തിരുവനന്തപുരം: ചെന്പനോടയിൽ ആത്മഹത്യ ചെയ്ത കർഷകൻ ജോയിയുടെ കടബാധ്യത സർക്കാർ തീർക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് തുക അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഭൂവനേശ്വറില്‍ നടന്ന 22-ാമത് ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ മലയാളി കായിക താരങ്ങള്‍ക്ക് പ്രോത്സാഹനമായി കാഷ് അവാര്‍ഡ് നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

അധികൃതർ ഭൂനികുതി സ്വീകരിക്കാത്തതിനെ തുടർന്നാണ് ജോയി വില്ലേജ് ഓഫീസിന്‍റെ വരാന്തയിൽ ജീവനൊടുക്കിയത്. ജോയി ജീവനൊടുക്കിയതിനു കാരണക്കാരനായ വില്ലേജ് അസിസ്റ്റന്‍റ് സിലീഷ് തോമസ് പിന്നീട് പോലീസിൽ കീഴടങ്ങിയിരുന്നു. ജോയിയുടെ കുടുംബത്തിന് ചക്കിട്ടപ്പാറ സഹകരണ ബാങ്കില്‍ 13.16 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. കൂടാതെ മകള്‍ക്ക് വിദ്യാഭ്യാസ വായ്പയെടുത്ത വകയില്‍ പൂഴിത്തോട് യൂണിയന്‍ ബാങ്കില്‍ 3.31 ലക്ഷം രൂപയുടെ ബാധ്യതയും ഉണ്ട്. ഈ രണ്ട് ബാധ്യതകളും തീര്‍ക്കാനുളള തുക ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും. ഭൂമിയുടെ തര്‍ക്കം പരിഹരിച്ച് നികുതി ഈടാക്കുന്നതിന് കോഴിക്കോട് കളക്ടറെ ചുമതലപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.

ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണ്ണം നേടിയവര്‍ക്ക് 10 ലക്ഷം രൂപയും വെളളി നേടിയവര്‍ക്ക് 7 ലക്ഷം രൂപയും വെങ്കലം നേടിയവര്‍ക്ക് 5 ലക്ഷം രൂപയും നല്‍കും. ടീമിനത്തില്‍ സ്വര്‍ണ്ണം നേടിയവര്‍ക്ക് 5 ലക്ഷം രൂപയും വെളളി നേടിയവര്‍ക്ക് 3.5 ലക്ഷം രൂപയും വെങ്കലം നേടിയവര്‍ക്ക് 2.5 ലക്ഷം രൂപയുമാണ് നല്‍കുക.

കേരള സാഹിത്യ അക്കാദമി, കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍, കെടിട്ട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം നടപ്പിലാക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. സൂപ്പര്‍ന്യൂമററി തസ്തികയില്‍ നിയമിതരായ എല്‍ഡി ക്ലാര്‍ക്ക്, ഓഫീസ് അറ്റന്‍ഡന്റ്, പ്യൂണ്‍ കം പ്രൊസസ് സെര്‍വര്‍ എന്നിവര്‍ക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമിതരായ 12 പാര്‍ട്ട് ടൈം സ്വീപ്പര്‍മാര്‍ക്കും ധനവകുപ്പ് നിര്‍ദ്ദേശിച്ച വ്യവസ്ഥകള്‍ക്കനുസരിച്ച് ശമ്പളപരിഷ്‌കരണം ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ