കൊച്ചി: 22 പേരുടെ മരണത്തിന് കാരണമായ താനൂർ ബോട്ട് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം നീളില്ലെന്ന് ചുമതലയുളള റിട്ട. ജസ്റ്റിസ് വി കെ മോഹൻ. “ജുഡീഷ്യൽ അന്വേഷണം നീളില്ല. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കും. ഉദ്യോഗസ്ഥ തല വീഴ്ചകൾ പരിശോധിക്കുന്നതായിരിക്കും. കുറ്റക്കാരെ വെളിച്ചത്ത് കൊണ്ടുവരും,” ഏഷ്യാനെറ്റ് ന്യൂസിനോട് അദ്ദേഹം പറഞ്ഞു.
അപകടത്തെക്കുറിച്ച് റിട്ട. ജസ്റ്റിസ് വി കെ മോഹനന്‍ ചെയര്‍മാനായ ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷിക്കാനുള്ള തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണുണ്ടായത്. നീലകണ്ഠന്‍ ഉണ്ണി (റിട്ട. ചീഫ് എഞ്ചിനീയര്‍, ഇന്‍ലാന്റ് വാട്ടര്‍വേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ), സുരേഷ് കുമാര്‍ (ചീഫ് എഞ്ചിനീയര്‍, കേരള വാട്ടര്‍വേയ്‌സ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്) എന്നീ സാങ്കേതിക വിദഗ്ധരും അംഗങ്ങളായിരിക്കും.
ദുരന്തത്തില്‍ മരിച്ച 22 പേരുടെയും കുടുംബത്തിലെ അനന്തരാവകാശികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷം രൂപാവീതം ധന സഹായം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവരുടെ ചികിത്സാചെലവ്, രക്ഷാപ്രവര്‍ത്തനം എന്നിവയ്ക്കായി 25 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഇതുകൂടാതെ പരിക്കേറ്റവരുടെ തുടര്‍ ചികിത്സാ ചെലവ് വഹിക്കുവാനും മന്ത്രിസഭായോഗം തീരുമാനിച്ചു.