കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബിന്റേയും താഹ ഫസലിന്റേയും ജാമ്യ ഹർജി കോടതി ഇന്ന് പരിഗണിക്കും. കൊച്ചിയിലെ എൻഐഎ കോടതിയാണ് ഇരുവരുടേയും ജാമ്യ ഹർജി പരിഗണിക്കുന്നത്. എന്നാൽ ജാമ്യാപേക്ഷയെ എതിർക്കാനാണ് ദേശീയ അന്വേഷണ ഏജൻസിയുടെ തീരുമാനം.
കസ്റ്റഡി ചോദ്യം ചെയ്യൽ അവസാനിച്ചെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ഇരുവരും ജാമ്യ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം പതിനെട്ടിന് എൽ എൽ ബി പരീക്ഷയെഴുതാൻ അലനെ കോടതി അനുവദിച്ചിരുന്നു. പാലയാട് ലീഗൽ സ്റ്റഡീസ് ക്യാമ്പസിൽ നിയമബിരുദ വിദ്യാർത്ഥിയായ അലന് ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവ് മുഖേനയാണ് പരീക്ഷയെഴുതിയത്. മതിയായ ഹാജരടക്കം പരിഗണിച്ച് പരീക്ഷയെഴുതാനുള്ള ആവശ്യത്തെ സർവ്വകലാശാലയും എതിർത്തിരുന്നില്ല.
Read More: Donald Trump India Visit LIVE Updates: നമസ്തേ ട്രംപ്: പ്രധാനമന്ത്രി ഉടൻ അഹമ്മദാബാദിലേക്ക് പുറപ്പെടും
സിപിഎം പ്രവർത്തകരായിരുന്ന താഹയ്‌ക്കും അലനുമെതിരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണു യുഎപിഎ പ്രകാരം പൊലീസ് കേസെടുത്തത്. തുടർന്ന് കേസ് എൻഐഎക്ക് വിടുകയായിരുന്ന. യുവാക്കളിൽനിന്ന് മാവോയിസ്റ്റ് ലഘുലേഖകളും പെൻഡ്രൈവും കണ്ടെടുത്തതായി പൊലീസ് പറഞ്ഞിരുന്നു.
അലനും താഹയും മാവോയിസ്റ്റുകൾ തന്നെയെന്ന് കഴിഞ്ഞദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു. പാർട്ടിക്കുള്ളിൽ നിന്ന് മാവോയിസ്റ്റ് പ്രവർത്തനം നടത്തിയ ഇരുവരെയും പാർട്ടി പുറത്താക്കിയെന്നും ഇപ്പോൾ അവർ സിപിഎമ്മുകാരല്ലെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.
“പന്തീരാങ്കാവില്‍ അറസ്റ്റിലായവര്‍ മാവോയിസ്റ്റുകള്‍ തന്നെയാണ്. അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതാണ്. സിപിഎമ്മിനുള്ളില്‍ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയതിനാണ് അവരെ പുറത്താക്കിയത്. അവർ ഒരേ സമയം സിപിഎമ്മിലും മാവോയ്സ്റ്റിലും പ്രവർത്തിച്ചു,” എന്നായിരുന്നു കോടിയേരി പറഞ്ഞത്.
പാർട്ടിയുടെ ഏരിയ കമ്മിറ്റിയാണ് ഇരുവരെയും പുറത്താക്കിയതെന്നും ഏരിയ കമ്മിറ്റിയുടെ തീരുമാനം ജില്ല കമ്മിറ്റി ശരിവച്ചുവെന്നും കോടിയേരി അറിയിച്ചിരുന്നു. ഒരു മാസം മുമ്പ് തന്നെ ഇരുവരേയും പുറത്താക്കിയതാണ്. ഇന്നലെ സംസ്ഥാന കമ്മിറ്റി ഇക്കാര്യം പരിശോധിച്ചതാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. മാവോയിസ്റ്റിന് സിന്ദാബാദ് വിളിച്ചവരല്ലേ അതുതന്നെ വ്യക്തമായ തെളിവല്ലേയെന്നും കോടിയേരി ചോദിച്ചിരുന്നു.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും അലനും താഹയും മാവോയ്സ്റ്റുകളാണെന്ന നിലപാട് ആവർത്തിച്ചിരുന്നു. എന്നാൽ ഇതാദ്യമായാണ് ഇരുവരെയും പുറത്താക്കിയതായി സിപിഎം പ്രഖ്യാപിക്കുന്നത്.