ന്യൂഡല്‍ഹി: വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട നടപടികളിലെ സുതാര്യതയുടെ കാര്യത്തിൽ കേരള ഹൈക്കോടതി മുന്നില്‍. വിധി സെന്റര്‍ ഫോര്‍ ലീഗല്‍ പോളിസിയുടെ റിപ്പോര്‍ട്ടിലാണ് കേരള ഹൈക്കോടതി മുന്നിലെത്തിയത്.

വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട നടപടികളിലെ സുതാര്യതയുടെ കാര്യത്തിൽ പാട്‌ന, ഡല്‍ഹി, കേരള ഹൈക്കോടതികളാണ് രാജ്യത്തെ മറ്റ് കോടതികളെ പിന്നിലാക്കി മുന്നിലെത്തിയത്. പാട്‌ന ഒന്നാം സ്ഥാനത്തും ഡല്‍ഹി ഹൈക്കോടതി രണ്ടാമതുമെത്തിയ പ്പോള്‍ കേരള ഹൈക്കോടതി മൂന്നാമതെത്തി.

പൊതുജനങ്ങള്‍ ആര്‍ടിഐ അപേക്ഷകള്‍ നല്‍കുന്നത് എത്ര മാത്രം ലളിതമാണെന്നത് അനുസരിച്ചാണ് പട്ടിക തയ്യാറാക്കിയത്. ആറ് മാനദണ്ഡങ്ങളാണ് വിധി സെന്റര്‍ ഫോര്‍ ലീഗല്‍ പോളിസിയുടെ പഠനത്തിലുണ്ടായിരുന്നത്. ഇതില്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിലെ സൗകര്യത്തിന്റെ പട്ടികയില്‍ പാട്‌ന, ഡല്‍ഹി, കേരള ഹൈക്കോടതികള്‍ മുന്നിലെത്തി. ഗുജറാത്ത്, മദ്രാസ്, മേഘാലയ, ചത്തീസ്ഗഢ് ഹൈക്കോടതികളാണ് ഏറ്റവും പിന്നില്‍.

നിയമങ്ങള്‍ പ്രാദേശിക ഭാഷയിലാണോ പ്രസിദ്ധീകരിച്ചിട്ടുള്ളത് എന്നത് മുതല്‍ ആര്‍ടിഐ നല്‍കാനുള്ള ഫീയടക്കമുള്ള ആറ് മാനദണ്ഡങ്ങളായിരുന്നു റിപ്പോര്‍ട്ട് തയ്യാറാക്കാനായി ഉപയോഗിച്ചത്. റിപ്പോര്‍ട്ടില്‍ ഓരോ ഹൈക്കോടതിയുടെയും റാങ്കിങ്ങും എന്തുകൊണ്ടാണ് അവര്‍ക്ക് അതാത് റാങ്ക് ലഭിച്ചതെന്നും എന്തൊക്കെയാണ് ഇനി ചെയ്യേണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിയമങ്ങളുടെ നടത്തിപ്പും മറ്റും കൂടുതല്‍ എളുപ്പമാക്കുന്നതു സംബന്ധിച്ച് ഗവേഷണം നടത്തുന്ന സ്വതന്ത്ര്യ ഏജന്‍സിയാണ് വിധി സെന്റര്‍ ലീഗല്‍ പോളിസി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.