കൊച്ചി: നടിയെ ആക്രമിക്കുന്ന രംഗങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായി മൊഴി. മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയാണ് പോലീസിന് മൊഴി നൽകിയത്. ഇതോടെ കേസിലെ നിര്‍ണ്ണായക തെളിവുകള്‍ നശിപ്പിക്കപ്പെട്ടുവെന്നാണ് പോലീസ് കരുതുന്നത്.

പള്‍സര്‍ സുനി തന്റെ കൈയില്‍ മൊബൈല്‍ ഫോണ്‍ ഏല്‍പ്പിച്ചിരുന്നു. താന്‍ അത് തന്റെ ജൂനിയറായ രാജു ജോസഫിനെ ഏല്‍പ്പിച്ചു. അദ്ദേഹം അത് നശിപ്പിച്ചു കളഞ്ഞു എന്നാണ് പ്രതീഷ് ചാക്കോ പോലീസിനോട് പറഞ്ഞത്. മൊബൈല്‍ കത്തിച്ചുകളഞ്ഞെന്നാണ് പറഞ്ഞത്. കേസില്‍ സുപ്രധാന തെളിവ്‌ നശിപ്പിച്ചുകളഞ്ഞതിനും അതിന് കൂട്ടുനിന്നതിനും പ്രതീഷ് ചാക്കോയ്‌ക്കെതിരെ കൂടുതല്‍ കുറ്റങ്ങള്‍ പുതിയ സാഹചര്യത്തില്‍ പോലീസ് ചുമത്തിയേക്കും.

ഇന്നലെ ആലുവ പോലീസ് ക്ലബിൽ പ്രതീഷ് ചാക്കോയെ പോലീസ് 10 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ നശിപ്പിച്ചുവെന്ന മൊഴി പോലീസിന് ലഭിച്ചത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി പ്രതീഷ് ചാക്കോയെ ഇന്നലെ രാത്രി എട്ടു മണിയോടെ വിട്ടയച്ചിരുന്നു.

പ്രതീഷ് ചാക്കോയുടെ ഓഫീസിലും വീട്ടിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. പള്‍സര്‍ സുനിയുടെ വസ്ത്രങ്ങള്‍ അടക്കമുള്ള സാധനങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ജൂനിയര്‍ അഭിഭാഷകനെ ചോദ്യം ചെയ്തതിലൂടെ ഒരു മെമ്മറി കാര്‍ഡ് ലഭിച്ചിരുന്നുവെങ്കിലും അത് ശൂന്യമായിരുന്നു എന്നാണ് സൂചന. ഫോണ്‍ നശിപ്പിക്കപ്പെട്ടെങ്കിലും വീഡിയോ പുറത്തേക്ക് പോയിട്ടില്ലെന്ന ഒരു ആശ്വാസവും പൊലീസിനുണ്ട്.

എന്നാല്‍ ഒരിജിനല്‍ മെമ്മറി കാര്‍ഡും മൊബൈല്‍ ഫോണും ലഭിച്ചില്ലെങ്കിലും മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ലഭിച്ചതിനാല്‍ കേസിനെ ബാധിക്കില്ലെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്. പ്രതീഷ് ചാക്കോയില്‍ നിന്നും മൊബൈല്‍ ഫോണ്‍ ഒരു വിഐപി കൈപ്പറ്റിയിട്ടുണ്ടെന്നും അത് മറച്ചുവയ്ക്കാനാണ് കത്തിച്ചുകളഞ്ഞുവെന്ന വാദം പ്രതീഷ് ചാക്കോ ഉന്നയിക്കുന്നതെന്നും പോലീസ് സംശയിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ