/indian-express-malayalam/media/media_files/2026/01/24/shashi-tharoor-2026-01-24-08-11-20.jpg)
ശശി തരൂർ (എക്സ്പ്രസ് ഫയൽ ചിത്രം)
ന്യൂഡൽഹി: ഈ മാസമാദ്യം വയനാട്ടിൽ നടന്ന കോൺഗ്രസിൻ്റെ ദ്വിദിന ചിന്തൻ ശിബിരത്തിനിടെ, ശശി തരൂർ കേരളത്തിലെ തന്റെ സഹപ്രവർത്തകരുമായി കുറിപ്പുകൾ കൈമാറുന്നതും ഗൗരവകരമായ ചർച്ചകളിൽ ഏർപ്പെടുന്നതുമായ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. നാല് തവണ തിരുവനന്തപുരം എം.പിയായ തരൂരും പാർട്ടി നേതൃത്വവും തമ്മിലുള്ള ഭിന്നതകൾ ഒടുവിൽ പരിഹരിക്കപ്പെട്ടുവെന്ന സൂചനയാണ് ഇത് നൽകിയത്.
എന്നാൽ ഏപ്രിലിൽ നടക്കാനിരിക്കുന്ന നിർണായകമായ കേരള നിയമസഭാ തിരഞ്ഞെടുപ്പിനായി കോൺഗ്രസ് ഒരുങ്ങുന്ന ഈ വേളയിലും, അവർക്കിടയിൽ ചില അസ്വാരസ്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നൽകുന്നതിനായി എഐസിസി വെള്ളിയാഴ്ച ഉച്ചയ്ക്ക് ഡൽഹിയിൽ കേരളത്തിലെ മുതിർന്ന നേതാക്കളുമായി നടത്തിയ നിർണായക യോഗത്തിൽ തരൂരിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു.
Also Read: എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ ട്വന്റി ട്വന്റിയില്‍ പൊട്ടിത്തെറി; ഒരു വിഭാഗം കോണ്‍ഗ്രസിലേക്ക്
സംസ്ഥാന കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തിന്റെ അസാന്നിധ്യത്തെ ലഘൂകരിച്ച് കാണിക്കാൻ ശ്രമിച്ചെങ്കിലും, ഇത് വീണ്ടും വലിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്. ഒരിക്കൽ താൻ നയിക്കാൻ ആഗ്രഹിച്ച പാർട്ടിയിൽ ഇപ്പോൾ തന്നെ അവഗണിക്കുന്നതായും ആവശ്യമില്ലാത്ത ഒരാളായി കാണുന്നതായും ഉള്ള അമർഷം തരൂരിനുണ്ടെന്നാണ് അറിയുന്നത്.
അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ, തകർച്ച നേരിടുന്ന കോൺഗ്രസ് പാർട്ടിക്ക് വിജയസാധ്യതയുള്ള ഏക സംസ്ഥാനം കേരളമാണ്. തമിഴ്നാട്ടിൽ കോൺഗ്രസ് ഒരു ചെറിയ കക്ഷിയാണെങ്കിൽ, പശ്ചിമ ബംഗാളിൽ പലവിധത്തിലും പാർട്ടി ഒരു നിസാര ശക്തി മാത്രമാണ്. അസമിലെ തിരഞ്ഞെടുപ്പ് പോരാട്ടം പാർട്ടിയെ സംബന്ധിച്ചിടത്തോളം അത്യന്തം വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ സമ്മതിക്കുന്നു.
പല വിഷയങ്ങളിലും ശശി തരൂരും ദേശീയ-സംസ്ഥാന തലങ്ങളിലുള്ള കോൺഗ്രസ് നേതൃത്വവും തമ്മിൽ ഒരേ അഭിപ്രായത്തിലല്ല ഉള്ളത്. ഇത് അദ്ദേഹത്തിന്റെ പാർട്ടിയിലെ ഭാവിയെക്കുറിച്ച് പലവിധ ഊഹാപോഹങ്ങൾക്കും വഴിതെളിക്കുകയും, അദ്ദേഹം ഒരു വിമതനായിവളർന്നുവരുന്നു എന്നൊരു ധാരണ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.
Also Read: കേരളത്തിൽ കുതിച്ചുപായാൻ 3 അമൃത് ഭാരത്; 4 പുതിയ ട്രെയിനുകൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
2009-ൽ തന്റെ രാഷ്ട്രീയ യാത്ര ആരംഭിച്ച തരൂർ, സംസ്ഥാന-ദേശീയ വിഷയങ്ങളിൽ തന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ഒരിക്കലും മടികാണിച്ചിട്ടില്ല. ഇത് കോൺഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന് വലിയ രീതിയിലുള്ള അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. വയനാട് ക്യാമ്പിനും വെള്ളിയാഴ്ച നടന്ന എഐസിസി യോഗത്തിനുമിടയിൽ എന്ത് മാറ്റമാണുണ്ടായതെന്നാണ് ഇപ്പോൾ കോൺഗ്രസ് വൃത്തങ്ങൾക്കിടയിൽ ഉയരുന്ന ചോദ്യം.
ഈ ആഴ്ച ആദ്യം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്ത കൊച്ചിയിലെ കോൺഗ്രസ് മഹാപഞ്ചായത്തിൽ ശശി തരൂർ അങ്ങേയറ്റം അപമാനിതനായി എന്നാണ് അറിയാൻ കഴിയുന്നത്. പ്രസംഗത്തിന്റെ തുടക്കത്തിൽ വേദിയിലുണ്ടായിരുന്ന മിക്ക നേതാക്കളുടെയും പേരെടുത്തു പറഞ്ഞ രാഹുൽ ഗാന്ധി, തരൂരിന്റെ പേര് പരാമർശിച്ചില്ല.
രാഹുൽ ഗാന്ധി തരൂരിനെ അഭിവാദ്യം ചെയ്തില്ലെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു. രാഹുൽ ഗാന്ധി വേദിയിലെത്തുന്നതിന് മുമ്പ് പ്രസംഗം അവസാനിപ്പിക്കാൻ സംസ്ഥാന നേതൃത്വം തരൂരിനോട് ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗമായ തരൂർ അത് അനുസരിക്കുകയും രാഹുൽ വേദിയിലെത്തി മിനിറ്റുകൾക്കുള്ളിൽ പ്രസംഗം നിർത്തുകയും ചെയ്തു. എന്നാൽ, ഇതിനുശേഷം വർക്കിങ് കമ്മിറ്റി അംഗങ്ങളല്ലാത്തവർ ഉൾപ്പെടെ ആറോളം നേതാക്കൾ രാഹുലിന്റെ സാന്നിധ്യത്തിൽ പ്രസംഗിച്ചത് തരൂരിനെ അത്ഭുതപ്പെടുത്തിയെന്നാണ് വിവരം.
പന്ത്രണ്ടോളം നേതാക്കളുടെ പേര് പറഞ്ഞിട്ടും രാഹുൽ തന്നെ ഒഴിവാക്കിയതിൽ തരൂരിന് അതൃപ്തിയുണ്ട്. ശനിയാഴ്ച കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ രണ്ട് പരിപാടികളിൽ പങ്കെടുക്കേണ്ടതിനാലാണ് വെള്ളിയാഴ്ചത്തെ യോഗത്തിന് എത്താൻ കഴിയാത്തതെന്ന് തരൂർ എഐസിസി കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുൻഷിയെയും ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെയും അറിയിച്ചിരുന്നു. എന്നാൽ തരൂരിന്റെ അതൃപ്തിയെക്കുറിച്ച് വേണുഗോപാലിനും ദീപാ ദാസ് മുൻഷിക്കും അറിവുണ്ടായിരുന്നു എന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
Also Read: മാറാത്തത് ഇനി മാറും; വരാൻ പോകുന്ന കേരളത്തിന്റെ ഭാവി മാറ്റുന്ന തിരഞ്ഞെടുപ്പെന്ന് നരേന്ദ്ര മോദി
തന്റെ ആത്മാഭിമാനത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നും പാർട്ടിക്കൊരിക്കലും തന്നെ നിസാരമായി കാണാൻ കഴിയില്ലെന്നുമാണ് തരൂരിന്റെ നിലപാടെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു. എന്നാൽ ഈ വിഷയത്തിൽ പ്രതികരണത്തിനായി തരൂരിനെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല.
തിരഞ്ഞെടുപ്പ് കാഴ്ചപ്പാടിൽ ഏറെ പ്രാധാന്യമുള്ളതായിരുന്നു എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന വെള്ളിയാഴ്ചത്തെ യോഗം. രാഹുൽ ഗാന്ധിയും ഇതിൽ പങ്കെടുത്തിരുന്നു. സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ സൗഹാർദപരമായും സ്ഥാനാർത്ഥി നിർണയം സുഗമമായും പൂർത്തിയാക്കാൻ ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തോട് നിർദേശിച്ചു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടുന്ന പതിവ് കോൺഗ്രസിനില്ലെങ്കിലും, ഏകോപനവും ഐക്യവും ഉറപ്പാക്കുന്നതിനായി ക്യാമ്പെയ്ൻ, മാനിഫെസ്റ്റോ കമ്മിറ്റികൾ ഉൾപ്പെടെയുള്ള പ്രധാന തിരഞ്ഞെടുപ്പ് സമിതികൾ പാർട്ടിക്ക് രൂപീകരിക്കേണ്ടതുണ്ട്. അടുത്ത ആഴ്ച തിരുവനന്തപുരത്ത് കെപിസിസി തിരഞ്ഞെടുപ്പ് സമിതി യോഗം ചേരാനും അവിടെ ഈ പ്രധാന വിഷയങ്ങളെല്ലാം ചർച്ച ചെയ്ത് തീരുമാനമെടുക്കാനും യോഗത്തിൽ തീരുമാനമായി.
Read More: ശബരിമല സ്വർണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us