കോഴിക്കോട്: പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒരുവര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഇന്ന് പുറത്തിറക്കും. കോഴിക്കോട്ടു നടക്കുന്ന മന്ത്രിസഭാവാര്‍ഷികത്തിന്റെ സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംവിധായകന്‍ രഞ്ജിത്തിന് നല്‍കി റിപ്പോര്‍ട്ട് പ്രകാശനം ചെയ്യും. എല്‍ഡിഎഫ് പ്രകടനപത്രികയില്‍ മുന്നോട്ടുവച്ചിരുന്ന 35 ഇനപരിപടിയുടെ അവലോകനമാണ് പ്രോഗ്രസ് റിപ്പോര്‍ട്ടിലുള്ളത്.

ഒരോ വര്‍ഷവും നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും ഇതു സംബന്ധിച്ച് പൊതുജനങ്ങളുമായി ചര്‍ച്ച ചെയ്ത് അവരുടെ അഭിപ്രായങ്ങള്‍കൂടി സ്വീകരിച്ച് ഭാവിപരിപാടികള്‍ ആസൂത്രണം നടത്തുകയും ചെയ്യുമെന്ന് പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു. ആ വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായാണ് പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കുന്നത് എന്നാണ് പുറത്തിറങ്ങുന്ന റിപ്പോർട്ടിൽ മുഖ്യമന്ത്രിയുടെ മുഖക്കുറിപ്പ്.

വകുപ്പുതിരിച്ചുള്ള പതിവ് അവലോകനത്തിന് വ്യത്യസ്തമായി പല വകുപ്പുകള്‍ ചേര്‍ന്നു നടപ്പാക്കുന്ന പരിപാടികളുടെ പുരോഗതി എന്ന നിലയിലാണ് റിപ്പോര്‍ട്ട്. വികസനവിദഗ്ദ്ധര്‍ക്കും പൊതുജനങ്ങള്‍ക്കും സര്‍ക്കാരിന്റെ പ്രവര്‍ത്തനം വസ്തുനിഷ്ഠമായി വിലയിരുത്താന്‍ സഹായകമാകുന്ന രീതിയിലാണ് അവലോകനം. ആദ്യവര്‍ഷം തുടങ്ങാന്‍ കഴിയാത്ത പരിപാടികള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു. വൈകിട്ട് അഞ്ച് മണിയ്ക്ക് കോഴിക്കോട് മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജ് ഗ്രൗണ്ടിലാണ് മന്ത്രിസഭാവാര്‍ഷികത്തിന്റെ സമാപനച്ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ