തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശന്പള വർധനവുമായി ബന്ധപ്പെട്ട ഉപദേശക സമിതി റിപ്പോർട്ടിൽ സംസ്ഥാന നിയമസെക്രട്ടറി ഒപ്പുവെച്ചു. തൊഴില്‍ സെക്രട്ടറിയും വിജ്ഞാപനത്തില്‍ ഉടന്‍ ഒപ്പുവെക്കും. ഇതോടെ നഴ്സുമാരുടെ വേതന വിജ്ഞാപനം പുറത്തിറങ്ങി. 20,000 രൂപയാണ് ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം. 50 കിടക്കകള്‍ വരെയുളള ആശുപത്രിയിലെ നഴ്സുമാര്‍ക്ക് 20,000 രൂപ ലഭിക്കും. 51 മുതൽ 100 കിടക്കകൾ വരെ 24,200, 100 മുതൽ 200 കിടക്കകൾ വരെ 29,200 രൂപയും, ഇരുന്നൂറിന് മുകളിൽ 32,400 രൂപയുമായിരിക്കും പുതിയ ശമ്പള നിരക്ക്. എന്നാല്‍ അന്തിമ വിജ്ഞാപനത്തില്‍ അലവന്‍സുകളില്‍ അട്ടിമറി നടന്നിട്ടുണ്ടോയെന്ന ആശങ്കയിലാണ് നഴ്സുമാര്‍. വിജ്ഞാപനം കൈയ്യിൽ കിട്ടിയാല്‍ മാത്രമേ സമരം പിന്വലിക്കുകയുളളൂവെന്ന് നഴ്സുമാര്‍ വ്യക്തമാക്കി.
നേരത്തേ വിജ്ഞാപനത്തില്‍ ഒപ്പുവെക്കാന്‍ നിയമസെക്രട്ടറി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. സുപ്രീം കോടതി നിർദേശം അനുസരിച്ച് വേതന വർധനവ് നടപ്പാക്കണമെന്നും അലവൻസ് നിരക്കുകൾ കുറയ്ക്കരുതെന്നുമായിരുന്നു നിയമസെക്രട്ടറിയുടെ നിലപാട്. സുപ്രീം കോടതി നിർദേശം അനുസരിച്ച് വേതന വർധനവ് നടപ്പാക്കണം. കരട് വിജ്ഞാപനം അനുസരിച്ചുതന്നെ അന്തിമ വിജ്ഞാപനം ഇറക്കണം. അല്ലെങ്കിൽ വിജ്ഞാപനം നിയമപരമായി നിലനിൽക്കില്ല എന്ന് നിയമസെക്രട്ടറി വിശദീകരിക്കുന്നു. അലവൻസ് നിരക്കുകൾ കുറയ്ക്കണമെന്നായിരുന്നു ഉപദേശക സമിതി നൽകിയ ശിപാർശ.
ശന്പള പരിഷ്കരണം തീരുമാനിക്കാൻ നിയോഗിച്ച ഉപദേശക സമിതി റിപ്പോർട്ട് പ്രകാരം നേരത്തെ സർക്കാർ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. എന്നാൽ വിജ്ഞാപനം ചോദ്യം ചെയ്ത് ആശുപത്രി മാനേജ്മെൻറുകൾ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. പിന്നീട് ഹൈക്കോടതി തന്നെ സ്റ്റേ നീക്കി തീരുമാനമെടുക്കാനുള്ള അവകാശം സർക്കാരിനു നൽകി. ഇതിനു പിന്നാലെ വിജ്ഞാപനം ഇറക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും നീളുകയായിരുന്നു.ചൊവ്വാഴ്ച മുതൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ വീണ്ടും അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.