scorecardresearch
Latest News

മാങ്ങാനത്ത് യുവാവിനെ വെട്ടിനുറുക്കി കൊന്നത് അച്ഛനെ ചവിട്ടിക്കൊന്ന് ‘ദൃശ്യം’ സിനിമ മാതൃകയിൽ കഥയുണ്ടാക്കിയയാൾ; ആരാണ് കമ്മല്‍ വിനോദ്?

കൊലപാതകത്തിനുശേഷം ഭാര്യയും മക്കളുമായി പൊലീസ് സ്‌റ്റേഷനിലെത്തി അച്ഛനെ മരിച്ചനിലയില്‍ കണ്ടെത്തിയതായി പൊലീസില്‍ അറിയിക്കുകയായിരുന്നു

മാങ്ങാനത്ത് യുവാവിനെ വെട്ടിനുറുക്കി കൊന്നത് അച്ഛനെ ചവിട്ടിക്കൊന്ന് ‘ദൃശ്യം’ സിനിമ മാതൃകയിൽ കഥയുണ്ടാക്കിയയാൾ; ആരാണ് കമ്മല്‍ വിനോദ്?

കോട്ടയം : കോട്ടയം മാങ്ങാനത്ത് റോഡരുകില്‍ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പിടിയിലായത് കുപ്രസിദ്ധ ഗുണ്ട എ.ആർ.വിനോദ് കുമാർ എന്ന കമ്മല്‍ വിനോദ്. സ്വന്തം പിതാവിനെ തന്നെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായി ഇൗയിടെ ജാമ്യത്തിൽ ഇറങ്ങിയ വ്യക്തിയാണ് കമ്മൽ വിനോദ്. അന്ന് കൊലപാതകത്തിനുശേഷം ഭാര്യയും മക്കളുമായി പൊലീസ് സ്‌റ്റേഷനിലെത്തി അച്ഛനെ മരിച്ചനിലയില്‍ കണ്ടെത്തിയതായി അറിയിച്ചിരുന്നു. ദൃശ്യം സിനിമയുടെ മാതൃകയില്‍ ആയിരുന്നു കഥ മെനഞ്ഞത്. എന്നാൽ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെ കള്ളകഥ പൊളിയുകയായിരുന്നു. മുട്ടമ്പലം നഗരസഭാ ക്വാര്‍ട്ടേഴ്‌സില്‍ രാജപ്പനെ (65) ആണ് വിനോദ് കൊന്നത്. ഈസ്റ്റ് സിഐ അനീഷ് വി.കോരയാണ് മുട്ടമ്പലം വെട്ടിമറ്റത്തില്‍ വിനോദ് എന്ന കമ്മല്‍ വിനോദിനെ അറസ്റ്റു ചെയ്തത്. ഒട്ടേറെ ഗുണ്ടാ കേസുകളില്‍ പ്രതിയാണ് വിനോദെന്നു പൊലീസ് പറഞ്ഞു.

മാങ്ങാനം മന്ദിരം കവലയില്‍ നിന്നും അര കിലോമീറ്റര്‍ മാറി വഴിയരികില്‍ കുറ്റിക്കാട്ടിലാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ശരീര ഭാഗങ്ങൾ വെട്ടിമുറിച്ച് 2 ചാക്കുകളിലായാണ് കാണപ്പെട്ടത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹത്തിന്റെ തല ഇന്ന് ഒരു കിലോമീറ്റർ അകലെയുള്ള തോട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു.

കുറ്റകൃത്യത്തിലേക്ക് വിനോദിനെ നയിച്ചത് അവിഹിതബന്ധത്തിന്റെ ബാക്കിപത്രമെന്നാണ് സംശയം. ഇതിനിടെ, ഏതാനും ദിവസമായി കാണാതായിരിക്കുന്ന പയ്യപ്പാടി സ്വദേശിയായ സന്തോഷിന്റേതാണ് മൃതദേഹമെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

അച്ഛനെ കൊന്ന് കമ്മൽ വിനോദ് കഥമെനഞ്ഞ് രക്ഷപെടാന്‍ ശ്രമിച്ചത് ഇങ്ങനെ:

അര്‍ധരാത്രി രാജപ്പനും മദ്യപിച്ചുവന്ന വിനോദും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി. ഇതേ തുടര്‍ന്ന് വിനോദ് വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി. എന്നാല്‍, കുറച്ചുകഴിഞ്ഞ് തിരിച്ചുവന്ന വിനോദ് പിതാവുമായി വീണ്ടും വഴക്കുണ്ടാക്കുകയും രാജപ്പനെ വലിച്ചിറക്കി വരാന്തയിലത്തെിച്ച് ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് രാത്രി തടിക്കഷണവുമായി എത്തി രാജപ്പനെ വീണ്ടും മര്‍ദിച്ചു. തിങ്കളാഴ്ച രാവിലെ വീട്ടില്‍നിന്ന് പോയ ഇയാള്‍ പിന്നീട് അച്ഛന്‍ മരിച്ചതായി മറ്റുള്ളവരെ അറിയിക്കുകയായിരുന്നു.

രാജപ്പന്റെ മൃതദേഹം വരാന്തയില്‍ കണ്ട് ഒന്നര മണിക്കൂറിനുശേഷം പുലര്‍ച്ചെ ഒന്നരയോടെ വിനോദും ഭാര്യയും കുട്ടികളും ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു. അച്ഛനെ മരിച്ചനിലയില്‍ കണ്ടെത്തിയതായി പൊലീസില്‍ അറിയിച്ചു. പൊലീസ് എത്തിയപ്പോള്‍ കാലില്‍ മുറിവേറ്റ നിലയില്‍ രാജപ്പന്റെ മൃതദേഹം വരാന്തയില്‍ കിടക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് വിനോദിനെ കസ്റ്റഡിയില്‍ എടുത്തു. മൃതദേഹം പൊലീസ് കാവലില്‍ വീട്ടില്‍ തന്നെ സൂക്ഷിച്ചു.

തുടര്‍ന്ന് രാവിലെ ഡിവൈഎസ്പി: ഗിരീഷ് പി.സാരഥി, ഈസ്റ്റ് എസ്‌ഐ: യു. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ചവിട്ടേറ്റതുമൂലമുണ്ടായ ആന്തരിക രക്തസ്രാവമാണു മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതോടെ വിനോദിനെയും ഭാര്യയെയും മക്കളെയും പൊലീസ് ചോദ്യംചെയ്തു. ഈ ചോദ്യം ചെയ്യലിലാണ് അച്ഛനെ കൊന്നത് മകന്‍ തന്നെയാണെന്ന് തെളിഞ്ഞത്. വിനോദ് സ്ഥിരമായി മാതാപിതാക്കളെ മര്‍ദിച്ചിരുന്നതായി നാട്ടുകാരുടെ മൊഴികൂടി വന്നതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.

ഇറഞ്ഞാല്‍ പാലത്തിന്റെ അടിയില്‍ കൂര കെട്ടിയാണ് വിനോദും കുടുംബവും മുന്‍പു താമസിച്ചിരുന്നത്. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവരെ ഒഴിപ്പിക്കാന്‍ എത്തിയ പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. മുന്‍പ് പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് അക്രമാസക്തനായ ഇയാള്‍ മൂന്നു കുട്ടികളെ ഈസ്റ്റ് പൊലീസ് സ്‌റ്റേഷനു മുന്നിലെ റോഡില്‍ ഉപേക്ഷിച്ച് കടന്നുകളയാനും ശ്രമിച്ചിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: The man who killed his own father kammal vinod