കൊച്ചി: ഫെബ്രുവരി 17ന് രാവിലെ കേരളം ഞെട്ടിക്കുന്ന വാർത്ത കേട്ടാണ് ഉണർന്നത്. പ്രശസ്ത നടിയെ അങ്കമാലി അത്താണിക്കു സമീപം തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം എന്നതായിരുന്നു വാർത്ത. നടിയുടെ മുന്‍ ഡ്രൈവര്‍ കൂടിയായ പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു അക്രമം. ഓടുന്ന വാഹനത്തിനുള്ളില്‍ നടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച അക്രമികള്‍, അതിന്റെ ദൃശ്യങ്ങളും പകര്‍ത്തിയശേഷം കൊച്ചി കാക്കനാട് ഭാഗത്ത് ഇറക്കിവിട്ടു. തുടര്‍ന്ന്, നിര്‍മാതാവും നടനും സംവിധായകനുമായ ലാലിന്റെ വീട്ടില്‍ നടി അഭയം തേടുകയായിരുന്നു. ഡ്രൈവര്‍ മാര്‍ട്ടിന്‍ ആന്റണിക്കൊപ്പമാണ് നടി ലാലിന്റെ വീട്ടിലെത്തിയത്. നിര്‍മാതാവ് ആന്റോ ജോസഫ്, തൃക്കാക്കര എംഎല്‍എ പി.ടി. തോമസ് എന്നിവരെ വിവരമറിയിച്ച ലാല്‍, സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തു.

നടി ആക്രമിക്കപ്പെട്ടത് ദേശീയ തലത്തിൽ തന്നെ വാർത്തയും ചർച്ചയും ആയതോടെ കേരളാ പൊലീസ് ഉണർന്നു. കേസിലെ പ്രതിയായ ഡ്രൈവര്‍ മാര്‍ട്ടിന്‍ ആന്റണിയെ അന്നുതന്നെ അറസ്റ്റു ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ക്രിമിനല്‍ സംഘാംഗങ്ങളായ ആലപ്പുഴ സ്വദേശി വടിവാള്‍ സലിം, കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവര്‍ പിറ്റേന്ന് പിടിയിലായി. തമ്മനം സ്വദേശി മണികണ്ഠന്‍ പിടിയിലായതോടെയാണ് ക്വട്ടേഷന്‍ സാധ്യതയെക്കുറിച്ച് അന്വേഷണ സംഘത്തിനു സൂചന ലഭിച്ചത്. സംഭവം നടന്ന് ആറാം ദിവസം കോടതിയില്‍ കീഴടങ്ങാനെത്തിയ മുഖ്യപ്രതി പള്‍സര്‍ സുനിയെയും കൂട്ടാളി വിജീഷിനെയും അറസ്റ്റു ചെയ്തതാണ് കേസില്‍ നിര്‍ണായകമായത്. അതീവ രഹസ്യമായി കോടതി മുറിയില്‍ പ്രവേശിച്ച ഇരുവരെയും അതിനാടകീയമായിട്ടാണ് കൊച്ചി പൊലീസ് പിടികൂടിയത്. പൾസറിനെ അറസ്റ്റ് ചെയ്ത രീതിയെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തിയെങ്കിലും ഒരാഴ്ചക്കുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്യാനായത് കേരളാ പൊലീസിന്റെ മികവ് തെളിയിക്കുന്നത് തന്നെയായിരുന്നു.

മുഖ്യപ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയുടെ മൊഴിമാറ്റങ്ങളാണു കേസില്‍ വീണ്ടും വഴിത്തിരിവുണ്ടാക്കിയത്. പണത്തിനു വേണ്ടി താനാണു കുറ്റം ചെയ്തതെന്ന് ആദ്യം മൊഴി നല്‍കിയ സുനി, രണ്ടു മാസം മുന്‍പാണു ഗൂഢാലോചന സംബന്ധിച്ച വെളിപ്പെടുത്തല്‍ ആദ്യം നടത്തിയത്. ആദ്യഘട്ടത്തില്‍ സുനിലിന്റെ മൊഴി പൊലീസ് മുഖവിലയ്‌ക്കെടുത്തില്ല. എന്നാല്‍, മൊഴികള്‍ സാധൂകരിക്കുന്ന തെളിവുകള്‍ പുറത്തു വരാന്‍ തുടങ്ങിയതോടെ അന്വേഷണ സംഘം നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ ചോദ്യം ചെയ്തു. സുനിയുടെ സഹതടവുകാരനായിരുന്ന ജിൻസന്റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. പള്‍സര്‍ സുനി ജയിലില്‍നിന്നു നാദിര്‍ഷായെയും അപ്പുണ്ണിയേയും വിളിച്ച് പണം ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നതും ഇതോടെയാണ്. പിന്നീടു സുനിൽ ജയിലിൽനിന്നു മറ്റൊരാളുടെ സഹായത്തോടെ ദിലീപിന് എഴുതിയ കത്തും പുറത്തായി. എന്നാൽ ദിലീപിന്റെ പരാതിയിൽ ഇതുവരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടില്ല.‌ ജയിലിലേക്ക് ഒളിച്ചു കടത്തിയ മൊബൈൽ ഫോണിലൂടെയും ജയിലിലെ ലാൻഡ് ഫോണിൽനിന്നു സുനിൽ നാദിർഷായെയും അപ്പുണ്ണിയെയും വിളിച്ചതായും തിരിച്ചു ജയിലിലേക്കു സുനിലിന് ഇവരുടെ വിളിയെത്തിയതായും ഫോൺ രേഖകളിൽനിന്നു പൊലീസിനു വ്യക്തമായിട്ടുണ്ട്

നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനത്തിലും പരിശോധന നടത്തി. സുനിലിന്റെ മൊഴിയനുസരിച്ചാണ് ഇതെന്നായിരുന്നു പൊലീസ് നല്‍കിയ സൂചന. ദിലീപ് നായകനായി പുറത്തിറങ്ങിയ അവസാന ചിത്രം ‘ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനില്‍ സുനില്‍കുമാര്‍ എത്തിയതിന്റെ തെളിവുകളും ലഭിച്ചതോടെ കൂടുതല്‍ നടപടികളിലേക്കു പൊലീസ് കടക്കുകയായിരുന്നു. ജയിലിലെ സുനിയുടെ സഹതടവുകാരനായിരുന്ന ജിന്‍സന്‍ നല്‍കിയ വിവരങ്ങളും അന്വേഷണത്തില്‍ നിര്‍ണായകമായി.

ഞായറാഴ്ച ഡിജിപി ലോക്‌നാഥ് ബെഹ്‌റ അന്വേഷണ സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് അന്വേഷണ പുരോഗതി വിലയിരുത്തി. ഇതുവരെ ലഭിച്ച തെളിവുകള്‍ കോര്‍ത്തിണക്കാന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞതോടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്കു കടക്കാന്‍ അനുമതി ലഭിച്ചു. നടിയെ ഉപദ്രവിച്ച കേസിന്റെ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും ഡിജിപി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഐജി ദിനേന്ദ്ര കശ്യപ് കൊച്ചിയില്‍ത്തന്നെ തുടര്‍ന്ന് അന്വേഷണത്തിനു നേതൃത്വം നല്‍കണമെന്നും ഡിജിപി നിര്‍ദേശം നല്‍കി. അന്വേഷണത്തിനു കൃത്യമായ ഏകോപനം ഉണ്ടാകണമെന്നും ഡിജിപി നിര്‍ദേശം നല്‍കി.

ഇത്തരത്തിൽ അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും അപ്പുറം നീണ്ട അന്വേഷണത്തിനൊടുവിൽ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ