scorecardresearch

കേരളത്തില്‍ സര്‍ക്കാരുണ്ടാക്കാമെന്നത് പ്രധാനമന്ത്രിയുടെ അതിരുകവിഞ്ഞ മോഹം: മുഖ്യമന്ത്രി

മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ വിജയത്തിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍

Pinarayi Vijayan
Photo: Facebook/ Pinarayi Vijayan

തിരുവനന്തപുരം: കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിയുടേത് അതിരുകവിഞ്ഞ മോഹമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പിണറായി വിജയന്റെ പ്രതികരണം.

ന്യൂനപക്ഷങ്ങള്‍ എന്തൊക്കെ പ്രയാസങ്ങളനുഭവിക്കുന്നുണ്ടെന്നും അതിനു കാരണക്കാര്‍ ആരാണെന്നും തീവ്രമായ അനുഭവങ്ങളിലൂടെ ബോധ്യമുള്ളവരാണ് ഈ നാട്ടുകാര്‍. സംഘപരിവാറില്‍ നിന്ന് കൊടിയ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപി അനുകൂല നിലപാടിലെത്താനാവില്ല, മുഖ്യമന്ത്രി കുറിച്ചു.

ചില താല്‍ക്കാലിക ലാഭങ്ങള്‍ക്കായി ആരെങ്കിലും നടത്തുന്ന നീക്കുപോക്കുകള്‍ ന്യൂനപക്ഷത്തിന്‍റെ പൊതുസ്വഭാവമാണെന്ന് കരുതുന്നത് ഭീമാബദ്ധമാണ്. വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തിന്‍റെ മണ്ണില്‍ സ്ഥാനമുണ്ടാകില്ലെന്ന് ഈ നാട് എക്കാലത്തും വ്യക്തമാക്കിയിട്ടുണ്ട്. മതനിരപേക്ഷതയുടെ കേരളമാതൃക രാജ്യത്താകെ വേരുറപ്പിക്കുന്ന നാളുകളാണ് വരാനുള്ളത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ വിജയത്തിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പോലെ കേരളത്തിലും സര്‍ക്കാരുണ്ടാക്കുമെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് കേരളം കൊള്ളയടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

“വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിലും സംഭവിച്ചത് പോലെ കേരളത്തിലും സംഭവിക്കും. സർക്കർ രൂപീകരിച്ച് ബിജെപി അധികാരത്തിലെത്തും. കേരളത്തിലെ ജനങ്ങൾക്ക് യഥാർത്ഥ ബദലായി ബിജെപി മാറും. ബിജെപിക്കെതിരെ കേരളത്തിൽ നിലനിൽക്കുന്ന മിഥ്യാധാരണകൾ തകർക്കപ്പെടും,” മോദി കൂട്ടിച്ചേര്‍ത്തു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: That wont happen in kerala cm vijayan slams modi