മലപ്പുറം:  കേരളത്തിലെ ഒരേയൊരു ക്യാഷ്‌ലെസ് ഗ്രാമം എന്ന് മാത്രമല്ല. ഇന്ത്യയിലെ ആദ്യ ക്യാഷ്‌ലെസ്സ് ആദിവാസി ഗ്രാമം എന്നൊരു പദവി കൂടിയുണ്ട് നിലമ്പൂരിലെ കരുളായി ഗ്രാമപഞ്ചായത്തിലെ നെടുങ്കയം കോളനിക്ക്. അടുത്തമാസം ക്യാഷ്‌ലെസ് പ്രഖ്യാപനത്തിന് ഒരു വർഷം  തികയുന്ന ഈ ആദിവാസി ഗ്രാമത്തിൽ പക്ഷേ ഇന്നും കറൻസി തന്നെയാണ് വിനിമയ മാർഗം.

പട്ടിക വര്‍ഗത്തില്‍പ്പെട്ട പണിയ വിഭാഗത്തിലെ നൂറോളം കുടുംബങ്ങളാണ് ഈ കോളനിയില്‍ കഴിയുന്നത്. അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ചു കൊണ്ട് നടത്തിയ ഉദ്ഘാടനം ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. വൈഫൈ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും എസ്ബിഐ ബഡി പോലുള്ള ആപ്പുകള്‍ ഉപയോഗിച്ച് ധനവിനിയോഗം പരിശീലിപ്പിക്കുകയും ചെയ്തുകൊണ്ടായിരുന്നു ഏറെ ആഘോഷിച്ച ക്യാഷ് ലെസ് ഗ്രാമമെന്ന പ്രഖ്യാപനം നടത്തിയത്.

കോളനിയിലെ കമ്മ്യൂണിറ്റി ഹാളില്‍ ഒരുക്കിയ വൈഫി സൗകര്യമോ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സി വഴി പരിശീലിപ്പിച്ച ഡിജിറ്റല്‍ പണമിടപാടുകളോ ഇന്ന്‍ ആരും പിന്തുടരുന്നില്ല എന്ന് കരുളായി പഞ്ചായത്ത് പ്രസിഡന്റ് ഹസൈനാര്‍ പറയുന്നു. “ആദ്യമൊക്കെ കേന്ദ്ര ഏജന്‍സിയൊക്കെ വന്ന് പരിശീലനമൊക്കെ നല്‍കിയപ്പോള്‍ ഒരു മാറ്റമൊക്കെ പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഇപ്പൊ ആരും തന്നെ അതുപയോഗിക്കുന്നില്ല.” ഗംഭീര പരിപാടിയായാണ് അന്ന് പദ്ധതിയുടെ ഉദ്ഘാടനം നടന്നത് എന്ന്‍ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ആദ്യത്തെ ഒരാഴ്ച പ്രധാനമന്ത്രിയുടെ പ്രിയപദ്ധതിയായ ഡിജിറ്റല്‍ ഇന്ത്യാ കാമ്പൈനായി വായിച്ച് ഏറെ ശ്രദ്ധ നേടി എന്നതൊഴിച്ചാല്‍ പിന്നീട് ഒട്ടും ഉത്സാഹം കണ്ടില്ല എന്നാണ് കരുളായിയിലെ ബാങ്കുകള്‍ക്കും അനുഭവപ്പെട്ടിട്ടുള്ളത്. “അതൊക്കെ ഒരു ആവേശത്തില്‍ കവിഞ്ഞ് എന്തെങ്കിലും ആയതായി ഞങ്ങള്‍ക്ക് തോന്നുന്നില്ല. ഇവിടെയാണെങ്കിലും കോളനിയില്‍ നിന്നും ഒരു അക്കൗണ്ട് പോലും തുറന്നിട്ടില്ല” പ്രാദേശിക സഹകരണ ബാങ്കിന്‍റെ മാനേജര്‍ വര്‍ഗീസ് സക്കറിയ പറഞ്ഞു.

ഭക്ഷണാവശ്യത്തിനുള്ള അരിയും മറ്റും റേഷന്‍കട വഴി ലഭിക്കുന്നതിനാല്‍ നിക്ഷേപങ്ങള്‍ക്കോ വായ്പ് ആവശ്യങ്ങള്‍ക്കോ മാത്രമാണ് കോളനിവാസികള്‍ക്ക് ബാങ്കിനെ ആശ്രയിക്കേണ്ടി വരുന്നത്. എന്നാല്‍ കോളനിവാസികള്‍ക്ക് അത്തരത്തിലുള്ള വലിയ ആവശ്യങ്ങളോ നിക്ഷേപങ്ങളോ ഇല്ല എന്നാണ് ബാങ്ക് ഉദ്യോഗസ്ഥനായ നസീര്‍ പറയുന്നത്. “പണം കൊണ്ടുള്ള കാര്യം പണംകൊണ്ട് തന്നെവേണം. റേഷന്‍ കടയില്‍ നിന്നും അരി കിട്ടുന്നുണ്ട് ബാക്കി പീടികയിലുമൊക്കെ കാശ് തന്നെ കൊടുക്കണം. പിന്നെ എന്തിനാണ് അവര്‍ അക്കൗണ്ട് തുറക്കേണ്ടത് ? ” നസീര്‍ ചോദിക്കുന്നു.

ട്രൈബല്‍ ഓഫീസര്‍മാരും ട്രൈബല്‍ പ്രോമോട്ടര്‍മാരുമായ കോളനിവാസികളായ നാലുപേരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒരാളുടെ നമ്പര്‍ പോലും രണ്ടുദിവസമായി ലഭ്യമാകുന്നില്ല. പരിധിക്ക് പുറത്താണെന്നാണ് ഇവരെ വിളിക്കുമ്പോൾ ലഭിക്കുന്ന അറിയിപ്പ്. അതായത് നെറ്റ് വർക്ക് എത്രത്തോളം ദുർബലമാണ് എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

തടസമില്ലാത്ത മൊബൈല്‍ നെറ്റ്‌വര്‍ക്ക് പോലും ലഭ്യമല്ലാത്ത കോളനിയെ ഇന്ത്യയിലെ ആദ്യ ക്യാഷ്‌ലെസ് ആദിവാസി ഗ്രാമവും കേരളത്തിലെ ഒരേയൊരു ക്യാഷ്‌ലെസ് ഗ്രാമവുമായി പ്രഖ്യാപിച്ചതെന്നതാണ് വൈരുദ്ധ്യമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കള്ളപ്പണം തടയാനാണ് നോട്ടുനിരോധനമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ വിശദീകരണത്തെ ക്യാഷ്‌ലെസ് ഇക്കോണമി എന്ന മറ്റൊരു കാരണത്തിലേക്ക് മാറ്റിയ അതേ വേഗത്തിലാണ് കരുളായി എന്ന ‘പണരഹിത ഗ്രാമം’ എന്ന വാദവും സ്വപ്നവും പൊളിയുന്നത്.

കേന്ദ്ര സര്‍ക്കാരിന്‍റെ സന്‍സദ്‌ ആദര്‍ശ് ഗ്രാം യോജനയില്‍ പെടുത്തിക്കൊണ്ട് എംപി അബ്ദുല്‍ വഹാബ് ദത്തെടുത്ത നെടുങ്കയം കോളനിയെ ക്യാഷ്‌ലെസ് ആയി പ്രഖ്യാപിച്ചുകൊണ്ടുള്ള പരിപാടി നടന്നത് കഴിഞ്ഞ ഡിസംബറിലാണ്.

ഡിജിറ്റൽ ഇക്കോണമിയുടെ സ്വപ്നം മികവുറ്റതാകം, പക്ഷെ അതിനു പര്യാപ്തമായ സാങ്കേതിക വളര്‍ച്ചയും സാമൂഹ്യനീതിയും ഇല്ലാതെയുളളയിടങ്ങളിൽ അത് നടപ്പാക്കാൻ ശ്രമിക്കുമ്പോഴുണ്ടാകുന്ന തിരിച്ചടിയുടെ ഉദാഹരണമാണ് കരുളായിയിലെ ഈ ഗ്രാമം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ