scorecardresearch
Latest News

കേരളത്തിന്റെ ചരിത്രവും വൈവിധ്യവും ഉള്‍പ്പെട്ട സാഹിത്യകൃതികള്‍ അടയാളപ്പെടുത്തി ന്യൂയോര്‍ക്ക് ടൈംസ്

പുസ്തകങ്ങളിലൂടെ ലോകപര്യടനം നടത്താന്‍ വായനക്കാരെയും സഞ്ചാരികളെയും സഹായിക്കുന്ന ന്യൂയോര്‍ക്ക് ടൈംസിന്‍റെ പരമ്പരയിലാണ് കേരളത്തിനെക്കുറിച്ചുള്ള പുസ്തകങ്ങളും ഉള്‍പ്പെടുത്തിയത്

Kerala Tourism
Photo: Facebook/ Kerala Tourism

തിരുവനന്തപുരം: കേരളത്തിന്‍റെ ചരിത്രവും വൈവിദ്യവും ഉള്‍പ്പെട്ട സാഹിത്യകൃതികള്‍ അടയാളപ്പെടുത്തി ന്യൂയോര്‍ക്ക് ടൈംസ്. സംസ്ഥാനത്തേക്ക് യാത്ര ചെയ്യുന്ന ഏതൊരാള്‍ക്കും ഈ നാടിനെക്കുറിച്ച് കൂടുതലറിയാനും പ്രചോദിപ്പിക്കാനും ഉതകുന്ന പുസ്തകങ്ങളാണ് ‘റീഡ് യുവര്‍ വേ എറൗണ്ട് ദ വേള്‍ഡ്’ എന്ന പരമ്പരയിലൂടെ ന്യൂയോര്‍ക്ക് ടൈംസ് നിര്‍ദേശിക്കുന്നത്.

പുസ്തകങ്ങളിലൂടെ ലോകപര്യടനം നടത്താന്‍ വായനക്കാരെയും സഞ്ചാരികളെയും സഹായിക്കുന്ന ന്യൂയോര്‍ക്ക് ടൈംസിന്‍റെ പരമ്പരയാണിത്. വൈക്കം മുഹമ്മദ് ബഷീറിന്‍റെ ‘പൂവമ്പഴം’, എം.ടി. വാസുദേവന്‍ നായരുടെ ‘അസുരവിത്ത്’, സക്കറിയയുടെ ‘ഭാസ്കരപട്ടേലരും എന്‍റെ ജീവിതവും’ അടക്കമുള്ള പുസ്തകങ്ങളാണ് ‘റീഡ് യുവര്‍ വേ എറൗണ്ട് ദ വേള്‍ഡ്’ പരമ്പരയില്‍ അമേരിക്കന്‍ എഴുത്തുകാരനായ എബ്രഹാം വര്‍ഗീസ് നിര്‍ദേശിക്കുന്നത്.

സംസ്ഥാനത്തേക്ക് യാത്ര ചെയ്യാനൊരുങ്ങുന്നവരെ കാത്തിരിക്കുന്ന അതുല്യമായ പ്രകൃതി അനുഭവത്തെ വാഴ്ത്തിക്കൊണ്ടാണ് എബ്രഹാം പുസ്തകങ്ങളുടെ പേരുകള്‍ നിര്‍ദേശിക്കുന്നത്. ഇന്ത്യയുടെ മറ്റെവിടെയെങ്കിലും നിന്ന് കേരളത്തിലെത്തുന്നവര്‍ക്ക് മറ്റൊരു രാജ്യത്ത് വന്നിറങ്ങിയതായി അനുഭവപ്പെടുമെന്നും അതാണ് ദൈവത്തിന്‍റെ സ്വന്തം നാടെന്ന വിശേഷണത്തെ അന്വര്‍ഥമാക്കുന്നതെന്നും അദ്ദേഹം പറയുന്നു.

കേരളത്തിന്‍റെ പ്രകൃതിഭംഗി ആസ്വദിച്ച് കായല്‍പരപ്പില്‍ ഒഴുകിനീങ്ങുന്ന ഹൗസ് ബോട്ടിന്‍റെ ഡെക്കില്‍ ഇരുന്ന് പുസ്തകം വായിക്കുന്ന അതിസുന്ദരമായ അനുഭവവും എബ്രഹാം പങ്കിടുന്നു. അമേരിക്കന്‍ എഴുത്തുകാരനും ഡോക്ടറുമായ എബ്രഹാം വര്‍ഗീസിന്‍റെ വേരുകള്‍ കേരളത്തിലാണ്. അച്ഛനമ്മമാര്‍ മലയാളികളാണ്. ‘കട്ടിംഗ് ഫോര്‍ സ്റ്റോണ്‍’ ഉള്‍പ്പെടെ വായനക്കാരെ ആകര്‍ഷിച്ച നിരവധി പുസ്തകങ്ങളുടെ രചയിതാവായ എബ്രഹാം.

നൂറ്റാണ്ടുകളായി പര്യവേഷകരും ചരിത്രകാരന്‍മാരും എഴുതിയ ഗ്രന്ഥങ്ങളും ഇംഗ്ലീഷിലേക്കും മറ്റ് ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ട മലയാള സാഹിത്യ കൃതികളുമാണ് എബ്രഹാം യാത്രികര്‍ക്കായി നിര്‍ദേശിക്കുന്നത്. സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് പേരുകേട്ട കേരളം ആദ്യം അറബ് വ്യാപാരികളെയും പിന്നീട് പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും ഉള്‍പ്പെടെയുള്ള പാശ്ചാത്യരെയും എങ്ങനെ ആകര്‍ഷിച്ചുവെന്ന് അടുത്തറിയുന്ന പുസ്തകങ്ങള്‍ ഈ പട്ടികയിലുള്‍പ്പെടുന്നു.

ആദ്യമായി വരുന്ന സഞ്ചാരികള്‍ക്ക് വി.എസ്. നയ്പോളിന്‍റെ ‘ഇന്ത്യ: എ മില്യണ്‍ മ്യൂട്ടിനീസ് നൗ’, സുനില്‍ ഖില്‍നാനിയുടെ ‘ദി ഐഡിയ ഓഫ് ഇന്ത്യ’ എന്നീ പുസ്തകങ്ങള്‍ നാടിനെക്കുറിച്ചുള്ള വിശാലമായ ആമുഖം നല്‍കും. ശശി തരൂരിന്‍റെ ‘ഇന്‍ഗ്ലോറിയസ് എംപയര്‍: വാട്ട് ദ ബ്രിട്ടീഷ് ഡിഡ് ടു ഇന്ത്യ’, ലതിക ജോര്‍ജ്ജിന്‍റെ ‘ദി കേരള കിച്ചന്‍’, ബെന്യാമിന്‍റെ ‘ആടുജീവിതം’ എന്നിവയാണ് പിന്നീട് അദ്ദേഹം നിര്‍ദേശിക്കുന്നത്.

നൈജല്‍ ക്ലിഫിന്‍റെ ‘ഹോളി വാര്‍: ഹൗ വാസ്കോ ഡ ഗാമാസ് എപിക് വൊയേജസ് ടേണ്‍ഡ് ദ ടൈഡ് ഇന്‍ എ സെഞ്ച്വറീസ്-ഓള്‍ഡ് ക്ലാഷ് ഓഫ് സിവിലൈസേഷന്‍സ്’, ടാന്യ എബ്രഹാമിന്‍റെ ‘ഫോര്‍ട്ട് കൊച്ചി: ഹിസ്റ്ററി ആന്‍ഡ് അണ്‍ടോള്‍ഡ് സ്റ്റോറീസ്’, സല്‍മാന്‍ റുഷ്ദിയുടെ ‘ദ മൂര്‍സ് ലാസ്റ്റ് സൈ’, എന്‍ എസ് മാധവന്‍റെ ‘ലിറ്റനീസ് ഓഫ് ഡച്ച് ബാറ്ററി (ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍)’, ജാക്ക് ടര്‍ണറുടെ ‘സ്പൈസ്: ദി ഹിസ്റ്ററി ഓഫ് എ ടംപ്റ്റേഷന്‍’, അരുന്ധതി റോയിയുടെ ‘ദി ഗോഡ് ഓഫ് സ്മോള്‍ തിംഗ്സ്,’ വി കെ മാധവന്‍കുട്ടിയുടെ ‘ദ വില്ലേജ് ബിഫോര്‍ ടൈം’, അനിതാ നായരുടെ ‘ദ ബെറ്റര്‍ മാന്‍’, പോള്‍ ചിറക്കരോടിന്‍റെ ‘പുലയത്തറ’, നാരായന്‍റെ ‘കൊച്ചരേത്തി’ തുടങ്ങി കേരളവുമായി ബന്ധപ്പെട്ട ശീര്‍ഷകങ്ങളുടെ നീണ്ട പട്ടികയാണുള്ളത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: The new york times includes literary works involving the history and diversity of kerala