കോട്ടയം: മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ടു ചേര്‍ന്ന സര്‍വക്ഷി യോഗം കാര്യമായ തീരുമാനങ്ങളൊന്നുമെടുക്കാതെ പിരിഞ്ഞതോടെ മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കല്‍ വിഷയത്തില്‍ വീണ്ടും കടുത്ത അനിശ്ചിതത്വം രൂപപ്പെട്ടിരിക്കുന്നു. ഞായറാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വന്‍കിട കൈയേറ്റങ്ങള്‍ ഉടന്‍ ഒഴിപ്പിക്കുമെന്നും കൈയേറ്റക്കാരോടു ദാക്ഷിണ്യമുണ്ടാകില്ലെന്നും പ്രസ്താവിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങളൊന്നുമുണ്ടായില്ലെന്നതാണ് യാഥാര്‍ഥ്യം.

ഇടുക്കിയിലെ ജില്ലാ ഭരണകൂടവും റവന്യൂ വകുപ്പും കഴിഞ്ഞ ഏതാനും മാസങ്ങളായി കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട നടപടികള്‍ ശക്തമാക്കിയിരുന്നു. മൂന്നാറില്‍ നിര്‍മിക്കുന്ന വ്യാവസായികാവശ്യത്തിനുള്ള കെട്ടിടങ്ങള്‍ക്കെല്ലാം ജില്ലാ കലക്ടറുടെ മുന്‍കൂര്‍ എന്‍ഒസി വാങ്ങണമെന്ന 2010-ലെ ഹൈക്കോടതി ഉത്തരവ് ഏതാനും മാസങ്ങള്‍ക്കു മുമ്പ് ജില്ലാ ഭരണകൂടം പ്രാബല്യത്തിലാക്കിയിരുന്നു. ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം ദേവികുളം സബ് കലക്ടറായ ശ്രീറാം വെങ്കിട്ടരാമന്‍ ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളിലായി കലക്ടറുടെ എന്‍ഒസി വാങ്ങാത്ത വ്യാവസായിക നിര്‍മാണങ്ങള്‍ക്കെതിര കര്‍ശന നടപടി തുടങ്ങിയിരുന്നു. ജില്ലാ കലക്ടറുടെ എന്‍ഒസി വാങ്ങാത്ത 108 റിസോര്‍ട്ടുകള്‍ക്കു സ്‌റ്റോപ് മെമ്മോ നല്‍കി നടപടികള്‍ക്കു തുടക്കമിടുകയും സബ് കലക്ടര്‍ ചെയ്തിരുന്നു.

റവന്യു വകുപ്പിന്റെയും മന്ത്രിയുടെയും പിന്‍തുണ കൂടി ലഭിച്ചതോടെ മൂന്നാറിലും പരിസര പ്രദേശങ്ങളിലുമായുള്ള കൈയേറ്റങ്ങള്‍ക്കെതിരായ നടപടികള്‍ തുടങ്ങുകയും ചെയ്തു. ഇത്തരം നടപടികളുടെ ഭാഗമായി ടൗണിലും പരിസര പ്രദേശങ്ങളിലുമുള്ള നൂറുകണക്കിന് ചെറുകിട കൈയേറ്റങ്ങളാണ് റവന്യൂ സംഘം ചുരുങ്ങിയ കാലത്തിനുള്ളില്‍ ഒഴിപ്പിച്ചത്. എന്നാല്‍ ഒഴിപ്പിക്കല്‍ നടപടികള്‍ സിപിഎം പ്രദേശിക നേതാക്കളിലേക്കും എസ്.രാജേന്ദ്രന്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികളിലേക്കും എത്തുമെന്നറിഞ്ഞതോടെ സിപിഎമ്മാണ് കൈയേറ്റമൊഴിപ്പിക്കലിനു നേതൃത്വം നല്‍കുന്ന റവന്യൂ വകുപ്പിനെതിരായി രംഗത്തെത്തിയത്. സബ് കലക്ടര്‍ക്കെതിരായി ഇരുപതു ദിവസത്തിലധികം നീണ്ട സമരം നടത്തിയെങ്കിലും ഇത് എങ്ങുമെത്താതെ അവസാനിപ്പിക്കേണ്ടിവരുകയും ചെയ്തു. എന്നാല്‍ ഇതിനിടെ റവന്യൂ വകുപ്പ് പാപ്പാത്തി ചോലയിൽ കൈയേറ്റഭൂമിയിലെന്ന് റവന്യൂവകുപ്പ് കണ്ടെത്തിയ കുരിശ് നീക്കുകയും കൈയേറ്റം ഒഴിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഈ സംഭവം മുഖ്യമന്ത്രിയുടെ വിമര്‍ശനം ക്ഷണിച്ചുവരുത്തുകയും വന്‍ വിവാദമാകുകയും ചെയ്തതോടെ കൈയേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ക്ക് അകാല ചരമം സംഭവിക്കുകയായിരുന്നു.

ഞായറാഴ്ച ഇതുമായി ബന്ധപ്പെട്ടു സര്‍വക്ഷി യോഗം ചേര്‍ന്ന കൈയേറ്റമൊഴിപ്പിക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും ഇനി കൈയേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ നടത്താനാവുമോയെന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കു പോലും സംശയമുണ്ട്. ഇതുവരെ തുടര്‍ന്നുവന്നിരുന്ന കൈയേറ്റമൊഴിപ്പിക്കല്‍ തുടരുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും യോഗത്തില്‍ ഉണ്ടായില്ലെന്നതാണ് യാഥാര്‍ഥ്യം. പത്തുസെന്റ് വരെയുള്ള കൈയേറ്റങ്ങള്‍ക്കെതിരായി തല്‍ക്കാലം നടപടി വേണ്ടായെന്ന തീരുമാനമുള്ളതിനാല്‍ പത്തുസെന്റില്‍ കെട്ടിപ്പൊക്കിയിരിക്കുന്ന ഭൂരിഭാഗം റിസോര്‍ട്ടുകള്‍ക്കുമെതിരായി നടപടിയുണ്ടാകുമോയെന്ന കാര്യത്തിലും വ്യക്തതയില്ല. സര്‍ക്കാര്‍ തലത്തില്‍ നിന്നു വ്യക്തമായ നിര്‍ദേശമുണ്ടാകാതെ ഇനി കൈയേറ്റത്തിനെതിരായി മുന്നോട്ടു പോകാനാവില്ലെന്ന നിലപാടിലാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാടെന്നാണ് വിവരം.

റവന്യൂ മന്ത്രിയുടെയും വകുപ്പിന്റെയും പൂര്‍ണപിന്തുണയോടെ നടത്തിയ പാപ്പാത്തിചോല ഒഴിപ്പിക്കല്‍ സംഭവത്തിലും കുരിശുപൊളിക്കല്‍ സംഭവത്തിലും കലക്ടറെയും സബ് കലക്ടറെയും ബലിയാടാക്കിയെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ക്കിടയില്‍ വികാരമുണ്ട്. സര്‍ക്കാരും മുഖ്യമന്ത്രിയും കടുത്ത വിമര്‍ശനം ഉന്നയിച്ചപ്പോഴും ഇതിനെ ചെറുത്ത് ഉദ്യോഗസ്ഥരെ പിന്തുണയ്ക്കാന്‍ റവന്യൂ മന്ത്രിക്കു കഴിഞ്ഞില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു . അതുകൊണ്ടുതന്നെ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിച്ച ശേഷം മാത്രം മതി ഒഴിപ്പിക്കല്‍ നടപടികളിലേക്കു കടന്നാല്‍ മതിയെന്ന ചിന്തയിലാണ് റവന്യു ഉദ്യോഗസ്ഥര്‍. എന്നാല്‍ ഇത്തരം നിര്‍ദേശങ്ങളൊന്നും ഇതുവരെ സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാകാത്തതിനാല്‍ കൈയേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ ഇനി എന്നുമുതല്‍ തുടങ്ങുമെന്ന കാര്യത്തിലും വ്യക്തതയില്ലായെന്നതാണ് യാഥാര്‍ഥ്യം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.