തിരൂർ: മതം മാറിയതിന്റെ പേരില്‍ ആർഎസ്എസ് പ്രവര്‍ത്തര്‍ കൊലപ്പെടുത്തിയ കൊടിഞ്ഞിയിലെ ഫൈസലിന്റെ കുടുംബം ഇസ്‍ലാം മതം സ്വീകരിച്ചു. ഫൈസലിന്റെ രണ്ട് സഹോദരിമാരും സഹോദരീഭര്‍ത്താവും ഉള്‍പ്പെടെ എട്ടുപേരാണ് ഇസ്‍ലാം മതം സ്വീകരിച്ചത്. പൊന്നാനിയിലെ മൗനാത്തുള്‍ ഇസ്‍ലാം സഭയില്‍ മതം മാറിയത് രേഖപ്പെടുത്തി.
ഇവര്‍ ഇപ്പോള്‍ ഇസ്ലാം മതത്തിന്റെ പ്രാഥമിക പാഠങ്ങള്‍ പഠിക്കുകയാണ്. ഫൈസലിന്റെ മരണത്തിന് പിന്നാലെ അമ്മ മീനാക്ഷിയും ഇസ്ലാം മതം സ്വീകരിച്ചിരുന്നു. കഴിഞ്ഞ നവംബര്‍ 16നാണ് തിരൂരങ്ങാടി കൊടിഞ്ഞിയില്‍ വച്ച് ഫൈസല്‍ കൊല്ലപ്പെട്ടത്. പുല്ലാണി കൃഷ്ണന്‍ നായരുടെയും മീനാക്ഷിയുടെയും മകനായ അനില്‍കുമാര്‍ ഇസ്ലാം മതം സ്വീകരിച്ച് ഫൈസല്‍ എന്ന പേര് സ്വീകരിച്ചതിന് പിന്നാലെയായിരുന്നു കൊലപാതകം. ഫറൂഖ് നഗറിലെ വഴിയരികില്‍ തലയ്ക്കും കഴുത്തിലും ആഴത്തില്‍ മുറിവേറ്റ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്.
തൊട്ടടുത്ത ഞായറാഴ്ച ഗള്‍ഫിലേക്ക് പോകാനിരുന്ന തന്നെ കാണാനെത്തിയ ഭാര്യാപിതാവിനെ കൂട്ടിക്കൊണ്ടുവരാന്‍ താനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. തനിക്ക് ബന്ധുക്കളില്‍ നിന്നുതന്നെ ഭീഷണിയുള്ളതായി ഫൈസല്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. മരണത്തിന് രണ്ട് ദിവസം മുമ്പ് പ്രാദേശിക ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരും ഇയാളെ ഭീഷണിപ്പെടുത്തിയതായി ഒരു സുഹൃത്ത് മാധ്യമങ്ങളെ അറിയിച്ചു.
16 പേരാണ് കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ അറസ്റ്റിലായത്. ആര്‍എസ്എസ് തിരൂര്‍ കാര്യവാഹക് മഠത്തില്‍ നാരായണന്‍, ഫൈസലിന്റെ ഭാര്യാസഹോദരന്‍ വിനോദ്, വിശ്വഹിന്ദു പരിഷത്ത് തിരൂരങ്ങാടി താലൂക്ക് സെക്രട്ടറി കോട്ടശ്ശേരി ജയകുമാര്‍ എന്നിവരുള്‍പ്പെടെയാണ് പോലീസ് പിടിയിലായത്. കുറ്റം ചുമത്തപ്പെട്ടവരെല്ലാം പിന്നീട് ജാമ്യത്തിലിറങ്ങി.