കണ്ണൂര്‍ പയ്യന്നൂരിലെ മുച്ചിലോട്ട് ഭഗവതി ഭക്തര്‍ക്ക് അനുഗ്രഹം നേരാനെത്തുന്നത് പന്ത്രണ്ട് വര്‍ഷം കൂടുമ്പോഴാണ്. ഉത്തരകേരളത്തില്‍നിന്നും പുറത്തുനിന്നുമായി ആയിരങ്ങളാണ് ഈ കളിയാട്ടം കാണാനെത്തുന്നത്.
ചാമുണ്ഡി, ഭഗവതി, ഈശ്വരന്, കാളി, വീരന് തുടങ്ങി രൂപത്തിലും ഭാവത്തിലും ആട്ടത്തിലുമെല്ലാം വിഭിന്നമായ ഏകദേശം 450ല്‍ പരം തെയ്യക്കോലങ്ങള്‍ ഓരോ വര്‍ഷവും ഉത്തരകേരളത്തില്‍ കെട്ടിയാടാറുണ്ട്. ഉദിഷ്ടകാര്യത്തിനും ആപത്തില്‍നിന്നു രക്ഷയക്കുമായി ആളുകള്‍ വിവിധയിടങ്ങളില്‍ പൊട്ടന് തെയ്യം, കതിവനൂര്‍ വീരന് തുടങ്ങിയ തെയ്യങ്ങള്‍ നേര്‍ച്ചയായി കഴിപ്പിക്കുന്നു. അതുപോലെ ഗൃഹപ്രവേശത്തോടനുബന്ധിച്ച് മുത്തപ്പനും കെട്ടിയാടുന്നു.