തിരുവനന്തപുരം. സംസ്ഥാന ബജറ്റ് ജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതായിരിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ സംസ്ഥാന പുരോഗതിക്കു തിരിച്ചടിയാണെന്നും മന്ത്രി വിമര്‍ശിച്ചു. മാതൃഭൂമി ന്യൂസിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
“ജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന ബജറ്റ് തന്നെയായിരിക്കും. കേരളത്തിന്റെ എല്ലാ മേഖലയിലും പുരോഗതി ഉണ്ടാക്കാന്‍ പറ്റുന്ന തരത്തിലേക്കുള്ള കാര്യങ്ങളായിരിക്കും ഉള്‍പ്പെടുത്തുക. മാജിക്ക് ഒന്നും ചെയ്യാനാകില്ല, ബജറ്റ് അവതരിപ്പിക്കുന്ന സമയത്ത് ആളുകള്‍ ആകര്‍ഷിക്കാന്‍ വേണ്ടി ചെയ്യാം,” മന്ത്രി പറഞ്ഞു.
“ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമ്പത്തികമായി പുരോഗതി കൈവരിക്കാന്‍ സഹായകരമായ കാര്യങ്ങളെ ചെയ്യാന്‍ പറ്റൂ. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ വളരെ പ്രശ്നമാണ്. ഭരണപരമായ കാര്യക്ഷമത വര്‍ധിപ്പിച്ച് ജനങ്ങളെല്ലാം ചേര്‍ന്ന് പ്രവർത്തിച്ചാല്‍ പ്രശ്നങ്ങള്‍ മറികടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്,” മന്ത്രി കൂട്ടിച്ചേര്‍ത്തു.
“കിഫ്ബിക്കു നിര്‍ദേശങ്ങള്‍ നല്‍കേണ്ടതില്ലെന്നു കഴിഞ്ഞ തവണയും എംഎല്‍എമാര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു. ഇതുപോലുള്ളവ പൊതുകാര്യങ്ങളാണ്. അത് ഓരോ മണ്ഡലാടിസ്ഥാനത്തില്‍ പറയുന്നതല്ല. കേന്ദ്ര സമീപനം കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തില്‍ തന്നെയാണ്. ഫീസും നികുതികളും സംസ്ഥാന സര്‍ക്കാരിന്റെ ധനാഗമന മാര്‍ഗങ്ങളാണ്. അതില്‍ കാലോചിതമായ മാറ്റങ്ങള്‍ എപ്പോഴും നടക്കുന്നതാണ്,” അദ്ദേഹം പറഞ്ഞു.
ജി എസ് ടി നടപ്പിലാക്കിയതോടെ സംസ്ഥാനത്തിന്റെ നികുതിക്കുള്ള സാധ്യതകള്‍ കുറഞ്ഞു. കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് പ്രതികൂലമായ സമീപനമുണ്ടെങ്കിലും പെന്‍ഷന്‍ നല്‍കുന്നതു നിര്‍ത്താന്‍ പദ്ധതിയില്ല, തുടരും. ജനങ്ങള്‍ക്കു പരമാവധി വരുമാനവും തൊഴിലും ലഭിക്കുന്ന നിര്‍ദേശങ്ങളാകും ബജറ്റില്‍ ഉണ്ടാവുകയെന്നും മന്ത്രി പറഞ്ഞു.