മതത്തിന്റെ അതിർത്തികൾക്ക് അപ്പുറത്തേക്ക് വളരുന്ന സഹജീവി സ്നേഹത്തിന്റെ കാഴ്ചയ്ക്കാണ് കായംകുളത്തെ ചേരാവള്ളി പള്ളിയങ്കണം ഇന്ന് സാക്ഷിയായത്. നിർധനയായ ഹിന്ദു പെൺകുട്ടിയുടെ വിവാഹം നടത്തികൊടുത്ത്, മതം മനുഷ്യസ്നേഹത്തിനേക്കാൾ വലുതല്ലെന്ന സന്ദേശം പകർന്നിരിക്കുകയാണ് ചേരാവള്ളിയിലെ മുസ്ലീം ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ. ഇന്നലെ രാവിലെ 11:30 നും 12: 30 നും ഇടയിലായിരുന്നു കായംകുളം സ്വദേശിയായ അഞ്ജുവും ശരത്തും തമ്മിലുള്ള വിവാഹം.

മകളുടെ വിവാഹം നടത്തികൊടുക്കാൻ തന്നെ കൊണ്ട് കഴിയില്ലെന്നു വന്നതോടെയാണ് അഞ്ജുവിന്റെ അമ്മ ബിന്ദു ജമാഅത്ത് കമ്മറ്റിയുടെ സഹായം തേടിയത്. രണ്ട് വർഷങ്ങൾക്ക് മുൻപ് ഹൃദയാഘാതം മൂലം അഞ്ജുവിന്റെ പിതാവ് അശോകൻ മരണപ്പെട്ടതിൽ പിന്നെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളിലായിരുന്നു അഞ്ജുവിന്റെ കുടുംബം. സഹായം​ അഭ്യർത്ഥിച്ച് എത്തിയ ബിന്ദുവിനെ സഹായിക്കാനും മകൾ അഞ്ജുവിന്റെ വിവാഹം നടത്തികൊടുക്കാനും ജമാ അത്ത് കമ്മിറ്റി സെക്രട്ടറി നുജുമുദ്ദീൻ ആലുംമൂട്ടിലിന്റെ നേതൃത്വത്തിൽ ഭാരവാഹികൾ ഒത്തുചേർന്ന് തീരുമാനം എടുക്കുകയായിരുന്നു.

വിവാഹത്തിനുള്ള പൂർണ ചെലവും ജമാ അത്ത് കമ്മിറ്റി വഹിച്ചു. പെൺകുട്ടിയ്ക്ക് പത്ത് പവൻ സ്വർണവും വസ്ത്രങ്ങളും നൽകിയതിനു പുറമെ രണ്ടു ലക്ഷത്തോളം രൂപ വധൂവരന്മാരുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കാനും ജമാ അത്ത് കമ്മിറ്റി മുൻകയ്യെടുത്തു. വിവാഹത്തിന് ജമാഅത്ത് കമ്മറ്റി തയ്യാറാക്കിയ വിവാഹക്ഷണകത്തും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം നിരവധിപേരാണ് ജമാഅത്ത് കമ്മറ്റിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. കേരളത്തിലെ മതസൗഹാർദ്ദത്തിന്റെ ഉദാഹരണമായാണ് സംഭവത്തെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. വധൂവരന്മാരെ ആശംസിച്ചതിനൊപ്പം പള്ളിക്കമ്മറ്റിയെ അഭിനന്ദിക്കാനും മുഖ്യമന്ത്രി മറന്നില്ല.

“മതസാഹോദര്യത്തിന്റെ മനോഹരമായ മാതൃകകൾ കേരളം എക്കാലത്തും ഉയർത്തിപ്പിടിച്ചിട്ടുണ്ട്. ആ ചരിത്രത്തിലെ പുതിയൊരേടാണ് ഇന്ന് ചേരാവള്ളിയിൽ രചിക്കപ്പെട്ടത്. ചേരാവള്ളി മുസ്ലീം ജമായത്ത് പള്ളിയിൽ തയ്യാറാക്കിയ കതിർ മണ്ഡപത്തിൽ ചേരാവള്ളി അമൃതാഞ്ജലിയിൽ ബിന്ദുവിന്റേയും പരേതനായ അശോകന്റേയും മകൾ അഞ്ജുവും കൃഷ്ണപുരം കാപ്പിൽ കിഴക്ക് തോട്ടേതെക്കടത്ത് തറയിൽ ശശിധരന്റേയും മിനിയുടേയും മകൻ ശരത്തും വിവാഹിതരായി. ഭർത്താവിന്റെ മരണത്തെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട ബിന്ദു മകളുടെ വിവാഹത്തിനായി പള്ളിക്കമ്മിറ്റിയുടെ സഹായം തേടുകയും, അവർ സന്തോഷപൂർവ്വം അത് ഏറ്റെടുക്കുകയും ചെയ്തു. മതത്തിന്റെ പേരിൽ മനുഷ്യരെ ഭിന്നിപ്പിക്കാൻ ആസൂത്രിത ശ്രമം നടക്കുന്ന സമയത്താണ് ആ വേലിക്കെട്ടുകൾ തകർത്തുകൊണ്ട് മുന്നേറാൻ ഇവർ നാടിനാകെ പ്രചോദനമാകുന്നത്. വധൂവരൻമാർക്കും കുടുംബാംഗങ്ങൾക്കും പള്ളി കമ്മിറ്റിക്കും ഇതിനായി പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു. കേരളം ഒന്നാണ്; നമ്മൾ ഒറ്റക്കെട്ടാണ് എന്ന് കൂടുതൽ ഉച്ചത്തിൽ നമുക്ക് പറയാം – ഈ സുമനസ്സുകൾക്കൊപ്പം,” മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

Read more: ഒടുവിൽ ഭാഗ്യദേവത കനിഞ്ഞു; അമ്പരന്ന് പൊലീസ് സഹായം തേടി ഇതര സംസ്ഥാന തൊഴിലാളി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.