കൊച്ചി: തട്ടേക്കാട് ബോട്ട് ദുരന്തക്കേസിലെ പ്രതി ബോട്ടുടമയും ഡ്രൈവറുമായ കുട്ടമ്പുഴ സ്വദേശി പി.എം.രാജുവിനെതിരെ ചുമത്തിയ ബോധപൂർവമായ നരഹത്യാക്കുറ്റം ഹൈക്കോടതി റദ്ദാക്കി. കണക്കിൽ കൂടുതൽ യാത്രക്കാരെ വീണ്ടുവിചാരമില്ലാതെയും അശ്രദ്ധമായും ബോട്ടിൽ കയറ്റിയതിനുള്ള കുറ്റം നിലനിൽക്കുമെന്ന് കണ്ട് ഹൈക്കോടതി പരമാവധി ശിക്ഷയായ രണ്ട് വർഷം കഠിനതടവ് വിധിച്ചു. ബോധപൂർവമായ നരഹത്യാക്കുറ്റം കണക്കിലെടുത്ത് എറണാകുളം സെഷൻസ് കോടതി രാജുവിന് അഞ്ച് വർഷം കഠിന തടവും ഒരു ലക്ഷത്തി അമ്പതിനായിരം രൂപ പിഴയും വിധിച്ചിരുന്നു.
വിചാരണ കോടതി വിധിക്കെതിരെ രാജു സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. മരിച്ച കുട്ടികളുടെ ബന്ധുക്കൾക്ക് കുടുതൽ നഷ്ടപരിഹാരം തേടി ലീഗൽ സർവിസ് അതോറിറ്റിയെ സമീപിക്കാനും കോടതി അനുമതി നൽകി.
Read Also: ശരീര ഭാരം കുറയ്ക്കാൻ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ
ബോട്ടിൽ യാത്രക്കാരെ കയറ്റുമ്പോൾ മനഃപൂർവം നരഹത്യ നടത്തണമെന്ന ഉദ്ദേശ്യം പ്രതിക്കുണ്ടായിരുന്നില്ലെന്നും ഇതിന് തെളിവില്ലെന്നുമുള്ള പ്രതിഭാഗം വാദം കോടതി കണക്കിലെടുത്തു. എന്നാൽ, ആറ് പേർക്ക് കയറാവുന്ന ബോട്ടിൽ 61 പേരെ കയറ്റിയപ്പോൾ അപകട സാധ്യത കണക്കിലെടുത്തില്ലേയെന്ന് കോടതി ചോദിച്ചു. ബോട്ട് രൂപമാറ്റം വരുത്തിയതാണെന്നും മതിയായ സുരക്ഷയും അനുമതികളും ഇല്ലെന്ന വിവരം പ്രതിക്കറിയാമായിരുന്നുവെന്നും കോടതി വിലയിരുത്തി.
2008ലാണ് എളവൂർ സെന്റ്.ആന്റണീസ് സ്കൂളിലെ വിദ്യാർഥികൾ കയറിയ ശിവരഞ്ജിനി എന്ന ബോട്ട് പെരിയാറിൽ തട്ടേക്കാട് മുങ്ങിയത്. 15 കുട്ടികളടക്കം 18 പേരാണ് അപകടത്തിൽ മരിച്ചത്.