കൊച്ചി: നര്‍ത്തകനും ടെലിവിഷൻ അവതാരകനും നടി താരാ കല്യാണിന്റെ ഭര്‍ത്താവുമായ രാജാറാം അന്തരിച്ചു. പനി ബാധിച്ച് കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു. പനി ബാധിച്ച് ജൂണിലാണ് രാജാറാമിനെ കൊച്ചി അമൃത ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

ഈ മാസം 22 ന് അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു. കുറച്ച് ദിവസങ്ങളായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

സീരിയലിലും സിനിമയിലും ചെറുവേഷങ്ങളുമായി നിറഞ്ഞ നടനാണ് രാജാറാം. പ്രാദേശിക ചാനലുകളില്‍ അവതാരകനുമായിരുന്നു. മലയാള ചിത്രങ്ങളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടായിരുന്നു രാജാറാമിന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. പിന്നീട് കൊറിയോ ഗ്രാഫര്‍, ചാനല്‍ അവതാരകന്‍ എന്ന നിലയിലും രാജാറാം ശ്രദ്ധേയനായി.

നൃത്ത അദ്ധ്യാപകനെന്ന നിലയിലാണ് കലാരംഗത്ത് കൂടുതല്‍ ശ്രദ്ധേയനായത്. ഭാര്യ താരകല്ല്യാണുമൊത്തും നൃത്ത വേദികളില്‍ എത്തിയിരുന്നു. ഭാര്യയും മകളേയും നൃത്ത രംഗത്ത് സജീവ സാന്നിധ്യമായി നിലനിര്‍ത്തിയതും രാജാറാമിന്റെ പ്രോത്സാഹനമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ