/indian-express-malayalam/media/media_files/uploads/2017/08/hadiya-1.jpg)
(ഫയൽ - ഫോട്ടോ)
ഡോ ഹാദിയയെ കാണാനില്ലെന്നും, മലപ്പുറം സ്വദേശിയായ സൈനബ അടക്കമുള്ളവര്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി അച്ഛനായ അശോകൻ നൽകിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിൽ വിശദീകരണം ആരാഞ്ഞ് ഹൈക്കോടതി. കേസില്‍ എതിർ കക്ഷികളായ ഡി.ജി.പിക്കും മലപ്പുറം എസ്.പിക്കും കോടതി നോട്ടീസ് അയച്ചു. ഈ മാസം 15ന് കേസ് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് അനു ശിവരാമന്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഭര്‍ത്താവ് ഷഫിന്‍ ജഹാനും അയാളുമായി ബന്ധമുള്ള ചിലരുമാണ് മകളെ അനധികൃതമായി തടങ്കലില്‍ വച്ചിരിക്കുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. മകളെ കണ്ടെത്താനായില്ലെന്ന് കാണിച്ച് വൈക്കം സ്വദേശിയായ പിതാവ് കെ എം അശോകനാണ് കേരള ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയത്. താനും ഭാര്യയും മകളെ ഫോണിൽ വിളിക്കുകയും പിന്നീട് ക്ലിനിക്കിലേക്ക് പോവുകയും ചെയ്‌തിരുന്നുവെന്നും, കഴിഞ്ഞ ഒരു മാസമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ലെന്നും അശോകൻ വ്യക്തമാക്കിയിരുന്നു.
ഈ വാർത്ത വന്നതിന് പിന്നാലെ തന്നെ ഹാദിയയുടെ ടെലിവിഷൻ അഭിമുഖവും പ്രത്യക്ഷപ്പെട്ടിരുന്നു. അഭിമുഖത്തിൽ തന്റെ അച്ഛൻ എന്തിനാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് അറിയില്ലെന്നാണ് ഹാദിയ പറഞ്ഞത്. അച്ഛനെ സംഘപരിവാർ ഒരു ടൂൾ ആയി ഉപയോഗിക്കുകയാണെന്ന് ആരോപിച്ച ഹാദിയ, അച്ഛൻ അതിന് നിന്നുകൊടുക്കുന്നതാണ് സങ്കടകരമെന്നും പറഞ്ഞു.
മലപ്പുറം ജില്ലയിൽ ഒരു ക്ലിനിക്ക് നടത്തിവരികയായിരുന്നു ഹാദിയ. വിവാഹമോചിതയായ ശേഷം തിരുവനന്തപുരത്തേക്ക് താമസം മാറി. കോട്ടയത്തെ ഈഴവ കുടുംബത്തിൽ കെ എം അഖില എന്ന പേരിൽ ജനിച്ച ഹാദിയ തമിഴ്‌നാട്ടിൽ മെഡിസിൻ പഠിക്കുമ്പോഴാണ് ഇസ്‌ലാമിലേക്ക് ആകർഷിക്കപ്പെടുന്നത്. പിന്നീട്, അവർ ആ വിശ്വാസം സ്വീകരിച്ചു. അതിന് ശേഷം ഗൾഫിൽ ജോലി ചെയ്തിരുന്ന ഷെഫിൻ ജഹാനെ വിവാഹം കഴിക്കുകയും ചെയ്യുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട്, അശോകനു വേണ്ടി അഭിഭാഷകരായ സി രാജേന്ദ്രന്‍, ബി കെ ഗോപാലകൃഷ്ണന്‍, ആര്‍ എസ് ശ്രീദിവ്യ, മനു എം എന്നിവരാണ് ഹാജരായത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.