കൊച്ചി: ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ആനക്കൊമ്പ് കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ മോഹന്‍ലാലിന് എന്ത് അവകാശമാണുള്ളതെന്ന് കോടതി ചോദിച്ചു. സര്‍ക്കാര്‍ അല്ലേ ഹര്‍ജി നല്‍കേണ്ടതെന്നും കോടതി ചോദിച്ചു. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ്കോടതി ഉത്തരവിനെതിരെ മോഹന്‍ലാല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ജസ്റ്റീസ് മേരി ജോസഫിന്റേതാണ് പരാമര്‍ശം.
2012 ലാണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് പിടികൂടിയത്. 4 ആനക്കൊമ്പുകളായിരുന്നു ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. മോഹന്‍ലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആനക്കൊമ്പ് കൈവശം വെച്ച പ്രവൃത്തി കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്.
ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാന്‍ സര്‍ക്കാര്‍ മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കിയിരുന്നതായും എന്നിട്ടും ആനക്കൊമ്പ് അനധികൃതമാണെന്ന ഹര്‍ജിക്കാരുടെ ആരോപണം അടിസ്ഥാനരഹിതമാണന്നും 2019 ല്‍ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്ങ്മൂലത്തില്‍ മോഹന്‍ലാല്‍ ബോധിപ്പിച്ചിരന്നു. ചില വ്യക്തികളും സംഘടനകളും പൊതുസമൂഹത്തില്‍ തന്നെ മോശക്കാരനാക്കാനും പ്രതിഛായ തകര്‍ക്കാനും ശ്രമം നടത്തുന്നുണ്ട്. ആനക്കൊമ്പ് കേസ് വ്യക്തിഹത്യ നടത്താനുള്ള ശ്രമം മാത്രമാണന്നും മോഹന്‍ലാല്‍ ബോധിപ്പിച്ചിരുന്നു.
അതേസമയം ആനക്കൊമ്പ് കൈവശം വച്ച കേസില്‍ മോഹന്‍ലാലിനെതിരെ കുറ്റം നിലനില്‍ക്കുമെന്നാണ് ഹൈക്കോടതി പറഞ്ഞത്. ആനക്കൊമ്പ് സൂക്ഷിക്കാന്‍ മോഹന്‍ലാലിന് മുന്‍കൂര്‍ അനുമതി ഉണ്ടായിരുന്നില്ലെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചത്. ആനക്കൊമ്പ് പിടിച്ചെടുക്കുമ്പോള്‍ കുറ്റകൃത്യം നടന്നിരുന്നില്ലേ എന്നും കുറ്റകൃത്യം കണ്ടെത്തിയ ശേഷം എങ്ങനെ നിയമ സാധുത നല്കാനാവുമെന്നുമാണ് കോടതി ചോദിച്ചത്. ആനക്കൊമ്പ് കൈവശം വച്ച നടപടി വനം-വന്യജീവി നിയമത്തിലെ സെക്ഷന്‍ 31 ന്റെ ലംഘനമാണന്നും കോടതി വ്യക്തമാക്കി.